ശരീരത്തില്‍ ദുര്‍ഗന്ധമുണ്ടെന്നു ആരോപിച്ച് ദമ്പതികളെയും 19 മാസം പ്രായമുള്ള കുഞ്ഞിനെയും വിമാനത്തില്‍ നിന്ന് പുറത്താക്കി. മിഷിഗണ്‍ ദമ്പതികളെയും കുഞ്ഞിനേയുമാണ് അമേരിക്കന്‍ എയര്‍ലൈന്‍സ് പുറത്താക്കിയത്. മറ്റ് യാത്രക്കാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് ഇവരെ പുറത്താക്കിയതെന്ന് എയര്‍ലൈന്‍സ് വ്യക്തമാക്കി.
യോസി ആഡ്‌ലര്‍ അദ്ദേഹത്തിന്റെ ഭാര്യ ജെന്നി അവരുടെ 19 മാസം പ്രായമുള്ള കുഞ്ഞ് എന്നിവരെയാണ് അമേരിക്കന്‍ എയര്‍ലൈന്‍സില്‍ നിന്ന് പുറത്താക്കിയത്. ബുധനാഴ്ച രാത്രി മിയാമി എയര്‍പോര്‍ട്ടിലാണ് ദമ്പതികള്‍ക്ക് ദുരനുഭവമുണ്ടായത്. ഒരു അടിയന്തിര കാര്യം പറയാനുണ്ടെന്നും പറഞ്ഞ് ഉദ്യോഗസ്ഥര്‍ ഞങ്ങളെ വിമാനത്തില്‍ നിന്ന് പുറത്തേക്കിറക്കുകയായിരുന്നുവെന്ന് യോസി ആഡ്‌ലര്‍ പറഞ്ഞു. എന്നാല്‍ ദമ്പതികള്‍ കാര്യം എന്താണെന്ന് തിരക്കിയപ്പോള്‍ ഈ വിമാനത്തില്‍ യാത്ര ചെയ്യാന്‍ കഴിയില്ലെന്നും നിങ്ങളുടെ ശരീരത്തില്‍ നിന്ന് ദുര്‍ഗന്ധം വരുന്നുണ്ടെന്നും വിമാന കമ്പനി ഉദ്യോഗസ്ഥര്‍ പറഞ്ഞതായി യോസി ആഡ്‌ലര്‍ പറഞ്ഞു. പക്ഷേ ഇതല്ല യഥാര്‍ഥ കാരണമെന്നും ഞങ്ങള്‍ ജൂതന്‍മാരായതിനാല്‍ വംശീയമായി അധിക്ഷേപിക്കുകയായിരുന്നെന്ന് ദമ്പതികള്‍ വ്യക്തമാക്കി.
അതേസമയം, അമേരിക്കന്‍ എയര്‍ലൈന്‍സ് ആഡ്‌ലറുടെ പ്രസ്താവന നിരസിച്ചു. വിമാനത്തിലെ മറ്റ് യാത്രക്കാര്‍ പരാതിപ്പെട്ടതിനാലാണ് അദ്ദേഹത്തെ പുറത്താക്കിയത്. മിയാമി എയര്‍പോര്‍ട്ട് ടീം യാത്രക്കാരുടെ ആവശ്യത്തിനാണ് പ്രധാന്യം നല്‍കിയത്. ഞങ്ങള്‍ ആഡ്‌ലറിനും കുടുംബത്തിനും ഹോട്ടലില്‍ റൂം ബുക്ക് ചെയ്തു ഭക്ഷണം നല്‍കി.പിറ്റേ ദിവസം ഡെട്രോയിറ്റിലേക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്ത് നല്‍കിയെന്നും വിമാന കമ്പനി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
എന്നാല്‍ ഞാന്‍ പിറ്റേദിവസം യാത്രചെയ്തത് അതേ വസ്ത്രം ധരിച്ചിട്ടാണ്. വിമാന കമ്പനി ഉദ്യോഗസ്ഥര്‍ അലക്കിയ വസ്ത്രം തന്നിരുന്നില്ല. ആ സമയത്ത് ശരീരത്തില്‍ നിന്ന് ആര്‍ക്കും ദുര്‍ഗന്ധം അനുഭവപ്പെട്ടില്ല. അദ്ദേഹം ആവര്‍ത്തിച്ചു.