അമരാവതി: രാജ്യത്തെ വര്‍ദ്ധിക്കുന്ന ജനസംഖ്യയില്‍ ഒരു വിഭാഗം ആശങ്കപ്പെടുമ്പോള്‍ ജനസംഖ്യാനിയന്ത്രണം ലക്ഷ്യമാക്കിയുള്ള കുടുംബാസൂത്രണത്തെ തള്ളി ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. നാം രണ്ട്, നമുക്ക് രണ്ട് എന്ന ചിന്ത മാറണമെന്നും ഓരോ വീട്ടിലും രണ്ടിലധികം കുട്ടികള്‍ ഉള്ളതാണ് നല്ലതെന്നും നാല് കുട്ടികളെങ്കിലും വേണമെന്ന് ആഗ്രഹമുള്ളവരെ പ്രോത്സാഹിപ്പിക്കണമെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു. അമരാവതിയില്‍ ഒരു പൊതു ചടങ്ങില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇപ്രകാരം ആഹ്വാനം ചെയ്തത്.
ഇന്നത്തെ തലമുറ വിവാഹത്തില്‍ നിന്ന് അകലുകയാണ്. അവര്‍ വിവാഹം വേണ്ടെന്ന അഭിപ്രായം പറയുന്നത് ഞെട്ടല്‍ ഉളവാക്കുന്നതാണ്. ഇനി വിവാഹം ചെയ്താല്‍ കുട്ടികള്‍ വേണ്ടെന്നാണ് അവര്‍ പറയുന്നത്. ഈ പ്രവണതയും ഞെട്ടിക്കുന്നു. മനുഷ്യവിഭവശേഷി നാടിന്റെ വളര്‍ച്ചയ്ക്ക് അത്യാവശ്യമാണ്.
ഒരു കുട്ടിയെങ്കിലും വേണമെന്നുള്ളത് ഒരു ഉത്തരവാദിത്വമായി കരുതണമെന്നും നായിഡു പറഞ്ഞു. പത്ത് വര്‍ഷത്തിനുള്ളില്‍ ഏറ്റവും വിജയകരമായി കുടുംബാസൂത്രണം നടപ്പാക്കിയ സംസ്ഥാനമാണ് ആന്ധ്രാ പ്രദേശ്. ഇതോടെ ജനന നിരക്ക് കുറഞ്ഞെന്ന് നായിഡു പറയുന്നു.
ജനസംഖ്യാനിയന്ത്രണം നടപ്പാക്കിയ ജപ്പാനും ചൈനയും യൂറോപ്യന്‍ രാജ്യങ്ങളിലും ഈ നീക്കം കൊണ്ടുണ്ടായ പ്രശ്‌നങ്ങള്‍ വലുതാണ്. മരണ നിരക്ക് കൂടുന്നത് അനുസരിച്ച ജനന നിരക്ക് വര്‍ധിക്കാത്തത് പ്രശ്‌നങ്ങളുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ, രണ്ട് കുട്ടികളില്‍ കൂടുതലുള്ളവരുടെ വോട്ടവകാശം റദ്ദാക്കണമെന്ന് യോഗ ഗുരു ബാബാ രാംദേവ് അഭിപ്രായപ്പെട്ടിരുന്നു. രാജ്യത്തെ ജനസംഖ്യ നിയന്ത്രിക്കാന്‍ രണ്ട് കുട്ടികളില്‍ കൂടുതലുള്ളവവരുടെ വോട്ടവകാശം, തൊഴില്‍, ചികിത്സ തുടങ്ങിയ സൗകര്യങ്ങള്‍ എടുത്തു കളയണമെന്ന് രാംദേവ് പറഞ്ഞു. ഹിന്ദു ആയാലും മുസ്ലിം ആയാലും ഈ നിബന്ധനകള്‍ ഇരുവര്‍ക്കും ബാധകമാണ്. എന്നാല്‍ മാത്രമേ ജനസംഖ്യ നിയന്ത്രിക്കാന്‍ സാധിക്കുകയുള്ളുവെന്നും രാംദേവ് കൂട്ടിച്ചേര്‍ത്തു.
മുസ്ലീങ്ങളും '2 കുട്ടികള്‍' എന്ന ആശയം പിന്തുടരണമെന്നും, 'ഞങ്ങള്‍ (ഹിന്ദുക്കള്‍) ഒരു കുടുംബത്തില്‍ രണ്ട് കുട്ടികള്‍ എന്ന പരിധി നിശ്ചയിച്ചിട്ടുള്ളതെങ്കില്‍, അവര്‍ (മുസ്ലീങ്ങള്‍) ഇതേ നിയമങ്ങള്‍ പാലിക്കണം. 'ഇത്' ഇങ്ങനെ തുടരുകയാണെങ്കില്‍, രാജ്യം മുന്നോട്ട് പോകുന്നത് എങ്ങനെയെന്നും ബിജെപി നേതാവ് ഗുലാബ്ചന്ദ് കതാരിയ പറഞ്ഞിരുന്നു.