ന്യൂഡല്‍ഹി: അപ്രതീക്ഷിതമായി രാഷ്ട്രീയ പ്രവേശനം നടത്തിയ പ്രിയങ്ക ഗാന്ധിയെ പരിഹസിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ യോഗി ആദിത്യനാഥ്. പ്രിയങ്ക ഗാന്ധിയുടെ കോണ്‍ഗ്രസ് ഭാരവാഹിത്വം ബിജെപിയെ ബാധിക്കില്ലെന്നായിരുന്നു യോഗിയുടെ പരിഹാസം.
പൂജ്യവും പൂജ്യവും ചേര്‍ന്നാല്‍ പൂജ്യം തന്നെയായിരിക്കും ഫലമെന്നും പ്രിയങ്കയുടെ കോണ്‍ഗ്രസ് ഭാരവാഹിത്വത്തെ കുറിച്ചുള്ള പ്രതികരണത്തിനിടെ യോഗി വ്യക്തമാക്കി.
പ്രിയങ്കയയ്ക്കൊപ്പം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും ലക്ഷ്യമിട്ടായിരുന്നു യോഗിയുടെ പ്രയോഗം.2014, 2017 തിരഞ്ഞെടുപ്പില്‍ പ്രിയങ്ക പാര്‍ട്ടിയെ നയിച്ചിട്ടുണ്ടെന്നും അപ്പോഴെല്ലാം കോണ്‍ഗ്രസിന് തകര്ച്ചയാണുണ്ടായതെന്നും യോഗി വ്യക്തമാക്കി.
അതേസമയം, രാഹുലിന് ഒറ്റക്ക് ഒന്നും ചെയ്യാന്‍ പറ്റാത്തതിനാലാണ് സഹോദരിയെ സഹായത്തിന് വിളിച്ചതെന്നായിരുന്നു ലോക്സഭാ സ്പീക്കര്‍ സുമിത്ര മഹാജന്റെ പ്രതികരണം. തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു ഉത്തര്‍പ്രദേശ് ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായിട്ടുള്ള പ്രിയങ്കയുടെ കടന്നുവരവ്. സോണിയാ ഗാന്ധിയുടെ സ്വന്തം മണ്ഡലമായ റായ്ബറേലിയില്‍ നിന്ന് പ്രിയങ്ക മത്സരിച്ചേക്കുമെന്ന വാര്‍ത്തയും പുറത്ത് വന്നിട്ടുണ്ട്.
ഗോരഖ്പ്പൂര്‍ ഉള്‍പ്പടെയുള്ള സംസ്ഥാനത്തെ രാഷ്ട്രീയ പ്രാധാന്യമേറിയ മണ്ഡലങ്ങള്‍ ഉള്‍പ്പടെയുള്ള കിഴക്കന്‍ യു.പിയിലാണ് പ്രിയങ്കയ്ക്ക് ചുമതല നല്‍കിയിരിക്കുന്നത്.