ന്യൂദല്‍ഹി- മൂന്ന് മാസത്തിനകം ഇന്ത്യയില്‍ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിന് സജീവ മുന്നൊരുക്കങ്ങളിലാണ് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍. സോഷ്യല്‍ മീഡിയ നിര്‍ണായകമായ പങ്കുവഹിച്ച 2014-ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനു ശേഷം രാജ്യത്ത് സ്മാര്‍ട്‌ഫോണ്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തിലും ഇന്റര്‍നെറ്റ് ലഭ്യതയിലുമുണ്ടായ സ്‌ഫോടനാത്മക വളര്‍ച്ച 2019-ലെ തെരഞ്ഞെടുപ്പിനെ ഒരു വാട്‌സാപ്പ് തെരഞ്ഞെടുപ്പാക്കി മാറ്റുമെന്നാണ് നിരീക്ഷണം. ഇന്ത്യയിലെ പ്രഥമ 'വാട്‌സാപ്പ് തെരഞ്ഞെടുപ്പ്' ആയിരിക്കും ഇത്തവണത്തേതെന്ന് പ്രഖ്യാപിച്ചത് ബിജെപിയുടെ സോഷ്യല്‍ മീഡിയ വിഭാഗം മേധാവി ആണ്. ബിജെപിയുടെ അണിയറ നീക്കങ്ങളിലേക്ക് വിരല്‍ചൂണ്ടുന്ന ഒരു സുപ്രധാന പ്രഖ്യാപനമായിരുന്നു ഇത്. വാട്‌സാപ്പിനെ ഉപയോഗിച്ച് വ്യാജ വാര്‍ത്തകളും വിദ്വേഷ സന്ദേശങ്ങളും പ്രചരിപ്പിച്ച് വോട്ടുണ്ടാക്കാനുള്ള ബി.ജെ.പിയുടെ നീക്കങ്ങള്‍ മുമ്പില്‍ വാട്‌സാപ്പിന്റെ വ്യാജവാര്‍ത്താ നിയന്ത്രണ സംവിധാനങ്ങള്‍ പോലും ഫലവത്തല്ലെന്നാണ് ഇതു സംബന്ധിച്ച് പഠിച്ച വിദഗ്ധര്‍ പറയുന്നത്.
രാഷ്ട്രീയ സന്ദേശങ്ങളും ട്രോളുകളും മീമുകളും പ്രചരിപ്പിക്കാനായി കോടികള്‍ മുടക്കിയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ വാട്‌സാപ്പ് ഗ്രൂപ്പുകള്‍ ക്രിയേറ്റ് ചെയ്തു കൊണ്ടിരിക്കുന്നത്. ഈ രംഗത്ത് സര്‍വജ്ജരായ കര്‍മസേനയും വന്‍സാമ്പത്തിക പിന്‍ബലവുമുള്ള ബിജെപി തന്നെ വ്യാജവാര്‍ത്താ പ്രചാരണത്തിനു മുന്നിലുള്ളതും. ഇന്ത്യയിലോട്ടാകെയുള്ള 9,27,533 പോളിങ് ബൂത്തുകള്‍ കേന്ദ്രീകരിച്ച് പ്രത്യേക വാട്‌സാപ്പ് ഗ്രൂപ്പുകളാണ് ബിജെപിക്കുള്ളതെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ഓരോ ഗ്രൂപ്പിലും പരമാവധി 256 അംഗങ്ങളാണ് ഉള്ളത്. ഇവര്‍ മുഖേന ഏഴു കോടി ജനങ്ങളിലേക്ക് നേരിട്ടെത്തുക എന്നതാണ് തന്ത്രം. 130 കോടിയോളം ജനസംഖ്യയുള്ള രാജ്യത്ത് ഇതു വളരെ ചെറുതാണെന്നു തോന്നിയേക്കാമെങ്കിലും ഇതുണ്ടാക്കിയേക്കാവുന്ന സ്വാധീനം വളരെ നിര്‍ണായകമായേക്കാം. ബിജെപി കാര്യക്ഷമമായി സോഷ്യല്‍ മീഡയയെ ഉപയോഗപ്പെടുത്തിയ 2014-ലെ അപേക്ഷിച്ച് സോഷ്യല്‍ മീഡിയയുടേയും സ്മാര്‍ട്‌ഫോണുകളുടേയും വ്യാപനത്തില്‍ ഇരട്ടിയോളം വര്‍ധനയാണ് ഉണ്ട്ായിട്ടുള്ളത്.
2014-ല്‍ 21 ശമതാനം ഇന്ത്യക്കാരില്‍ മാത്രമാണ് സ്മാര്‍ട്‌ഫോണ്‍ ഉണ്ടായിരുന്നതെങ്കില്‍ 2019-ല്‍ അത് 39 ശതമാനമായി ഉയര്‍ന്നിരിക്കുന്നു. ഇവരില്‍ 90 ശതമാനം ഉപഭോക്താക്കളും വാട്‌സാപ്പ് ഉപയോഗിക്കുന്നവരാകാം. ഈ സാധ്യത മുന്‍ നിര്‍ത്തിയാണ് ബിജെപിയുടെ നീക്കങ്ങള്‍. ഇന്ത്യയിലെ ഇപ്പോഴത്തെ വാട്‌സാപ്പ് ട്രെന്‍ഡ് വ്യാജ വാര്‍ത്തകളുടേയും അഭ്യൂഹങ്ങളുടേയും വിദ്വേഷ ഉള്ളടക്കങ്ങളുടേയും പ്രചാരണമാണെന്ന് ഒരു യാഥാര്‍ത്ഥ്യമാണ്. നിരന്തരം തള്ളിക്കൊണ്ടിരിക്കുന്ന ഈ വ്യാജവാര്‍ത്തകളും ചിത്രങ്ങളും പ്രധാനമായും ഫോര്‍വേഡ് സന്ദേശങ്ങളാണ്. ഹിന്ദുത്വ പാര്‍ട്ടിയായ ബിജെപിയാണ് ഈ ട്രെന്‍ഡിന് ഇന്ധനം നല്‍കുന്നതെന്ന് വിദഗ്ധര്‍ പറയുന്നതായി അമേരിക്കന്‍ മാധ്യമമായ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 'ഒരിടത്ത് ഇരുന്ന് മേസേജുകള്‍ ഫോര്‍വാഡ് ചെയ്യല്‍ മാത്രം ജോലിയാക്കിയ വളന്റിയര്‍മാരുടെ ഒരു സേന തന്നെ ഉണ്ട്. വാട്‌സാപ്പ് നിയന്ത്രണമേര്‍പ്പെടുത്തിയതോടെ ഒറ്റയടിക്ക് ഇനി ഇവര്‍ക്ക് 20 പേര്‍ക്ക് സന്ദേശം അയക്കാനാവില്ല. അതുകൊണ്ട് അഞ്ചു പേര്‍ക്കു വീതം ഇവര്‍ സന്ദേശങ്ങളയക്കുന്നു,' ഇന്ത്യയിലെ വാട്‌സാപ്പ് വിദ്വേഷ പ്രചാരണങ്ങളെ കുറിച്ച് പഠിക്കുന്ന ഓക്‌സ്‌ഫെഡ് യൂണിവേഴ്‌സിറ്റിയിലെ റോയിട്ടേഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഗവേഷണ ഫെലോ സോമ ബസു പറയുന്നു. വ്യാജ പ്രചാരണങ്ങള്‍ ആള്‍ക്കുട്ട കൊലപാതകങ്ങള്‍ക്ക് കാരണമായതോടെയാണ് ഇന്ത്യയില്‍ ഈ മേസെജ് നിയന്ത്രണം വാട്‌സാപ്പ് നടപ്പിലാക്കിയത്. ഏതാനും ദിവസം മുമ്പ് ലോകത്തൊട്ടാകെ വാട്‌സാപ്പ് ഇതു പ്രാബല്യത്തിലാക്കി.
ബിജെപി പ്രചാരണം ഇങ്ങനെ
വോട്ടര്‍മാരുടെ വ്യക്തിഗത വിവരങ്ങള്‍ രഹസ്യമായി ശേഖരിച്ചാണ് ബിജെപിയുടെ വാട്‌സാപ്പ് പ്രചാരണങ്ങള്‍. കഴിഞ്ഞ വര്‍ഷം കോളിളക്കം സൃഷ്ടിച്ച കാംബ്രിജ് അനലിറ്റിക്ക ഡാറ്റാമോഷണ വിവാദത്തിനു സമാനമാണ് ഇതെന്ന് ബിജെപിക്കു വേണ്ടി നേരത്തെ ഈ ജോലി ചെയ്ത ശിവം ശങ്കര്‍ സിങ് എന്ന 25-കാരന്‍ ടൈമിനോട് പറയുന്നു. വോട്ടര്‍മാരെ അവരുടെ മതം, ജാതി, സ്ഥലം, സാമ്പത്തിക നില, വയസ്സ് തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ വിവിധി ഗ്രൂപ്പുകളാക്കി തരം തിരിക്കാന്‍ കോടിക്കടക്കിനു വ്യക്തിവിവരങ്ങള്‍ പാര്‍ട്ടി ശേഖരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. ഇതു ജാതിപരമായും മതപരമായും വലിയ പ്രത്യാഘാതകങ്ങള്‍ക്കു വഴിവച്ചേക്കുമെന്ന ആശങ്ക ഉയര്‍ത്തുന്നതാണ്.
നിയോജകമണ്ഡലം തലങ്ങളിലുള്ള വളന്റിയര്‍മാരും ഈ വാട്‌സാപ്പ് പ്രചാരണത്തില്‍ സജീവമാണ്. വോട്ടര്‍മാരെ ഇവര്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ വേര്‍ത്തിരിച്ച് ഗ്രുപ്പുണ്ടാക്കുന്നു. ഇത് പ്രൊപഗണ്ടയ്ക്കായാണ് ഉപയോഗപ്പെടുത്തുന്നത്. മുസ്ലിം വിരുദ്ധതയുള്ള ഒരാളെ കണ്ടെത്തിയാല്‍ അവര്‍ക്ക് നിരന്തരം മുസ്ലിംകള്‍ക്കെതിരായ, അവര്‍ വളരെ മോശമാണെന്ന തരത്തിലുള്ള മെസേജുകള്‍ അയച്ചു കൊണ്ടിരിക്കുമെന്നും സിങ് പറയുന്നു.
ഈയിടെ ഇത്തരത്തില്‍ പ്രചരിച്ച ഒരു വ്യാജ സന്ദേശമായിരുന്നു ഒരു ക്ഷേത്ര പൂജാരിയെ കൊലപ്പെടുത്തിയെന്ന വാര്‍ത്ത്. ഒരാളുടെ മൃതദേഹം ഒരു ക്ഷേത്രത്തിനു സമീപം കെട്ടിത്തൂക്കിയ ചിത്രമാണ് ഈ ഹിന്ദുത്വ ഗ്രൂപ്പുകള്‍ പ്രചരിപ്പിച്ചത്. 'ഒരു പൂജാരിയെ കൂടി കൊന്നു. ഓര്‍ക്കുക, ജിഹാദികള്‍ ഇത് അവസാനിപ്പിക്കാന്‍ പോകുന്നില്ല' എന്ന ഒരു ഹിന്ദി സന്ദേശവും ഇതോടൊപ്പമുണ്ടായിരുന്നു. എന്നാല്‍ ഓള്‍ട്ട് ന്യൂസ് ഈ വ്യാജ വാര്‍ത്തയുടെ സത്യം പുറത്തു കൊണ്ടു വന്നു. ഈ കൊലപാതകത്തിനു പിന്നില്‍ മുസ്ലിംകളായിരുന്നില്ലെന്നും കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത ആറു പേരും മുസ്ലിംകളായിരുന്നില്ലെന്നും ഓള്‍ട്ട് ന്യൂസ് റിപോര്‍ട്ട് ചെയ്തു. വൈറാലായ സന്ദേശം വ്യാജമാണെന്ന് പോലീസും സ്ഥിരീകരിച്ചു.
നിരന്തര വിദ്വേഷ പ്രചാരണത്തില്‍ മടുത്താണ് സിങ് ബിജിപിയുടെ ജോലി കഴിഞ്ഞ വര്‍ഷം വിട്ടത്. ഇതു തന്നെയായിരിക്കും 2019-ലെ തെരഞ്ഞെടുപ്പിന് ബിജെപി ആയുധമാക്കുന്നതെന്നും അദ്ദേഹം പറയുന്നു. 2017ല്‍ ഉത്തര്‍പ്രദേശില്‍ വലിയ വിജയം കണ്ട തന്ത്രമാണിത്. ജാതി അടിസ്ഥാനത്തില്‍ വാട്‌സാപ്പ് ഗ്രൂപ്പുകള്‍ ഉണ്ടാക്കിയായിരുന്നു അന്ന് പ്രാചരണം. ഈ കാര്യം പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ മാസങ്ങള്‍ക്ക് മുമ്പ് തുറന്നു പറയുകയും ചെയ്തിരുന്നു. വിവിധ ജാതികള്‍ക്കു വേണ്ട സന്ദേശങ്ങള്‍ കൃത്യമായി അവരിലെത്തിക്കാനും അതുവഴി 26 ശതമാനം വോട്ടുകളെ വഴിതിരിച്ചുവിടാനും ബിജെപിക്കു കഴിഞ്ഞു.
വാട്‌സാപ്പ് കൊണ്ടു വന്ന നിയന്ത്രണങ്ങളൊന്നും ഈ വ്യാജാ വാര്‍ത്താ, വിധ്വേഷ പ്രചാരണങ്ങള്‍ ഒട്ടു കുറച്ചിട്ടില്ലെന്ന് വിദഗ്ധര്‍ പറയുന്നു. ആറു മാസമായി ഇന്ത്യയില്‍ നിയന്ത്രണങ്ങളുണ്ട്. എങ്കിലും ഈ നിന്ത്രണങ്ങള്‍ വ്യാജവാര്‍ത്തകളെ തടയാന്‍ പര്യാപ്തമല്ലെന്നും ഒരു കുറവും ഇതുവരെ ഉണ്ടായിട്ടില്ലെന്നും ഫാക്ട ചെക്കിങ് വാര്‍ത്താ പോര്‍ട്ടലായ ഓള്‍ട്ട് ന്യൂസ് ഡോട്ട് ഇന്‍ എഡിറ്റര്‍ പ്രതീക് സിന്‍ഹ പറയുന്നു.