ന്യൂദല്‍ഹി- കശ്മീരില്‍ ലഷ്‌കറെ ത്വയ്യിബ ഭീകരര്‍ക്കെതിരെ പോരാടുന്നതിനിടെ വീരമൃത്യു വരിച്ച കശ്മീരി സൈനികന്റെ ഉമ്മ കണ്ണീരോടെ ആ പുരസ്‌കാരം സ്വീകരിച്ചു. രാജ്യത്തിന്റെ പരമോന്നത സൈനിക പുരസ്‌കാരം രാഷ്ട്രപതിയില്‍നിന്ന് ഏറ്റുവാങ്ങിയത് ധീര ജവാന്‍ ലാന്‍സ് നായിക് നസീര്‍ അഹമ്മദിന്റെ ഉമ്മയും ഭാര്യയും ചേര്‍ന്നാണ്.
കശ്മീരിലെ ബതാഗുണ്ടില്‍ ഹീരാപൂര്‍ ഗ്രാമത്തില്‍ കഴിഞ്ഞ വര്‍ഷം നവംബര്‍ 25 നാണ് നസീര്‍ അഹ്്മദിന്റേയും സംഘത്തിന്റേയും നേരെ ഭീകരാക്രമണമുണ്ടായത്. തീവ്രവാദികള്‍ ഒളിച്ച താമസിച്ച കെട്ടിടത്തിലേക്ക് ഇരച്ചുകയറുകയായിരുന്നു നസീറും സംഘവും. ഒരു ലഷ്‌കറെ കമാണ്ടറെ അദ്ദേഹം വധിച്ചു. ഒരു വിദേശ തീവ്രവാദിയേയും കൊന്നു. ഇതിനിടെ ഭീകരരുടെ വെടിയേറ്റ് അദ്ദേഹം മരിച്ചുവീണു.
ത്രിവര്‍ണ പതാകയില്‍ പൊതിഞ്ഞ് സ്വന്തം ഗ്രാമത്തിലേക്ക് കൊണ്ടുവന്ന ലാന്‍സ് നായിക് വാനിയെ സമ്പൂര്‍ണ സൈനിക ബഹുമതികളോടെയാണ് ഖബറടക്കിയത്. 2004 ലാണ് അദ്ദേഹം സൈന്യത്തില്‍ ചേര്‍ന്നത്.