ലഖ്‌നൗ- ഉത്തര്‍ പ്രദേശിലെ വ്യാജ പൊലീസ് ഏറ്റുമുട്ടലുകളെക്കുറിച്ച് രാജ്യം ചര്‍ച്ച ചെയ്യുമ്പോള്‍ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളെ ആഘോഷിക്കാന്‍ യോഗി സര്‍ക്കാര്‍. എല്ലാ ജില്ലാ മജിസ്‌ട്രേറ്റുകളോടും റിപ്പബ്‌ളിക് ദിനത്തില്‍ ഏറ്റു മുട്ടല്‍ കൊലപാതകങ്ങളെ നേട്ടമായി അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്. ചീഫ് സെക്രട്ടറി അനൂപ് ചന്ദ്ര പാണ്ഡെ ഇക്കാര്യം ആവശ്യപ്പെട്ട് എല്ലാ ജില്ലാ ഭരണകൂടങ്ങള്‍ക്കും കത്തുകള്‍ അയച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
2017 മാര്‍ച്ചില്‍ യോഗി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 3000 ല്‍ കൂടുതല്‍ ഏറ്റുമുട്ടലുകളാണ് ഉത്തര്‍പ്രദേശ് പൊലീസ് നടത്തിയത്. 78 പേരാണ് ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ടത്. 7,043 പേര്‍ അറസ്റ്റ് ചെയ്യപ്പെട്ടു. 838 പേര്‍ക്ക് പരിക്കേറ്റു. പൊലീസിനു പുറമേ ഉത്തര്‍ പ്രദേശ് പ്രത്യേക കര്‍മ സേന ഒമ്പത് പേരേ വെടിവെച്ചു കൊന്നു. 139 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
മനുഷ്യാവകാശ പ്രവര്‍ത്തകര്‍ യുപി സര്‍ക്കാരിന്റെ ഏറ്റുമുട്ടലുകള്‍ക്കെതിരെ നിരവധി തവണ രംഗത്ത് വന്നിട്ടുണ്ട്. ഏറ്റുമുട്ടലുകള്‍ വഴി പൊലീസ് മുസ്ലിംകളെ ലക്ഷ്യം വെക്കുന്നു എന്നാരോപിച്ച് വിവിധ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഐക്യ രാഷ്ട്ര സഭയുടെ മനുഷ്യാവകാശ ഹൈകമ്മീഷണറെ സമീപിച്ചിരുന്നു. ഹൈകമ്മീഷണര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് വിശദീകരണം ചോദിച്ചെങ്കിലും സര്‍ക്കാര്‍ ഇതു വരെ റിപ്പോര്‍ട്ടുകള്‍ ഒന്നും കൈമാറിയിട്ടില്ല.