കോഴിക്കോട്- പലിശരഹിത ബിസിനസിന്റെ മറവില്‍ കോടികള്‍ തട്ടിയ ഹീരാ ഗ്രൂപ്പ് ഓഫ് കമ്പനി ചെയര്‍പേഴ്സണ്‍ ഹലീമാ നൂറാ ശൈഖിനെതിരെ മുംബൈ പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ മൂവായിരം പേജുകള്‍. മുംബൈ നഗരത്തിലെ 250 പേരില്‍നിന്ന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ മാത്രം തയാറാക്കിയ കുറ്റപത്രമാണിത്. 18 കോടി രൂപയാണ് ഇവരില്‍നിന്ന് തട്ടിയത്.
മുംബൈ പോലീസ് ജോയിന്റ് കമ്മീഷണര്‍ വിനയ്കുമാര്‍ ചൗധരിയുടെ കീഴിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് മാസങ്ങളായി അന്വേഷണം നടത്തുന്നത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 17 നാണ് ഹലീമാ നൂറാ ശൈഖിനെ ഹൈദരാബാദ് പോലീസ് അറസ്റ്റു ചെയ്തത്. അതിനു ശേഷമാണ് ഹീരാ ഗ്രൂപ്പിന്റെ രാജ്യത്തൊട്ടാകെയുള്ള 160 ഓളം ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ച് അനധികൃത പണമിടപാടിനെക്കുറിച്ച് പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം തുടങ്ങിയത്. ഇപ്പോള്‍ ഹൈദരാബാദ് പോലീസിന്റെ കസ്റ്റഡിയിലാണ് ഹലീമാ നൂറാ ശൈഖ്.
അതിനിടെ കേരളത്തില്‍ ഹീരയുടെ സാമ്പത്തിക കുറ്റകൃത്യങ്ങളുടെ അന്വേഷണം മാസങ്ങളായിട്ടും എവിടെയുമെത്തിയിട്ടില്ല. അന്തര്‍ സംസ്ഥാന തട്ടിപ്പായതിനാല്‍ ക്രൈംബ്രാഞ്ചോ, സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതിനായുള്ള ഏതെങ്കിലും ഏജന്‍സികളെയോ ഏല്പിക്കണമെന്നാവശ്യപ്പെട്ട് നല്കിയ ലോക്കല്‍ പോലീസ് റിപ്പോര്‍ട്ട്, കമ്മീഷണര്‍ മുഖാന്തിരം തിരുവനന്തപുരത്തേക്കയച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ തീരുമാനത്തിലെത്തിയിട്ടില്ല.
പോലീസിന്റെ ഇക്കാര്യത്തിലുള്ള അലംഭാവം കൊണ്ട്, ഹലീമാ നൂറാ ശൈഖ് കോഴിക്കോട്ടെ കേസില്‍ മുന്‍കൂര്‍ ജാമ്യം നേടുകയും ചെയ്തിട്ടുണ്ട്.