Sorry, you need to enable JavaScript to visit this website.

ഒരുങ്ങിയിറങ്ങി രാഹുല്‍; കോണ്‍ഗ്രസ് തന്ത്രങ്ങള്‍ മാറ്റി, ആന്ധ്രയിലും ബംഗാളിലും പോരാട്ടം ഒറ്റയ്ക്ക്

ന്യൂദല്‍ഹി- പ്രിയങ്ക ഗാന്ധിയുടെ സജീവ രാഷ്ട്രീയത്തിലേക്കുളള കടന്നുവരവോടെ പുതിയ ഊര്‍ജ്ജം നേടിയ കോണ്‍ഗ്രസ് ലോക്‌സഭാ തെരഞ്ഞെടുപ്പിന് മൂന്ന് മാസങ്ങള്‍ മാത്രം ശേഷിക്കെ തന്ത്രങ്ങള്‍ മാറ്റിപ്പിടിക്കുന്നു. ബിജെപിക്കെതിരെ പ്രതിപക്ഷ സഖ്യം കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നതിനിടെ കൂടുതല്‍ സംസ്ഥാനങ്ങളില്‍ ഒറ്റയ്ക്ക് മത്സരിക്കാനുള്ള തീരുമാനമാണ് ഇപ്പോള്‍ കോണ്‍ഗ്രസ് കൈകൊണ്ടിരിക്കുന്നത്. പൊതു തെരഞ്ഞെടുപ്പില്‍ വളരെ നിര്‍ണായമായ ഉത്തര്‍ പ്രദേശില്‍ നിന്ന് വലിയ തിരിച്ചടി കോണ്‍ഗ്രസിന് നേരിട്ടത് പുതിയൊരു അവസരമാക്കി മാറ്റാനാണു കോണ്‍ഗ്രസിന്റെ ശ്രമം. കോണ്‍ഗ്രസിനെ തഴഞ്ഞ് കരുത്തരായ ബിഎസ്പിയും എസ്പിയും ഒറ്റക്കെട്ടായതോടെയാണ് സംസ്ഥാനത്ത് ഒറ്റയ്ക്കു മത്സരിക്കുമെന്ന് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെ പാര്‍ട്ടി തകര്‍ന്നടിഞ്ഞ ആന്ധ്ര പ്രദേശിലും ബംഗാളിലും ഒറ്റയ്ക്കു മത്സരിക്കാനാണു തീരുമാനം. 

ആന്ധ്രയില്‍ ടി.ഡി.പിയുമായുള്ള സഖ്യ ശ്രമങ്ങള്‍ ഫലം കാണാതെ പോയതോടെയാണ് ഒറ്റയ്ക്കു മത്സരിക്കുമെന്ന് രാഹുല്‍ പ്രഖ്യാപിച്ചത്. ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ നേരത്തെ ടിഡിപിയും കോണ്‍ഗ്രസും തീരുമാനിച്ചിരുന്നെങ്കിലും സഖ്യചര്‍ച്ചകള്‍ ഫലവത്തായില്ല. ടിഡിപി നേതാവും ആന്ധ്രാ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു രാഹുലുമായി ചര്‍ച്ച നടത്തി തൊട്ടടുത്ത ദിവസമാണ് ഇരു പാര്‍ട്ടികളും ഒറ്റയ്ക്കു മത്സരിക്കുമെന്ന പ്രഖ്യാപനവും വന്നത്. ആന്ധ്രയിലെ 25 ലോക്‌സഭാ സീറ്റുകളിലേക്കും 175 നിയമസഭാ സീറ്റുകളിലേക്കും മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത് സംസ്ഥാനത്തിന്റെ ചുമതലുള്ള കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടിയാണ്. ഈയിടെ തെലങ്കാന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ടിഡിപി സഖ്യ പരീക്ഷണം ഒരു വലിയ പരാജയമായതാണ് ഇരുപാര്‍ട്ടികളേയും തന്ത്രം മാറ്റാന്‍ പ്രേരിപ്പിച്ചത്. അതേസമയം ഇരുപാര്‍ട്ടികളും തമ്മില്‍ കൈക്കോര്‍ക്കാനുള്ള രഹസ്യ ധാരണകളും തള്ളിക്കളയാനാവില്ലെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

ബംഗാളില്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കാനുള്ള സാധ്യതകള്‍ വിരളമാണ്. സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ സഹായം തൃണമൂലിന് ഇപ്പോള്‍ ആവശ്യമില്ല. മാത്രമല്ല ധാരണയുണ്ടാക്കിയാല്‍ സീറ്റുകള്‍ വീതംവെക്കേണ്ടിവരികയും ചെയ്യും. ഈയിടെയായി പല കോണ്‍ഗ്രസ് നേതാക്കളും തൃണമൂലിലേക്ക് ചുവടു മാറിയതും അവര്‍ക്ക് കരുത്തായിട്ടുണ്ട്. അതേസമയം ഈയിടെ മമത ബാനര്‍ജി സംഘടിപ്പിച്ച പ്രതിപക്ഷ റാലിയില്‍ കോണ്‍ഗ്രസ് ഉന്നത നേതാക്കള്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.

ബിഹാറില്‍ പ്രതിപക്ഷ സഖ്യത്തിന്റെ സീറ്റുചര്‍ച്ചകള്‍ വഴിമുട്ടിയിരിക്കുകയാണ്. അര്‍ഹമായ സീറ്റുകള്‍ വിട്ടു നല്‍കാന്‍ തയാറായില്ലെങ്കില്‍ ആര്‍.ജെ.ഡി സഖ്യത്തില്‍ നിന്ന് മാറി ഒറ്റയ്ക്കു മത്സരിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. വര്‍ഷങ്ങള്‍ക്കു ശേഷം ബിഹാറില്‍ കോണ്‍ഗ്രസ് വലിയ ശക്തിപ്രകടനത്തിന് ഒരുങ്ങുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും. ഫെബ്രുവരി മൂന്നിന് ബിഹാറില്‍ രാഹുലിന്റെ വലിയ റാലി കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നുണ്ട്. സഖ്യം സംബന്ധിച്ച് നിര്‍ണായക പ്രഖ്യാപനം ഈ റാലിയില്‍ ഉണ്ടായേക്കാം. 

കിഴക്കന്‍ യുപിയിലും പടിഞ്ഞാറന്‍ യുപിയിലും പാര്‍ട്ടി ചുമതലകള്‍ നല്‍കി പ്രിയങ്ക ഗാന്ധിയേയും ജ്യോതിരാദിത്യ സിന്ധ്യയേയും നിയമിച്ച രാഹുല്‍ ഇനി കോണ്‍ഗ്രസ് പ്രതിരോധ നിരയിലേക്കിറങ്ങില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. യുപിയില്‍ സര്‍ക്കാര്‍ രൂപീകരിക്കുക എന്നതാണ് ഇരുവര്‍ക്കും നല്‍കിയിരിക്കുന്ന ജോലിയെന്നും രാഹുല്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഒരു കാലത്ത് കോണ്‍ഗ്രസിന്റെ തട്ടകങ്ങളായിരുന്ന ഈ സംസ്ഥാനങ്ങളിലെ യഥാര്‍ത്ഥ ശക്തിയളക്കാനും അതിനനുസരിച്ച് ഭാവി തന്ത്രങ്ങള്‍ മെനയാനുമുള്ള മികച്ച അവസരമായാണ് കോണ്‍ഗ്രസ് ഈ തെരഞ്ഞെടുപ്പിനെ കാണുന്നത്. ഹിന്ദി ഹൃദയഭൂമിയായ മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളില്‍ ബിജെപിയെ തറപ്പറ്റിച്ച് ഭരണം പിടിക്കാന്‍ കഴിഞ്ഞതിലുള്ള ആത്മവിശ്വാസവും കോണ്‍ഗ്രസിനുണ്ട്. ഇതു നല്‍കുന്ന ഊര്‍ജത്തോടൊപ്പം പാര്‍ട്ടി നേതൃനിരയിലെ പ്രിയങ്കയുടെ സാന്നിധ്യവും ഒരുപോലം നേതാക്കള്‍ക്കും അണികള്‍ക്കും ഊര്‍ജം പകരുന്നതാണ്.

Latest News