ന്യൂദല്‍ഹി- ലോക്‌സഭാ തെരഞ്ഞെടുപ്പ് ഇപ്പോള്‍ നടന്നാല്‍ ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എക്ക് ഭൂരിപക്ഷം ലഭിക്കില്ലെന്നും തൂക്കു സഭയായിരിക്കും ഫലമെന്നും ഇന്ത്യാ ടുഡേ-കാര്‍വി ഇന്‍സൈറ്റസ് മൂഡ് ഓഫ് ദി നേഷന്‍ പോള്‍ പ്രവചിക്കുന്നു. 2014 ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് എന്‍.ഡി.എക്ക് 86 സീറ്റ് കുറയുമെന്നും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ 272 സീറ്റെന്ന ലക്ഷ്യം കാണില്ലെന്നും സര്‍വേ വ്യക്തമാക്കുന്നു. 2014 ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് തനിച്ചുതന്നെ 272 സീറ്റ് ലഭിച്ചിരുന്നു. ആസന്നമായ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ 237 സീറ്റിനപ്പുറം പോകില്ലെന്ന് സര്‍വേ പറയുന്നു. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു.പി.എക്ക് 166 സീറ്റും ഇരു മുന്നണികളിലും പെടാത്ത മറ്റു കക്ഷികള്‍ക്ക് 140 സീറ്റുമാണ് സര്‍വേ പ്രവചിക്കുന്നത്.
സീറ്റുകളുടെ എണ്ണം കുറയുമെങ്കിലും എന്‍.ഡി.എക്ക് വോട്ട് ഷെയര്‍ കൂടുമെന്ന് സര്‍വേ കണക്കാക്കുന്നു. എന്‍.ഡി.എക്ക് 35 ശതമാനവും യു.പി.എക്ക് 33 ശതമാനവുമാണ് പ്രവചിക്കപ്പെടുന്ന വോട്ട്.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് എബിപി ന്യൂസ്-സീവോട്ടര്‍ സര്‍വേയും വ്യക്തമാക്കുന്നു. 80 സീറ്റുകളില്‍ ബിഎസ്പി- എസ്പി സഖ്യം 51 സീറ്റുകളില്‍ വിജയിക്കുമെന്നും ബി.ജെ.പിക്കും സഖ്യകക്ഷികള്‍ക്കും ചേര്‍ന്ന് 25 സീറ്റുകള്‍ മാത്രമേ നേടാന്‍ കഴിയൂ എന്നും സര്‍വേ കണക്കാക്കുന്നു. കോണ്‍ഗ്രസ് നാലു സീറ്റുകളില്‍ വിജയിക്കും. വോട്ടുകളില്‍ എസ്പി-ബിഎസ്പി സഖ്യത്തിന് 43 ശതമാനവും എന്‍.ഡി.എക്ക് 42 ശതമാനവും ലഭിക്കും. പ്രിയങ്കാ ഗാന്ധിയെ ജനറല്‍ സെക്രട്ടറിയായി നിയമിക്കുന്നതിനു മുമ്പാണ് ഈ സര്‍വേ പൂര്‍ത്തിയാക്കിയത്.
ബിഹാറില്‍ എന്‍.ഡി.എ മുന്നിലെത്തുമെന്നാണ് പ്രവചനം. 40ല്‍ 35 സീറ്റുകള്‍ എന്‍ഡിഎ നേടും. ആര്‍.ജെ.ഡി-കോണ്‍ഗ്രസ് സഖ്യത്തിന് അഞ്ച് സീറ്റുകളില്‍ മാത്രമേ ജയിക്കാനാവൂ. പശ്ചിമ ബംഗാളിലെ 42 സീറ്റുകളില്‍ 34 എണ്ണം തൃണമൂല്‍ കോണ്‍ഗ്രസ് നേടുമെന്ന് സര്‍വേ പ്രവചിക്കുന്നു. ഏഴു സീറ്റുകള്‍ മാത്രമേ ബിജെപിക്കു ലഭിക്കുകയുള്ളൂ. യു.പി.എ സഖ്യത്തിന് ഒരു സീറ്റു മാത്രമാണ് സര്‍വേയില്‍ നല്‍കിയിരിക്കുന്നത്.