റോത്തക്ക്- കാലി മോഷണത്തിന്റെ പേരില്‍ ജനക്കൂട്ടം നഗ്നനാക്കി മര്‍ദിച്ച യുവാവിനെ രക്ഷപ്പെടുത്തിയ ശേഷം പോലീസ് ചങ്ങലയില്‍ ബന്ധിച്ചതായി ആക്ഷേപം. ഉത്തര്‍പ്രദേശുകാരനായ 24 കാരന്‍ നൗഷാദ് മുഹമ്മദാണ് ദുരനുഭവം പങ്കുവെച്ചത്. കാലി മോഷണത്തിന് കേസെടുക്കുകയും ചെയ്തു.
കാര്‍ഷിക ആവശ്യത്തിനായി കാലികളെ വാങ്ങാനാണ് കഴിഞ്ഞ ശനിയാഴ്ച നൗഷാദ് ഹരിയാനയിലെ റോത്തക്കിലെത്തിയത്. വൈകിട്ട് മൂന്ന് കാലികളുമായി മടങ്ങവേ, റോത്തക്കിനു സമീപത്തെ ഭലൗത്ത് ഗ്രാമത്തില്‍ വെച്ചാണ് ഇരുനൂറോളം പേരടങ്ങന്ന സംഘം ലോറി തടഞ്ഞ് നൗഷാദിനെ പിടിച്ചിറക്കിയത്.
റോഡിലൂടെ വലിച്ചിഴച്ച് തന്നെ ഒരു തൂണില്‍ കെട്ടിയെന്നും ചുണ്ടുകുളിലും ചെവികളിലും സിഗരറ്റ് കൊണ്ട് പൊള്ളലേല്‍പിച്ചുവെന്നും നൗഷാദ് എന്‍.ഡി.ടി.വിയോട് പറഞ്ഞു. അടിക്കുകയും കല്ലെറിയുകയും ചെയ്തവര്‍ കൈയിലുണ്ടായിരുന്ന 2000 രൂപ കവര്‍ന്നുവെന്നും യുവാവ് പറഞ്ഞു. യുവാവിനെ മര്‍ദിക്കന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. അടിക്കുന്നതിനിടെ യുവാവിനോടൊപ്പം ഫോട്ടോക്ക് പോസ് ചെയ്ത ജസ്പാല്‍ ഗുമ്മാമയാണ് കേസിലെ മുഖ്യപ്രതി.
പോലീസ് എത്തുന്നതുവരെ രണ്ട് മണിക്കൂറോളം മര്‍ദനം തുടര്‍ന്നുവെന്നും പോലീസ് കൊണ്ടുപോകുവാന്‍ ശ്രമിക്കുമ്പോഴും ജനക്കൂട്ടും തല്ലിയെന്നും യുവാവ് പറഞ്ഞു. പോലീസ് സ്‌റ്റേഷനില്‍ എത്തിയിട്ടും രക്ഷയുണ്ടായിരുന്നില്ല. അവിടെ ഒരു കട്ടിലില്‍ ചങ്ങലക്കിടുകയായിരുന്നു. നല്ല വേദനയുണ്ടെന്ന് പറഞ്ഞിട്ടും ചങ്ങല അഴിക്കാനോ മരുന്ന് നല്‍കാനോ തയാറായില്ല. നീണ്ട 16 മണിക്കൂറിനുശേഷമാണ് ഒരു ചായ തന്നതെന്നും യുവാവ് പറഞ്ഞു.
സന്നദ്ധ പ്രവര്‍ത്തകര്‍ പുറത്ത് പ്രതിഷേധം തുടങ്ങിയതടെ അടുത്ത ദിവസം ഉച്ചക്കുശേഷമാണ് മോചിപ്പിച്ചത്. തിങ്കളാഴ്ച രാത്രി മാത്രമാണ് പോകാന്‍ അനുവദിച്ചത്.
പോലീസ് സ്‌റ്റേഷനില്‍ ചങ്ങലയില്‍ ബന്ധിച്ച നിലയിലാണ് യുവാവിനെ കണ്ടതെന്നും ഇടപെട്ടതിനുശേഷമാണ് മോചിപ്പിച്ചതെന്നും ആക്ടിവിസ്റ്റ് പ്രീത് സംഗ് പറഞ്ഞു.
എന്നാല്‍ നൗഷാദിനെ ശനിയാഴ്ച വൈകിട്ട് തന്നെ വിട്ടയച്ചിരുന്നുവെന്നും ചങ്ങലയില്‍ ബന്ധിച്ച നിലയില്‍ പ്രചരിക്കുന്ന ഫോട്ടകള്‍ സദര്‍ സ്‌റ്റേഷനില്‍നിന്നുള്ളതല്ലെന്നും പോലീസ് ഉദ്യോഗസ്ഥന്‍ മന്‍ജിത് മോറെ പറഞ്ഞു. ആള്‍ക്കൂട്ട ആക്രമണം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. 12 പേര്‍ക്കെതിരെ കേസെടുത്തതായും പോലീസ് പറഞ്ഞു.