Sorry, you need to enable JavaScript to visit this website.

ബിഹാറിലും കോണ്‍ഗ്രസിന് തരിച്ചടി? ആര്‍.ജെ.ഡി നിലപാട്‌ കടുപ്പിച്ചു; സീറ്റ് ചര്‍ച്ച വഴിമുട്ടി

പട്‌ന- ഉത്തര്‍ പ്രദേശിലെ രണ്ടു പ്രമുഖ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ രൂപം കൊണ്ട സഖ്യത്തില്‍ നിന്ന് തഴയപ്പെട്ട കോണ്‍ഗ്രസിന് ബിഹാറിലും തിരിച്ചടി. ബിഹാറില്‍ പ്രതിപക്ഷ സഖ്യത്തെ നയിക്കുന്ന രാഷ്ട്രീയ ജനതാദളുമായുള്ള (ആര്‍.ജെ.ഡി) സീറ്റു ചര്‍ച്ച വഴിമുട്ടിയിരിക്കുകയാണ്. 2014-ല്‍ മത്സരിച്ച 12 സീറ്റുകള്‍ ഇത്തവണയും വേണമെന്ന ആവശ്യം ആര്‍ജെഡി അംഗീകരിക്കാത്തതാണ് കാരണം. എട്ടു സീറ്റുകളാണ് ആര്‍ജെഡി കോണ്‍ഗ്രസിന് നല്‍കാന്‍ തയാറായിട്ടുള്ളത്. 16 സീറ്റാണ് കോണ്‍ഗ്രസ് ചോദിച്ചിരിക്കുന്നത്. 12-ല്‍ കുറഞ്ഞൊരു സീറ്റുധാരയ്ക്ക് തയാറല്ലെന്നാണ് പാര്‍ട്ടിക്കുളിലെ പൊതുവികാരം. ഇതോടെ സീറ്റ് വീതംവെപ്പു സമവാക്യങ്ങളില്‍ വിള്ളലുണ്ടായി. സഖ്യ പ്രഖ്യാപനവും നീട്ടിവച്ചു. പ്രതിപക്ഷ കൂട്ടായ്മയായ മഹാസഖ്യത്തിലെ ആര്‍ജെഡിയും എച്ച്.എ.എമ്മും ആര്‍.എല്‍.എസ്.പിയും സീറ്റു പ്രഖ്യാപനം ഉടന്‍ വേണമെന്ന നിലപാടുകാരാണ്. എന്നാല്‍ ചര്‍ച്ചകള്‍ വഴിമുട്ടിയതോടെ കോണ്‍ഗ്രസ് പ്രഖ്യാപനം നീട്ടി. ഫെബ്രുവരി മൂന്നിന് പട്‌നയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന 'ജന്‍ ആകാംക്ഷ' റാലിയില്‍ ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്ന് രാഷ്ട്രീയ വൃത്തങ്ങള്‍ പറയുന്നു. കോണ്‍ഗ്രസിന്റെ ശക്തിപ്രകടനം കൂടിയാകും ഈ റാലി. 

അതേസമയം ബിജെപിയെ തോല്‍പ്പിക്കുക എന്ന പൊതുലക്ഷ്യം മുന്‍നിര്‍ത്തി കോണ്‍ഗ്രസ് വി്ട്ടുവീഴ്ചയ്ക്ക് തയാറാകണെന്ന ശക്തമായ സന്ദേശമാണ് ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ് നല്‍കുന്നത്. കോണ്‍ഗ്രസ് നിലപാട് കടുപ്പിച്ചാല്‍ യുപിയിലെ പോലെ കോണ്‍ഗ്രസിനെ ഒഴിവാക്കിയുള്ള വിശാല പ്രതിപക്ഷ സഖ്യത്തിന് ആര്‍ജെഡി ശ്രമിച്ചേക്കുമെന്നും സുചനയുണ്ട്. എന്നാല്‍, അവസാനമായി നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മികച്ച പ്രകടനം കാഴ്ചവെക്കുകയും മൂന്ന് സീറ്റുകളില്‍ ജയിക്കുകയും ചെയ്ത കോണ്‍ഗ്രസ് വഴങ്ങിക്കൊടുക്കാന്‍ തയാറാല്ലെന്നാണ് സൂചന. 

ബിഹാറില്‍ 40 ലോക്‌സഭാ സീറ്റുകളാണ് ഉള്ളത്. 20 സീറ്റുകള്‍ ആര്‍ജെഡിക്കാണ്. ബാക്കി സഖ്യകക്ഷികള്‍ക്കായി വിട്ടു നല്‍കിയിരിക്കുന്നു. കോണ്‍ഗ്രസ് കഴിഞ്ഞ തവണ 12 സീറ്റുകളില്‍ മത്സരിച്ചിരുന്നു. ഈ എണ്ണത്തില്‍ നിന്ന് താഴോട്ടു പോകാനാവില്ലെന്ന നിലപാടിലാണിപ്പോള്‍ കോണ്‍ഗ്രസ്. ഈയിടെ ബിജെപി സഖ്യം വിട്ടെത്തിയ ഉപേന്ദ്ര കുശ്‌വാഹയുടെ ആര്‍.എല്‍.എസ്.പി, മുന്‍മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിയുടെ എച്ച്.എ.എം, ശരത് യാദവിന്റെ ലോക് തന്ത്രിക് ജനതാദള്‍ എന്നീ പാര്‍ട്ടികള്‍ മൂന്ന് വീതം സീറ്റുകളാണ് ആവശ്യപ്പെടുന്നത്.
 

Latest News