മോസ്‌കോ- റഷ്യയ്ക്കു സമീപം കെര്‍ഷ് കടലിടുക്കില്‍ ഇന്ധനക്കപ്പലുകള്‍ക്ക് തീപ്പിടിച്ചുണ്ടായ ദുരന്തത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു. ഇവരില്‍ ആറു പേര്‍ ഇന്ത്യക്കാരാണെന്നു സ്ഥിരീകരിച്ചു. കാണാതായ 10 പേരില്‍ ആറ് ഇന്ത്യക്കാരുമുണ്ട്. ഇവര്‍ക്കായി റഷ്യന്‍ നാവിക സേനാ തെരച്ചില്‍ തുടരുകയാണ്. രക്ഷപ്പെട്ടവരില്‍ അശിഷ് അശോക് നായര്‍ എന്ന മലയാളി നാവികനും ഉണ്ട്. ഒരു കപ്പലില്‍ നിന്നും മറ്റൊന്നിലേക്ക് ഇന്ധനം മാറ്റുന്നതിനിടെ തിങ്കളാഴ്ചയാണ് വന്‍അഗ്നിബാധയുണ്ടായത്. ടാന്‍സാനിയന്‍ കപ്പലുകളായ കാന്‍ഡി, മാസ്‌ട്രോ എന്നിവയാണ് അപകടത്തില്‍പ്പെട്ടത്. റഷ്യയേയും ക്രീമിയയേയും വേര്‍ത്തിരിക്കുന്ന കെര്‍ഷ് കടലിടുക്കിലാണ് ദുരന്തം. തീ പൂര്‍ണമായും ഇപ്പോഴും അണയ്ക്കാന്‍ കഴിഞ്ഞിട്ടില്ല. ഇന്ത്യക്കാരും തുര്‍ക്കികളുമാണ് കപ്പലുകളിലെ നാവികര്‍. കപ്പലുകളിലൊന്നായ കാന്‍ഡിയില്‍ 17 നാവികരാണ് ഉണ്ടായിരുന്നത്. ഇവരില്‍ എട്ടു പേര്‍ ഇന്ത്യക്കാരും ഒമ്പതു പേര്‍ തുര്‍ക്കി പൗരന്മാരുമാണ്. മാസ്‌ട്രോയില്‍ ഇന്ത്യക്കാരും തുര്‍ക്കികളും ഒരു ലിബിയന്‍ പൗരനും ഉള്‍പ്പെടെ 15 നാവികരാണ് ഉണ്ടായിരുന്നത്.
പിനല്‍ കുമാര്‍ ഭരത്ഭായ് ടന്‍ഡെല്‍, വിക്രം സിങ്, ശ്രാവണന്‍ നാഗരാജന്‍, വിശാല്‍ ദോദ്, രാജ ദേബനാരായണ്‍ പനിഗഢി, കരണ്‍കുമാര്‍ ബരിഭായ് ടന്‍ഡെല്‍ എന്നിവരാണ് മരിച്ച ഇന്ത്യക്കാര്‍. സിദ്ധാര്‍ത്ഥ്് മെഹര്‍, നീരജ് സിങ്, സെബാസ്റ്റ്യന്‍ ബ്രിറ്റോ ബ്രീസ്ലിന്‍ സഹായരാജ്, റിഷികേഷ് രാജു സക്പാല്‍, അക്ഷയ് ബബന്‍ ജാദവ്, അനന്ദ്‌ശേഖര്‍ അവിനാഷ് എന്നിവരാണ് കാണാതായ ഇന്ത്യന്‍ നാവികര്‍. ഇവരെ കണ്ടെത്തനായി റഷ്യന്‍ മാരിടൈം ഏജന്‍സിയും കടല്‍രക്ഷാ സേനയും ശ്രമങ്ങള്‍ തുടരുകയാണ്. മരിച്ചവരുടെ മൃതദേഹങ്ങള്‍ ഇന്ത്യയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരുന്നതായും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിചചു.