റിയാദ്- സാമ്പത്തിക പരിഷ്കരണങ്ങളുടെ ഭാഗമായ ഫീസ് വർധന, പുതിയ നികുതികൾ, വിദേശ തൊഴിലാളികൾക്കുള്ള ലെവി എന്നിവ സ്വകാര്യ മേഖലയുടെ മേൽ ചെലുത്തുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് നടത്തിയ പഠനത്തിലെ വിശദാംശങ്ങൾ സമർപ്പിക്കണമെന്ന് വാണിജ്യ, നിക്ഷേപ മന്ത്രാലയത്തോട് ശൂറാ കൗൺസിൽ ആവശ്യപ്പെട്ടു.
ഫീസ് വർധന, പുതിയ നികുതികൾ, വിദേശ തൊഴിലാളികൾക്കുള്ള ലെവി എന്നിവയുടെ പ്രത്യാഘാതങ്ങളിൽ ശൂറാ കൗൺസിൽ ആശങ്ക പ്രകടിപ്പിച്ചു. മൊത്തം ആഭ്യന്തരോൽപാദനത്തിൽ സ്വകാര്യ മേഖലയുടെ പങ്കാളിത്തം 65 ശതമാനമായി ഉയർത്തുന്നതിന് വിഷൻ 2030 പദ്ധതി ലക്ഷ്യമിടുന്നു. വികസനത്തിലെ പ്രധാന പങ്കാളിയായി സ്വകാര്യ മേഖലയെ മാറ്റാൻ വാണിജ്യ, നിക്ഷേപ മന്ത്രാലയം അവസരമൊരുക്കുകയും രാജ്യത്ത് ബിസിനസ് സാഹചര്യം മെച്ചപ്പെടുത്തുകയും വേണമെന്നും ശൂറ പറഞ്ഞു.