മുംബൈ- ഭീകര സംഘടനയായ ഐഎസ് ബന്ധം ആരോപിച്ച് മഹാരാഷ്ട്രയില്‍ ഒമ്പത് പേര്‍ അറസ്റ്റില്‍. മുംബ്ര, താനെ, ഔറാംഗാബാദ് എന്നിവിടങ്ങളില്‍ നിന്നാണ് അറസ്റ്റ്. അറസ്റ്റിലായ മുഴുവന്‍ പേര്‍ക്കും ഐഎസുമായി ബന്ധമുണ്ടെന്ന് മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സംഘം മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിലായി സ്‌ഫോടനത്തിനൊരുങ്ങുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സംഘത്തില്‍ നിന്ന് രാസപദാര്‍ത്ഥങ്ങളും സ്‌ഫോടക വസ്തുക്കളും മൊബൈല്‍ ഫോണുകളും കണ്ടെടുത്തിട്ടുണ്ട്. ഇവക്കു പുറമെ കുറച്ചു ഹാര്‍ഡ് ഡ്രൈവുകളും സിം കാര്‍ഡുകളും ആസിഡ് കുപ്പികളും കത്തികളും പിടിച്ചെടുത്തു.
മൂന്ന് നഗരങ്ങളിലുമായി രാവിലെ മുതല്‍ തുടങ്ങിയ റെയ്ഡിനൊടുവിലാണ് ഒമ്പത് പേരും അറസ്റ്റിലായത്. മൂന്ന് നഗരങ്ങളിലെയും അഞ്ച് സ്ഥലങ്ങളില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. കഴിഞ്ഞ കുറേ ആഴ്ചകളായി അറസ്റ്റിലായവര്‍ ഭീകരവിരുദ്ധ സ്‌ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഡല്‍ഹിയിലും ഉത്തരേന്ത്യയില്‍ വിവിധയിടങ്ങളിലും സ്‌ഫോടനം ആസൂത്രണം ചെയ്തുവെന്ന് സംശയിക്കപ്പെടുന്ന പത്തംഗ സംഘത്തെ എന്‍ ഐ എ അറസ്റ്റ് ചെയ്തിരുന്നു. ഹര്‍ക്കത്തുല്‍ ഹര്‍ബെ ഇസ്ലാം എന്ന പേരില്‍ അറിയപ്പെടുന്ന സംഘടനയുടെ അംഗങ്ങളാണ് പിടിയിലായവര്‍ എന്ന് എന്ന് എന്‍ഐഎ അവകാശപ്പെട്ടിരുന്നു.എന്‍ഐഎയുടെ ആരോപണങ്ങളില് മനുഷ്യാവകാശ പ്രവര്‍ത്തകരടക്കം സംശയം പ്രകടിപ്പിച്ചിരുന്നു.