ന്യൂദല്‍ഹി- അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് പ്രിയങ്കാ ഗാന്ധി സജീവ രാഷ്ട്രീയത്തിലിറങ്ങി. ജനറല്‍ സെക്രട്ടറി സ്ഥാനമാണ് പാര്‍ട്ടി പ്രിയങ്കക്ക് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് മുതല്‍ പ്രിയങ്കാ ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തെ രാജ്യം ഉറ്റു നോക്കുകയായിരുന്നു. തെരഞ്ഞടുപ്പ് സമയത്ത് അമ്മ സോണിയയുടെയും സഹോദരന്‍ രാഹുലിന്റെയും മണ്ഡലങ്ങളായ റായ്ബറേലിയിലും അമേത്തിയിലും പ്രചാരണത്തിനിറങ്ങിയ പ്രിയങ്ക ഇനി മുതല്‍ ഉത്തര്‍ പ്രദേശിന്റെ കിഴക്കന്‍ ജില്ലകളുടെ ചുമതല വഹിക്കും.
നിലവില്‍ ഒരേ ഒരു ജനറല്‍ സെക്രട്ടറി മാത്രമുളള ഉത്തര്‍പ്രദേശില്‍ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് സമയത്ത് പ്രിയങ്കയുടെ സാന്നിധ്യം ശക്തി പകരും. ജ്യോതിരാദിത്യ സിന്ധ്യക്കാണ് പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിന്റെ ചുമതല. 80 ലോക്‌സഭാ സീറ്റുകളുളള ഉത്തര്‍പ്രദേശില്‍ നിലവില്‍ രണ്ട് സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസിനുളളത്. പ്രിയങ്കയെയും ജ്യോതിരാദിത്യ സിന്ധ്യയെയും പാര്‍ട്ടി സംസ്ഥാനത്ത് നിയമിച്ചത് ഉത്തര്‍പ്രദേശില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ വേണ്ടിയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. നേരത്തെ, കോണ്‍ഗ്രസിനെ ഒഴിവാക്കി എസ്പിയും ബിഎസ്പിയും സംസ്ഥാനത്ത് മഹാസഖ്യം പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്തെ മുഴുവന്‍ സീറ്റുകളിലും പാര്‍ട്ടി മല്‍സരിക്കുമെന്നായിരുന്നു അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞത്.