ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ യോഗി ആദിത്യനാഥ് അധികാരത്തിലേറിയ ശേഷം ന്യൂനപക്ഷത്തിന്‍റെ ഭീതിയും അന്യതാ ബോധവും വർധിച്ചതായും അവർ പീഡിപ്പിക്കപ്പെടുന്നതായും ഹിന്ദുസ്ഥാന്‍ ടൈംസ് വെളിപ്പെടുത്തുന്നു. പടിഞ്ഞാറന്‍ യു.പി മുതില്‍ കിഴക്കന്‍ ബിഹാർ അതിർത്തിവരെ നിരവധി മുസ് ലിം യുവാക്കളോട് സംസാരിച്ച ശേഷമാണ് പത്രത്തിന്‍റെ നിഗമനം. ഒന്നോ രണ്ടോ പ്രശ്നങ്ങള്‍ സാമാന്യവല്‍ക്കരിക്കുകയല്ലെന്നും പത്രം അടിവരയിടുന്നു.
ബറേലിയിലെ റോഹില്‍ഖണ്ഡ് യൂനിവേഴ്സിറ്റിയിലെ ഒന്നാം വർഷ മെഡിക്കല്‍ എന്‍ജിനീയറിംഗ് വിദ്യാർഥിനിയാണ് അനം നിഷ. പെണ്‍കുട്ടിയെ കോളേജില്‍ അയക്കുന്നതിനെതിരെ രംഗത്തുവന്ന ബന്ധുക്കളെ അതിജയിച്ചാണ് അവളുടെ മാതാപിതാക്കള്‍ മകളെ പഠിപ്പിച്ച് എന്‍ജിനീയറാക്കാന്‍ തീരുമാനിച്ചത്. കുടുംബത്തിലെ ആദ്യ എന്‍ജിനീയറാകും അവള്‍.
ക്ലാസിലെ കൂട്ടുകാരികളില്‍ ഭൂരിഭാഗവും ഹിന്ദു പെണ്‍കുട്ടികളായിരുന്നു. പക്ഷേ ഈ വർഷം യു.പിയില്‍ നടന്ന തെരഞ്ഞെടുപ്പ് കാര്യങ്ങള്‍ മാറ്റിമറിച്ചു.
കൂട്ടുകാരികള്‍ക്കിടയില്‍ ഹിന്ദു-മുസ് ലിം വേർതിരിവ് വർധിച്ചു. ഇതിന് മുമ്പ് എനിഇക്കൊരിക്കലും ഇങ്ങനെ തോന്നിയിട്ടില്ല. ഇപ്പോള്‍ സൌഹൃദ സംഭാഷണങ്ങളും ചർച്ചകളും ഹിന്ദു, മുസ് ലിം വേർതിരിവോടെയാണ് നടക്കുന്നത്. അവർ ഇപ്പോള്‍ ഞങ്ങളെ വേറിട്ടുതന്നെയാണ് കാണുന്നത്. ബി.ജെ.പിയാണ് ഈ വേർതിരിവുണ്ടാക്കിയത്- അനം നിഷ പറയുന്നു.
ഗൊരഖ് പുരിലെ അവാസന വർഷ വിദ്യാർഥിയായ മുഹമ്മദ് തന്‍വീർ ഇതു ശരിവെയ്ക്കുന്നു. പ്രധാനമന്ത്രി വന്ന ഖബർസ്ഥാനെ കുറിച്ചും ശ് മശാന്‍ഘട്ടിനെ കുറിച്ചും സംസാരിച്ചപ്പോള്‍ അത് അസ്വസ്ഥതയുണ്ടാക്കുന്നതായിരുന്നു. ഓരോ ദിവസവും ഉയർത്തിക്കൊണ്ടുവരുന്ന പ്രശ്നങ്ങള്‍ നോക്കൂ. ചിലപ്പോള്‍ ചോദിച്ചു പോകും. ഞങ്ങളുടെ പേരാണോ ഇതിനൊക്കെ കാരണം- തന്‍വീർ പറഞ്ഞു.
കിഷന്‍ഗഞ്ചിലെ അലീഗഢ് ക്യാമ്പസില്‍ അസി. പ്രൊഫസറാണ് ഫിറോസ് അഹ് മദ്. അദ്ദേഹം പറയുന്നു മുസ് ലിംകള്‍ ഇപ്പോള്‍ പൊതുചർച്ചകളിലൊന്നും പങ്കെടുക്കാതായി. എന്തെങ്കിലും പറഞ്ഞാല്‍ അതു തെറ്റായാണ് മനസ്സിലാക്കപ്പെടുന്നതും പ്രചരിപ്പിക്കുന്നതും. അതുകൊണ്ടുതന്നെ അവർ കൂട്ടം ചേരുന്നത് ഒഴിവാക്കുകയാണ്. സമൂഹ മാധ്യമങ്ങളില്‍ എന്തെങ്കിലും അഭിപ്രായ പ്രകടനം നടത്തിയാല്‍ ഉടന്‍ തന്നെ ദേശവിരുദ്ധനും ഭീകരനും പാക്കിസ്ഥാനിയുമായി- അദ്ദേഹം പറയുന്നു.
നാല് സംസ്ഥാനങ്ങളില്‍ സെന്‍റർ ഫോർ ഡെവലപ് മെന്‍റ് സ്റ്റഡീസ് നടത്തിയ ഒരു സർവേയില്‍ മനോനിലയിലെ മാറ്റം പ്രകടമാണ്. ഗുജറാത്ത്, ഒഡീഷ, കർണാടക, ഹരിയാന എന്നീ സംസ്ഥാനങ്ങളിലായിരുന്നു സർവേ. മുസ് ലിംകള്‍ നല്ല രാജ്യസ്നേഹികളാണെന്ന് 13 ശതമാനം ഹിന്ദുക്കള്‍ മാത്രമേ കാണുന്നുള്ളൂ. 77 ശതമാനം മുസ് ലിംകളും തങ്ങള്‍ ഈ രാജ്യത്തെ അതിരറ്റു സ്നേഹിക്കുന്നുവെന്ന് വിശ്വസിക്കുമ്പോഴാണിത്.
എന്താണ് നിങ്ങളെ പ്രത്യേകിച്ച് ആശങ്കയിലാക്കുന്നതെന്ന ചോദ്യത്തിന് ഫിറോസ് അഹ് മദിന്‍റെ മറുപടി വിദ്വേഷ കാമ്പയിനെ കുറിച്ചായിരുന്നു. ലവ് ജിഹാദ്, മുത്തലാഖ്, ഗോരക്ഷ, ഘർവാപ് സി തുടങ്ങിയ വിഷയങ്ങളൊക്കെ ഉയർത്തിക്കൊണ്ടു വരുമ്പോള്‍ ആരെയാണ് ലക്ഷ്യമിടുന്നത്. എല്ലാ ചർച്ചകളും ഒരേ രീതിയിലാണ്. മുസ് ലിംകളെ ലക്ഷ്യമിട്ട് പുതിയ ചർച്ചകള്‍ക്ക് തീ കൊളുത്താനുളള ശ്രമമാണ് നടക്കുന്നത്.
സബ് കാ സാത് സബ് കാ വികാസ് എന്നു പറയുന്ന പ്രധാനമന്ത്രിയെയല്ല, അദ്ദേഹത്തിന്‍റെ പേരു പറഞ്ഞ് പ്രവർത്തിക്കുന്നവരേയാണ് ശിക്ഷിക്കേണ്ടത്-ഫിറോസ് പറയുന്നു.
ദേശീയതയെ കുറിച്ചുള്ള ചർച്ചകള്‍ വലിയ വിടവാണ് സൃഷ്ടിക്കുന്നതെന്ന് എം.ബി.എ വിദ്യാർഥി ശദബ് ഖാന്‍ പറയുന്നു. ഐ ലവ് ബാഴ്സലോണ എന്നു പറഞ്ഞാല്‍ ഞാന്‍ ദേശീയവാദിയാണ്. എന്നാല്‍ പാക്കിസ്ഥാനി താരം അഫ് രീദിയെ ഇഷ്ടപ്പെടുന്നുവെന്ന് പറഞ്ഞാല്‍ ദേശ വിരുദ്ധനായി. കോളേജിലും തെരുവിലും സമുഹ മാധ്യമങ്ങളിലുമൊക്കെ ഇതാണ് സംഭവിക്കുന്നത്- ശദബ് ഖാന്‍ പറഞ്ഞു.
യു.പിയിലെ എല്ലാ മേഖലളിലും വിവിധ പ്രായക്കാരായ മുസ് ലിംകള്‍ ബി.ജെ.പിയേയും സംഘ് പരിവാറിനേയുമാണ് കുറ്റപ്പെടുത്തുന്നത്. ഒപ്പം മാധ്യമങ്ങളേയും. ടി.വി വാർത്തകള്‍ കാണാതിരുന്നാല്‍ ഇത്തിരി സമാധാനവും സുരക്ഷിതത്വവുമുണ്ടാകുമെന്നാണ് ബറേലിയിലെ രണ്ടാം വർഷ കെമിക്കല്‍ എന്‍ജിനീയറിംഗ് ഹീബ റോഷന്‍ പറഞ്ഞു.
വിവേചനം എല്ലാ തലത്തിലുമുണ്ടെന്ന് കിഷന്‍ഗഞ്ചിലെ എ.എം.യു. കാമ്പസ് ഡയരക് ടർ റാഷിദ് നെഹാള്‍ പറഞ്ഞു. രണ്ട് താല്‍ക്കാലിക കെട്ടിടങ്ങളിലാണ് കാമ്പസ് പ്രവർത്തിക്കുന്നത്. ഒരു കെട്ടിടത്തില്‍ താഴെ ക്ലാസ് റൂമും മുകളില്‍ പെണ്‍കുട്ടികള്‍ക്കുള്ള ഹോസ്റ്റലുമാണ്. രണ്ട് കോഴ് സുകള്‍ മാത്രമേ അനുവദിച്ചിട്ടുള്ളൂ. അതില്‍ തന്നെ ഫാക്കല്‍റ്റി നിയമനത്തിനു സാധിച്ചിട്ടില്ല. ബി.ജെ.പി സർക്കാർ അധികാരത്തില്‍ വന്ന ശേഷം നയാപൈസ പോലും അനുവദിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. പിന്നോക്ക മേഖലക്കുവേണ്ടി 136 കോടി രൂപ നീക്കിവെച്ചിരുന്നു. ഇതില്‍നിന്ന് പത്ത് കോടി രൂപ മാത്രമാണ് നല്‍കിയത്. അതും ബി.ജെ.പി അധികാരത്തില്‍ വരുന്നതിനുമുമ്പ്-അദ്ദേഹം പറഞ്ഞു.
തുണിക്കട നടത്തുന്ന അദ്നാന് പറയാനുളളത് മറ്റൊരു കാര്യമാണ്. മുദ്ര സ്കീം പ്രകാരം അഞ്ച് ലക്ഷം രുപയുടെ വായ്പക്ക് അപേക്ഷിച്ച അദ്ദേഹത്തിനു അതിനു പിന്നാലെ നടന്നതു മാത്രമാണ് മിച്ചം. അവസാനം ബാങ്ക് ഉദ്യോഗസ്ഥന്‍ തന്നെ ഉപദേശിച്ചു. സമയം കളയേണ്ട, നിങ്ങള്‍ക്കിത് കിട്ടില്ല. മുസ് ലിമായതു കൊണ്ടു മാത്രമാണ് വായ്പ നിഷേധിച്ചതെന്ന് അദ്ദേഹം കരുതുന്നു.
സർവേയില്‍ പങ്കെടുത്ത പലരും പല പ്രശ്നങ്ങളാണ് പറഞ്ഞതെങ്കിലും എല്ലാവരും അവസാനം ചോദിച്ചത് കിഷന്‍ഗഞ്ചിലെ ഒരു വിദ്യാർഥി ചോദിച്ച ചോദ്യമായിരുന്നു. ഞാന്‍ എപ്പോഴും കരുതന്നത് ഇന്ത്യക്കാരനെന്നാണ്. എന്നാല്‍ ഇപ്പോള്‍ ചോദിക്കാന്‍ നിർബന്ധിതനാകുന്നു, ഇത് എന്‍റെ രാജ്യമാണോ?