Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഹിന്ദുത്വ ശക്തികളുടെ വിധ്വംസക നീക്കങ്ങള്‍ പുതിയ ഘട്ടത്തിലേക്ക്

സ്വതന്ത്രവും ആരോഗ്യകരവുമായ സാമുദായിക പ്രവർത്തനങ്ങൾ നടത്തിവരുന്ന സംഘടനകൾക്കും ആത്മീയ പ്രവൃത്തികളിൽ വ്യാപൃതമായിട്ടുള്ള സ്ഥാപനങ്ങൾക്കും നേതാക്കൾക്കും എല്ലാ പ്രവർത്തന സ്വാതന്ത്ര്യവും സംരക്ഷണവും ഉറപ്പുനൽകുന്ന പ്രബുദ്ധതയുടെ മാതൃകാസ്ഥാനമാണ് കേരളം. അത്തരം സംഘടനകളെയും നേതൃത്വത്തെയും തെറ്റിദ്ധരിപ്പിച്ചും ദുരുപയോഗം ചെയ്തും സാമുദായിക ധ്രുവീകരണത്തിന് മുതിരുന്നത് ഒരു നാടിനോടും ജനതയോടും ചെയ്യുന്ന അത്യന്തം ഹീനമായ കുറ്റകൃതമാണ്.

നാളിതുവരെ നടത്തിവന്ന സമരാഭാസങ്ങൾ ഓരോന്നും പരാജയപ്പെട്ട പശ്ചാത്തലത്തിലാണ് ആചാര സംരക്ഷണത്തിന്റെ പേരിൽ ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഐക്യത്തെയും സദ്ഭാവനയെയും പുരോഗമന മുന്നേറ്റത്തെയും തകർക്കാൻ തീവ്ര ഹിന്ദുത്വ ശക്തികൾ നടത്തിവന്ന വിധ്വംസക നീക്കങ്ങൾ പുതിയ ഘട്ടത്തിലേക്ക് കടന്നിരിക്കുന്നത്.
ശബരിമല സന്നിധാനത്തും തീർഥാടന വഴികളിലും അക്രമം അഴിച്ചുവിട്ട് നിയമ വാഴ്ച തകർക്കാനും അരാജകത്വം സൃഷ്ടിക്കാനും ആർ.എസ്.എസ് - ബി.ജെ.പി - സംഘ്പരിവാർ ശക്തികൾ നടത്തിയ എല്ലാ ശ്രമങ്ങളെയും ഫലപ്രദമായി തടയാൻ സംസ്ഥാന ഭരണകൂടത്തിനും ഹൈക്കോടതിക്കും കഴിഞ്ഞിരുന്നു. തുടർന്നാണ് സംസ്ഥാന സർക്കാരിനു മേൽ കമ്യൂണിസ്റ്റ് നിരീശ്വര വാദം ആരോപിച്ച് ബി.ജെ.പി സെക്രട്ടറിയേറ്റ് നടയിൽ നിരാഹാര സമരം ആരംഭിച്ചത്.
ജീവിത നൈരാശ്യം ബാധിച്ച് ആത്മഹത്യ ചെയ്ത ഒരു സാധു മനുഷ്യനെ ബലിദാനിയാക്കി സമരത്തെ വെന്റിലേറ്ററിലെങ്കിലും ജീവനോടെ നിലനിർത്താനുള്ള നാണംകെട്ട ശ്രമം വരെ നടന്നു. അതും ദയനീയമായി പരാജയപ്പെട്ട് പെട്ടിയും പടവും മടക്കി രംഗത്തുനിന്നും അമ്പതു ദിവസം തികയ്ക്കാനാവാതെ അവർക്ക് പിൻമാറേണ്ടി വന്നു. സംഘ്പരിവാർ നേതൃത്വം നൽകുന്ന തീവ്ര ഹിന്ദുത്വ ശക്തികൾക്ക് കേരളത്തിലെ ദശലക്ഷക്കണക്കായ സ്ത്രീകൾ സംഘടിതമായി അണിനിരന്ന വനിതാ വൻമതിൽ ധാർമികമായും രാഷ്ട്രീയമായും കനത്ത തിരിച്ചടിയായി. ആത്മവീര്യവും സമര വീര്യവും ഒരുപോലെ തകർന്ന സംഘ്പരിവാർ ശക്തികൾ തങ്ങളുടെ ഗുണ്ടാ സംഘങ്ങളെ കെട്ടഴിച്ചുവിട്ട് സംസ്ഥാനത്തെ കലാപ ഭൂമിയാക്കി മാറ്റാൻ കഠിനയത്‌നം നടന്നു. അത് കേരളത്തിലെ സമാധാന കാംക്ഷികളായ ജനങ്ങൾക്ക് മുമ്പിൽ അവരുടെ ലക്ഷ്യം തുറന്നുകാട്ടി. 
സെക്രട്ടറിയേറ്റ് സമരപ്പന്തൽ ആളൊഴിഞ്ഞ പൂരപ്പറമ്പ് പോലെ വിജനമായി. സായാഹ്നങ്ങളിലെ ചാനൽ ചർച്ചകളെ ശബ്ദമുഖരിതമാക്കിയിരുന്ന ബി.ജെ.പി പടനായകന്മാരാരും ആഹാരമുപേക്ഷിച്ചുള്ള സഹന സമരത്തിന് സന്നദ്ധമല്ലെന്ന് വന്നതോടെയാണ് ബി.ജെ.പി നേതൃത്വത്തിന് പത്തി മടക്കി സമര മുഖത്തുനിന്നും പലായനം ചെയ്യേണ്ടിവന്നത്.
കേരളത്തിൽ മത യാഥാസ്ഥിതികത്വത്തിനും അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരായ നവോത്ഥാന മുന്നേറ്റത്തെ പ്രതിരോധിക്കാൻ അതാതു കാലങ്ങളിൽ ശ്രമിച്ചു പരാജയപ്പെട്ട പ്രതിലോമ ശക്തികളുടെ പിൻമുറക്കാർ തങ്ങളുടെ മുൻഗാമികളുടെ അതേ പരാജയ പാതയിലാണ്. നിരവധി ദശകങ്ങൾ നീണ്ടുനിന്ന, മാറുമറയ്ക്കാനുള്ള ചാന്നാർ സ്ത്രീകളടക്കം അധഃസ്ഥിത വനിതകളുടെ അവകാശം അംഗീകരിക്കപ്പെട്ടിട്ടും അതിനെതിരെ സവർണ മേലാളർ സംഘടിച്ചെത്തിയ അതേ പുത്തരിക്കണ്ടം മൈതാനിയിൽ തന്നെയാണ് അയ്യപ്പ സംഗമം അരങ്ങേറിയത്. യാദൃഛികമെങ്കിലും അത് ചരിത്രത്തിന്റെ അസംബന്ധ പൂർണമായ ആവർത്തനമായി. വിശ്വാസികളായ സാധാരണക്കാരെ നാമജപ സമരങ്ങൾക്കായി കുത്തിയിളക്കിവിടുന്നവർക്ക് കൃത്യമായ ലക്ഷ്യങ്ങളുണ്ട്. കേരളം അഭിമുഖീകരിക്കുന്ന കാതലായ സാമ്പത്തിക രാഷ്ട്രീയ പ്രശ്‌നങ്ങളിൽ നിന്നും ജനശ്രദ്ധ തിരിക്കുക എന്നതാണ് അത്.
വരാൻ പോകുന്ന തെരഞ്ഞെടുപ്പ് മോഡി സർക്കാരിന്റെ അഴിമതിക്കും കോർപറേറ്റ് അനുകൂല ജനദ്രോഹ നയങ്ങൾക്കും കേരളത്തോടുള്ള ക്രൂരമായ അവഗണനയ്ക്കുമെതിരായ വിധിയെഴുത്താവുമെന്ന് നന്നായി അറിയുന്നത് ആർ.എസ്.എസിനും ബി.ജെ.പിക്കും സംഘ്പരിവാർ ശക്തികൾക്കുമാണ്. കഴിഞ്ഞ വർഷം ലോകം കണ്ട ഏറ്റവും കനത്ത പ്രകൃതിദുരന്തത്തിൽ നിന്നും കരകയറാൻ കേരളം നടത്തിയ ശ്രമങ്ങളെ ഓരോന്നായി അട്ടിമറിക്കാനാണ് മോഡി ഭരണകൂടം ശ്രമിച്ചത്. കേരളത്തിന് അർഹമായ ദുരിതാശ്വാസം നിഷേധിക്കുക മാത്രമല്ല, അതിനു സന്നദ്ധരായ വിദേശ രാജ്യങ്ങളെ പോലും പിന്തിരിപ്പിക്കുകയായിരുന്നു അവർ. കേരളത്തെ ശ്വാസംമുട്ടിച്ച് ദുരിതക്കയത്തിൽ ചവിട്ടിത്താഴ്ത്താൻ നടത്തിയ ശ്രമങ്ങൾ മറച്ചുവെക്കാനും അക്കാര്യങ്ങൾ ചർച്ച ചെയ്യപ്പെടാതിരിക്കാനും വൈകാരിക രാഷ്ട്രീയ അന്തരീക്ഷവും സാമൂഹിക ധ്രുവീകരണവും ഉറപ്പ് വരുത്തുക എന്നതാണ് സംഘ്പരിവാർ ലക്ഷ്യം. അത് ബി.ജെ.പി നേതൃത്വത്തിന്റെയും മോഡി ഭരണകൂടത്തിന്റെയും ഒത്താശയോടെയും സജീവ പിന്തുണയോടെയും നടത്തുന്ന അട്ടിമറി പ്രവർത്തനമാണ്.
ശബരിമല വിഷയം സജീവമായി നിലനിർത്തി ജനാധിപത്യ പ്രക്രിയയെയും സ്വതന്ത്രമായ രാഷ്ട്രീയ പ്രവർത്തനത്തെയും തടയാനും ജനകീയ ഐക്യത്തെ തകർക്കാനുമുള്ള തീവ്ര ഹിന്ദുത്വ ശക്തികളുടെ കുത്സിത പ്രവൃത്തിക്കെതിരെ ജനങ്ങളും മതനിരപേക്ഷതയിലും ജനാധിപത്യത്തിലും നിയമ വാഴ്ചയിലും വിശ്വസിക്കുന്ന രാഷ്ട്രീയ ശക്തികളും ജാഗ്രത പുലർത്തണം. സ്വതന്ത്രവും ആരോഗ്യകരവുമായ സാമുദായിക പ്രവർത്തനങ്ങൾ നടത്തിവരുന്ന സംഘടനകൾക്കും ആത്മീയ പ്രവൃത്തികളിൽ വ്യാപൃതമായിട്ടുള്ള സ്ഥാപനങ്ങൾക്കും നേതാക്കൾക്കും എല്ലാ പ്രവർത്തന സ്വാതന്ത്ര്യവും സംരക്ഷണവും ഉറപ്പു നൽകുന്ന പ്രബുദ്ധതയുടെ മാതൃകാ സ്ഥാനമാണ് കേരളം. അത്തരം സംഘടനകളെയും നേതൃത്വത്തെയും തെറ്റിദ്ധരിപ്പിച്ചും ദുരുപയോഗം ചെയ്തും സാമുദായിക ധ്രുവീകരണത്തിന് മുതിരുന്നത് ഒരു നാടിനോടും ജനതയോടും ചെയ്യുന്ന അത്യന്തം ഹീനമായ കുറ്റകൃതമാണ്. അത്തരം പ്രതിലോമ ശക്തികൾക്കും പ്രവർത്തനങ്ങൾക്കും എതിരായ ഫലപ്രദമായ പ്രതിരോധം ജനകീയ ചെറുത്തുനിൽപാണെന്ന് പ്രബുദ്ധ കേരളം തിരിച്ചറിയണം.
 

Latest News