ന്യൂദല്‍ഹി- പ്രധാനമന്ത്രി നരേന്ദ്ര മോഡി അധികാരത്തിലേറിയ 2014 ലെ പൊതു തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിംഗ് വോട്ടിംഗ് യന്ത്രത്തില്‍ ഹാക്കിംഗ് നടന്നുവെന്ന് ആരോപിച്ച സൈബര്‍ വിദഗ്ധനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ദല്‍ഹി പോലീസില്‍ പരാതി നല്‍കി. അമേരിക്ക ആസ്ഥാനമായുള്ള സൈബര്‍ വിദഗ്ധന്‍ സയിദ് ഷുജ നടത്തിയ വെളിപ്പെടുത്തലില്‍ വിശദമായ അന്വേഷണം വേണമെന്നാണ് ആവശ്യം.
സൈബര്‍ വിദഗ്ധന്റെ ആരോപണത്തില്‍ നിയമനടപടി സ്വീകരിക്കുമെന്ന് കമ്മീഷന്‍ തിങ്കളാഴ്ച തന്നെ വ്യക്തമാക്കിയിരുന്നു. ഇന്ത്യയില്‍ ഉപയോഗിക്കുന്ന വോട്ടിംഗ് യന്ത്രങ്ങള്‍ സുരക്ഷിതമാണെന്നും കര്‍ശന മേല്‍നോട്ടത്തിലാണ് അവ ഉപയോഗിക്കുന്നതെന്നുമാണ് കമ്മീഷന്റെ വിശദീകരണം. വയര്‍ലെസ് വഴി ഒന്നുംതന്നെ വോട്ടിംഗ് യന്ത്രത്തില്‍ എത്തിക്കാന്‍ സാധിക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ സാങ്കേതിക വിദഗ്ധന്‍ ഡോ. രജത് മൂനയും വ്യക്തമാക്കി.
2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് യന്ത്രങ്ങളില്‍ കൃത്രിമം നടന്നുവെന്നാണ് സയിദ് ഷുജയുടെ ആരോപണം. വോട്ടിംഗ് യന്ത്രത്തിലെ കൃത്രിമം അറിയാവുന്ന ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന ഗോപിനാഥ് മുണ്ടെയെ കൊലപ്പെടുത്തിയതാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
അതിനിടെ, വോട്ടിംഗ് യന്ത്രത്തിനെതിരായ വിവാദ വെളിപ്പെടുത്തലുണ്ടായ ലണ്ടന്‍ ഹാക്കത്തോണില്‍ പങ്കെടുത്തതിനെ കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ ന്യായീകരിച്ചു. ക്ഷണം ലഭിച്ചതിനാല്‍ വ്യക്തി എന്ന നിലയിലാണ് പരിപാടിയില്‍ പങ്കെടുത്തതെന്നും കോണ്‍ഗ്രസ് പ്രതിനിധിയായിട്ടല്ലെന്നും അദ്ദേഹം വ്യക്തമാക്കി.