Sorry, you need to enable JavaScript to visit this website.

ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍; സൗദിയിലുളളവര്‍ ജാഗ്രത പുലര്‍ത്തണം

ജിദ്ദ- എ.ടി.എം ബ്ലോക്കാകുമെന്ന്് അറിയിച്ചും മറ്റും ബാങ്ക് അക്കൗണ്ട് നമ്പറും രഹസ്യ വിവരങ്ങളും കൈക്കലാക്കാനുളള തട്ടിപ്പുകാരുടെ ശ്രമം തുടരുന്നതിനിടെ, ജിദ്ദയില്‍ അക്കൗണ്ട് ഉടമ കബളിപ്പിക്കപ്പെട്ടതായി റിപ്പോര്‍ട്ട്.
പ്രശസ്തമായ സൗദി ബാങ്കിന്റെ മൊബൈല്‍ ആപ്ലിക്കേഷനിലാണ് ഉടമ അറിയാതെ പുതിയ ബെനിഫിഷ്യറി ചേര്‍ക്കപ്പെട്ടത്. താന്‍ നേരത്തെ ഉള്‍പ്പെടുത്തിയ ബെനിഫിഷ്യറിയാണെന്ന് കരുതി മലയാളിയായ അക്കൗണ്ട് ഉടമ പണം ട്രാന്‍സ്ഫര്‍ ചെയ്തതിനുശേഷമാണ് തട്ടിപ്പ് ശ്രദ്ധയില്‍ പെട്ടത്. ഇടപാടിനൊന്നും ശ്രമിക്കാതെ തന്നെ വീണ്ടും ഫോണില്‍ ഒ.ടി.പി (വണ്‍ ടൈം പാസ് വേഡ് ) വന്നതോടെയാണ് മൊബൈല്‍ ആപ്പില്‍ ഇദ്ദേഹം അക്കൗണ്ട് പരിശോധിച്ചത്. ഉദ്ദേശിച്ചയാള്‍ക്കല്ല, പണം വേറൊരു അക്കൗണ്ടിലേക്കാണ് പോയതെന്ന് മനസ്സിലായ ഉടന്‍ ബാങ്കിനെ സമീപിച്ച് പരാതി നല്‍കി.

നേരത്തെ ഉണ്ടായിരുന്ന ഒരു ബെനിഫിഷ്യറിയുടെ പേരിനോട് സാമ്യമുളള മറ്റൊരു പേരാണ് പുതുതായി ചേര്‍ക്കപ്പെട്ടിരുന്നത്. താന്‍ ചേര്‍ത്തതാണെന്ന് കരുതിയാണ് ആ പേരിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്‌തെന്ന് അക്കൗണ്ട് ഉടമ പറയുന്നു.
സാധാരണ ഗതിയില്‍ പുതിയ ഒരു ബെനിഫിഷ്യറിയെ ചേര്‍ക്കാന്‍ ഏതു ബാങ്കിന്റെ മൊബൈല്‍ ആപ്പിലും ഉടമയുടെ വെരിഫിക്കേഷന് സംവിധാനമുണ്ട്. ചില ബാങ്കുകള്‍ എസ്.എം.എസ് വഴി ഒ.ടി.പി അയക്കുമ്പോള്‍ മറ്റു ചില ബാങ്കുകള്‍ ഓട്ടോമേറ്റഡ് കോളായാണ് അക്കൗണ്ട് ഉടമയെ കോഡ് അറിയിക്കാറുള്ളത്.  ഇതൊന്നുമില്ലാതെ ബെനിഫിഷ്യറി ചേര്‍ക്കപ്പെട്ട വിവരം ബാങ്കിനെ അറിയിച്ച് കാത്തിരിക്കയാണ് അക്കൗണ്ട് ഉടമ. ഉടന്‍ തന്നെ പണം തിരികെ ലഭിക്കുമെന്നും പ്രശ്‌നം പരിഹരിക്കുമെന്നും ബാങ്ക് അധികൃതര്‍ ഉറപ്പു നല്‍കി.
അപ്‌ഡേറ്റ് ചെയ്യാത്തതിനാല്‍ എ.ടി.എം ബ്ലോക്കാകുമെന്ന് അറിയിച്ചു കൊണ്ട് തട്ടിപ്പുകാര്‍ നിരന്തരം വിളിച്ചു കൊണ്ടിരിക്കുന്ന പ്രശസ്ത ബാങ്കിലാണ് സംഭവം. ബാങ്കും ഉപഭോക്താവും അറിയാതെ ഒരു ബെനിഫിഷ്യറി എങ്ങനെ ചേര്‍ക്കപ്പെട്ടുവെന്നത് ദുരൂഹമാണ്.  എസ്.എം.എസ് വഴിയും ഫോണ്‍ വഴിയും മെസഞ്ചര്‍ ആപ്പായ ഐ.എം.ഒ വഴിയും ഉപഭോക്താക്കളെ ബന്ധപ്പെടുന്ന തട്ടിപ്പുകാര്‍ക്ക് താന്‍ ഒരു വിവരവും കൈമാറിയിട്ടില്ലെന്ന് കബളിപ്പിക്കപ്പട്ട അക്കൗണ്ട് ഉടമ പറയുന്നു.
കംപ്യൂട്ടര്‍ വഴിയും മൊബൈല്‍ ആപ്പ് വഴിയും ഓണ്‍ലൈനായി പണം ട്രാന്‍സ്ഫര്‍ ചെയ്യുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നതിലേക്കാണ് ഈ തട്ടിപ്പ് വിരല്‍ ചൂണ്ടുന്നത്. ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനു മുമ്പ് യഥാര്‍ഥത്തില്‍ പണമയക്കേണ്ട അക്കൗണ്ട് ഉടമ തന്നെയാണെന്ന് ഉറപ്പുവരുത്തണം. പേരിലെ സാമ്യം മുതലെടുത്താണ് കബളിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പുതിയ അക്കൗണ്ടുകള്‍ ഉള്‍പ്പെടുത്തുന്നത്.
എ.ടി.എം ബ്ലോക്കായെന്നും അക്കൗണ്ട് അപ്‌ഡേറ്റ് ചെയ്യണമെന്നും അറിയിച്ചു കൊണ്ട് അക്കൗണ്ട് നമ്പറും ഇഖാമ നമ്പറും ഫോണില്‍ ചോദിക്കുന്നവര്‍ക്ക് നല്‍കരുതെന്ന് ബാങ്കുകള്‍ ആവര്‍ത്തിച്ചു മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ബാങ്കുകള്‍ ഒരിക്കലും ടെലിഫോണ്‍ വഴി അക്കൗണ്ട് വിവരങ്ങള്‍ ആവശ്യപ്പെടില്ല. തട്ടിപ്പ് കോളുകള്‍ വരുന്ന നമ്പറുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സൗദി ടെലിക്കോം കമ്പനി (എസ്.ട.സി) പ്രത്യേക നമ്പര്‍ തന്നെ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 

 

Latest News