ജക്കാര്‍ത്ത- ഇന്തോനേഷ്യയില്‍ 189 പേരുടെ മരണത്തിനിടയാക്കിയ വിമാന ദുരന്തത്തില്‍ ലഭിച്ച കോക്പിറ്റ് വോയിസ് റെക്കോര്‍ഡറിലെ വിവരങ്ങള്‍ തല്‍ക്കാലം വെളിപ്പെടുത്തേണ്ടതില്ലെന്ന് അധികൃതരുടെ തീരുമാനം. ഓഗ്‌സറ്റിലോ സെപ്റ്റംബറിലോ അന്തിമ അന്വേഷണ റിപ്പോര്‍ട്ട് വരുന്നതുവരെ ബ്ലാക് ബോക്‌സ് വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കാനാണ് തീരുമാനം.
ഒക്ടോബര്‍ 29ന് പറന്നുയര്‍ന്ന ഉടന്‍ തകര്‍ന്ന ബോയിങ് 737 മാക്‌സ് ജെറ്റില്‍ ഉണ്ടായിരുന്ന 189 പേരും മരിച്ചിരുന്നു. ആദ്യമായാണ് ഒരു ബോയിങ് മാക്‌സ് ജെറ്റ് തകര്‍ന്നത്.
ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയില്‍നിന്ന് വടക്കുള്ള ജാവ സമുദ്രത്തില്‍നിന്ന് ഈ മാസം 14 നാണ് രണ്ടാമത്തെ ബ്ലാക് ബോക്‌സ് കണ്ടെടുത്തത്. പൈലറ്റുമാരുടെ അവസാന നടപടികള്‍ ഇതിലുണ്ടാകുമെന്നാണ് കരുതുന്നത്.