Sorry, you need to enable JavaScript to visit this website.

മുനമ്പത്തുനിന്ന് പുറപ്പെട്ട ബോട്ട് നേരിട്ട് ന്യൂസിലാന്‍ഡ് ലക്ഷ്യമിട്ട് നീങ്ങിയെന്ന് സംശയം

കൊച്ചി- മുനമ്പത്തുനിന്ന്  നൂറിലേറെ പേരുമായി യാത്ര തിരിച്ച ബോട്ട് ഇനിയും കണ്ടെത്തിയില്ല. ഇന്ത്യക്കാരും ശ്രീലങ്കന്‍ അഭയാര്‍ഥികളുമുള്ള ബോട്ട് ന്യൂസിലാന്‍ഡിലേക്ക് പോകുന്നതായാണ് പോലീസ് കരുതുന്നത്. ലഭ്യമായ വിവരങ്ങള്‍ ന്യുസിലാന്‍ഡിനും ഓസ്‌ട്രേലിയക്കും കൈമാറിയിട്ടുണ്ട്. ഈ മാസം 12 നാണ് ദയാമാതാ എന്ന ബോട്ട് മുനമ്പത്തുനിന്ന് പുറപ്പെട്ടത്.  രണ്ട് മാസം മുന്‍പും മുനമ്പത്തു നിന്നു മനുഷ്യക്കടത്തു നടന്നതായി രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിട്ടുണ്ട്. 75 പേരടങ്ങുന്ന സംഘമാണ് അന്നു പോയത്.

കേരള പോലീസിന്റെ കസ്റ്റഡിയിലുള്ള മനുഷ്യക്കടത്ത് സംഘത്തിലെ കണ്ണി പ്രഭു ദണ്ഡവാണിയുടെ മൊഴിയനുസരിച്ച് ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് എന്നിവിടങ്ങളിലേക്കുള്ള അനധികൃത കുടിയേറ്റത്തിന്റെ ഇടത്താവളം ഇന്തോനേഷ്യയിലെ ജാവയാണ്. ജാവയ്ക്കു സമീപം ചെറുദ്വീപുകളിലാണു മനുഷ്യക്കടത്തുകാരുടെ ബോട്ടുകള്‍ സുരക്ഷിതമായി അടുപ്പിക്കുക. കടല്‍ കടന്നെത്തുന്ന ശ്രീലങ്കന്‍ അഭയാര്‍ഥികളെ അവരുടെതന്നെ യാത്രാരേഖകളിലും ബംഗ്ലദേശ്, റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളെ വ്യാജ മലേഷ്യന്‍ പാസ്‌പോര്‍ട്ടിലുമാണു ജാവയില്‍നിന്നു ചെറുസംഘങ്ങളായി ചരക്കുകപ്പലുകളില്‍ ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് എന്നിവിടങ്ങളില്‍ എത്തിക്കുന്നത്.
മുനമ്പത്തുനിന്ന് പുറപ്പെട്ട ബോട്ട് നേരിട്ടു തന്നെ ന്യൂസിലാന്‍ഡ് അല്ലെങ്കില്‍ ഓസ്‌ട്രേലിയ ലക്ഷ്യമിട്ട് നീങ്ങിയെന്നാണ് സംശയിക്കുന്നത്. സ്ത്രീകളും കുട്ടികളുമടക്കം ബോട്ടില്‍ 100 മുതല്‍ 200 വരെ പേരുണ്ടെന്നും കരുതുന്നു. ബോട്ട് കണ്ടെത്താന്‍ ഇന്ത്യന്‍ തീരസംരക്ഷണ സേനയടക്കം വിവിധ ഏജന്‍സികള്‍ തിരച്ചില്‍ തുടരുകയാണ്. ലോകത്ത് തന്നെ ഏറ്റവും ദുഷ്‌കരമായ 7000 മൈല്‍ സമുദ്ര പാത താണ്ടിവേണം ന്യൂസിലാന്‍ഡിലേത്താന്‍. ഇന്തോനേഷ്യക്കും ഓസ്‌ട്രേലിയക്കുമിടയിലുള്ള സമുദ്ര പാതയില്‍ ചുഴലിക്കാറ്റ് സാധാരണമാണ്.

 

Latest News