കാബൂള്‍- അഫ്ഗാനിസ്ഥാനില്‍ സൈനിക പരിശീലന കേന്ദ്രത്തിന് നേരെയുണ്ടായ താലിബാന്‍ ഭീകരാക്രമണത്തില്‍ 126 സൈനികര്‍ കൊല്ലപ്പെട്ടു. സൈനിക കേന്ദ്രത്തിന് നേരെ ചാവേര്‍ കാര്‍ ഇടിച്ച് കയറ്റുകയായിരുന്നു. ഇതേസമയം വെടിയുതിര്‍ക്കുകയും ചെയ്തു. 12 പേര്‍ മാത്രമാണ് കൊല്ലപ്പെട്ടതെന്നായിരുന്നു സര്‍ക്കാരിന്റെ ആദ്യ വിശദീകരണം.
വാഹനം പൊട്ടിത്തെറിച്ച ശേഷം സൈനികരുമായി ഏറ്റുമുട്ടിയ ഭീകരരെ വധിച്ചതായി സര്‍ക്കാര്‍ വ്യക്തമാക്കി. ലോഗാര്‍ പ്രവിശ്യയിലെ ഗവര്‍ണര്‍ക്കെതിരെ ഭീകരര്‍ കഴിഞ്ഞ ദിവസം ആക്രമണം നടത്തിയിരുന്നു. സ്‌ഫോടനത്തില്‍ അദ്ദേഹത്തിന്റെ ഏഴു സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുകയും ചെയ്തു. ദേശീയ പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള സൈനിക പരിശീലന കേന്ദ്രമാണ് ആക്രമിക്കപ്പെട്ടത്. അമേരിക്കന്‍ നിര്‍മിത ആയുധങ്ങളുമായിട്ടാണ് ഭീകരര്‍ എത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ആക്രമണത്തെ അഫ്ഗാന്‍ പ്രസിഡന്റ് അശ്‌റഫ് ഗനി അപലപിച്ചു. രാജ്യത്തിന്റെ സുരക്ഷയെ വെല്ലുവിളിക്കുന്ന ശത്രുക്കളാണ് ആക്രമണം നടത്തിയതെന്നും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നെന്നും അദ്ദേഹം പറഞ്ഞു.