Sorry, you need to enable JavaScript to visit this website.

എസ്.ഐ ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചു; കെ.എം. ഷാജി സുപ്രീം കോടതിയില്‍

ന്യൂദല്‍ഹി - വര്‍ഗീയ പ്രചാരണം നടത്തിയെന്നാരോപിച്ച് തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയതുമായി ബന്ധപ്പെട്ട് എസ്.ഐ ശ്രീജിത്ത് കോടേരിക്കെതിരെ മുസ്‌ലിം ലീഗിന്റെ അഴീക്കോട് എം.എല്‍.എ കെ.എം. ഷാജി സുപ്രീം കോടതിയില്‍. തെരഞ്ഞെടുപ്പ് റദ്ദാക്കാന്‍ വഴിയൊരുക്കിയ വിവാദ ലഘുലേഖകള്‍ പോലീസ് പിടിച്ചെടുത്തതല്ലെന്നും വളപട്ടണം എസ്.ഐയായ ശ്രീജിത്ത് ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചതാണെന്നും അദ്ദേഹത്തിനെതിരേ ക്രിമിനല്‍ കേസെടുക്കണമെന്നുമാണ് ഷാജിയുടെ ആവശ്യം. നേരത്തെ ഈയാവശ്യം ഉന്നയിച്ച് ഷാജി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കേസ് ഹൈക്കോടതിയില്‍നിന്ന് പിന്‍വലിച്ചാണ് ഇപ്പോള്‍ ഷാജി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
വളപട്ടണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. മനോരമയുടെ വീട്ടില്‍ നിന്നാണ് വിവാദ ലഘുലേഖകള്‍ പിടിച്ചെടുത്തതെന്നായിരുന്നു എസ്.ഐ ശ്രീജിത്ത് ഹൈക്കോടതിയില്‍ നല്‍കിയ മൊഴി. ഷാജിയുടെ നിയമസഭാംഗത്വം റദ്ദാക്കി കോടതി ഉത്തരവ് പുറപ്പെടുവിക്കുന്നതിന് കാരണമായതും എസ്.ഐയുടെ നിര്‍ണായക മൊഴിയായിരുന്നു. എന്നാല്‍ എസ്.ഐയുടെ മൊഴി തെറ്റാണെന്നാണ് ഷാജിയുടെ വാദം. എന്‍.പി. മനോരമയുടെ വീട്ടില്‍നിന്ന് പിടിച്ചെടുത്ത ലഘുലേഖകളില്‍ ഇപ്പോള്‍ കേസിനാധാരമായ വര്‍ഗീയ പ്രചാരണം സംബന്ധിച്ച ലഘുലേഖകള്‍ ഇല്ല. ലഘുലേഖ പിടിച്ച കേസില്‍ കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുന്‍പാകെ പോലീസ് നല്‍കിയ റിപ്പോര്‍ട്ടില്‍ വിവാദ ലഘുലേഖകള്‍ ഉള്‍പ്പെട്ടിട്ടുമില്ല. ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ച എസ്.ഐക്കെതിരെ ക്രിമിനല്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ്  ഹരജിയില്‍ ഷാജി ആവശ്യപ്പെട്ടത്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ വര്‍ഗീയ പ്രചാരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടി എതിര്‍ സ്ഥാനാര്‍ത്ഥിയും മാധ്യമ പ്രവര്‍ത്തകനുമായ എം.വി. നികേഷ് കുമാര്‍ സമര്‍പ്പിച്ച ഹരജിയില്‍ നവംബര്‍ ഒമ്പതിനാണ് ഹൈക്കോടതി ഷാജിയുടെ വിജയം റദ്ദാക്കിയത്. ഷാജിയുടെ ഹരജി പരിഗണിച്ച് അദ്ദേഹത്തിന് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാമെന്നും എന്നാല്‍ ശമ്പളവും മറ്റു അനുകൂല്യങ്ങളും കൈപ്പറ്റാനാവില്ലെന്നും കഴിഞ്ഞയാഴ്ച സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഇതുസംബന്ധിച്ച ഹരജി ജസ്റ്റിസ് എ.കെ. സിക്രി അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചിന്റെ പരിഗണനയിലാണ്.

 

Latest News