ബംഗളൂരു- കര്‍ണാടകത്തിലെ ലിംഗായത്ത് ആചാര്യനും തുംകുരു സിദ്ധഗംഗ മഠാധിപതിയുമായ ശിവകുമാര സ്വാമി (111) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് മഠത്തിലായിരുന്നു അന്ത്യം. സംസ്‌കാരം നാളെ വൈകിട്ട് 4.30 ന് നടക്കും.
1930ല്‍ സിദ്ധഗംഗ മഠാധിപതിയായ ശിവകുമാര സ്വാമി, നടക്കുന്ന ദൈവം എന്നാണ് അറിയപ്പെട്ടിരുന്നത്. പാവപ്പെട്ടവര്‍ക്ക് വിദ്യാഭ്യാസവും ഭക്ഷണവുമെത്തിക്കുന്നതില്‍ നല്‍കിയ സംഭാവനകള്‍ക്ക് 2015ല്‍ രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുണ്ട്. ശിവകുമാര സ്വാമിക്ക് ഭാരതരത്ന നല്‍കണമെന്ന് മുഖ്യമന്ത്രി കുമാരസ്വാമി ഉള്‍പ്പെടെയുളളവര്‍ ആവശ്യപ്പെട്ടിരുന്നു.
1907 ഏപ്രില്‍ ഒന്നിന് രാമനഗര ജില്ലയിലെ വീരപുരയിലാണ് ശിവകുമാര സ്വാമി ജനിച്ചത്. ഇംഗ്ലീഷ്, കന്നട, സംസ്‌കൃതം ഭാഷകളില്‍ പ്രാവീണ്യമുണ്ട്. ശ്രീ സിദ്ധഗംഗ എജുക്കേഷന്‍ സൊസൈറ്റിയുടെ സ്ഥാപകനും ഭരണാധികാരിയുമായിരുന്നു. സൊസൈറ്റിയുടെ കീഴില്‍ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സ്വാമി തുടക്കം കുറിച്ചു.