ന്യൂദല്‍ഹി-ബോളിവുഡ് താരം മാധുരി ദിക്ഷിത് പുനെയില്‍ നിന്ന് ബിജെപി ടിക്കറ്റില്‍ മല്‍സരിക്കുമെന്ന വാര്‍ത്തക്ക് പുറമേ ചലച്ചിത്ര താരം കരീന കപൂറിന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചും വാര്‍ത്തകള്‍ വരുന്നു. താരത്തെ മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലില്‍ നിന്ന് മല്‍സരിപ്പിച്ചേക്കുമെന്ന് സൂചനകളുണ്ട്. മധ്യപ്രദേശ് കോണ്‍ഗ്രസ് നേതാക്കളായ ഗുഡ്ഡു ചൗഹാനും അനസ് ഖാനും താരത്തിന്റെ പിറകെ ഉണ്ടെന്നാണ് സൂചനകള്‍.
സംഭവത്തെക്കുറിച്ച് കരീനയും കോണ്‍ഗ്രസ് നേതൃത്വവും ഇത് വരെ പ്രതികരിച്ചിട്ടില്ലെങ്കിലും 1984 മുതല്‍ കോണ്‍ഗ്രസ് വിജയിക്കാത്ത മണ്ഡലത്തില്‍ പുതിയ പരീക്ഷണത്തിന് പാര്‍ട്ടി ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കരീനയുടെ ഭര്‍ത്താവായ സൈഫ് അലി ഖാന്‍ പട്ടോടിയുടെ കുടുംബ വേരുകള്‍ ഭോപ്പാലിലാണ്. സൈഫ് അലി ഖാന്റെ മുത്തച്ഛന്‍ നവാബ് ഇഫ്തിഖാര്‍ അലി ഖാന്‍ പട്ടോടി കല്യാണം കഴിച്ചത് ഭോപ്പാല്‍ രാജകുടുംബത്തിലെ ബീഗം സാജിദ സുല്‍ത്താനെയായിരുന്നു. കോണ്‍ഗ്രസ് നേതാക്കളായ ഇന്ദിരാ ഗാന്ധിക്കും രാജീവ് ഗാന്ധിക്കും പട്ടോടി കുടുംബത്തോട് അടുപ്പമൂണ്ടായിരുന്നു. സൈഫ് അലി ഖാന്റെ പിതാവ് മന്‍സൂര്‍ അലി ഖാന്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ പല തവണ മല്‍സരിച്ചെങ്കിലും പരാജയപ്പെട്ടു. മുത്തശ്ശിയുടെയും അച്ഛന്റെയും പാത പിന്തുടര്‍ന്ന് നിലവിലെ പാര്‍ട്ടി അധ്യക്ഷന്‍ പട്ടോടി കുടുംബവുമായി സംസാരിക്കുമോ എന്നാണ് ദേശീയ രാഷ്ട്രീയം ഉറ്റു നോക്കുന്നത്.