ന്യൂദല്‍ഹി- വായ്പാ തട്ടിപ്പു നടത്തി രാജ്യംവിട്ട വ്യവസായി മെഹുല്‍ ചോക്‌സി ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു. പാസ്‌പോര്‍ട്ട് ആന്റിഗ്വയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനില്‍ സമര്‍പ്പിച്ചു. വായ്പാ തട്ടിപ്പു കേസില്‍ വിവിധ ഏജന്‍സികള്‍ അന്വേഷിക്കുന്ന ചോക്‌സിയെ ഇന്ത്യക്ക് കൈമാറുന്നത് ഒഴിവാക്കാനാണ് നീക്കമെന്നാണ് കരുതുന്നത്. കൈമാറുന്നതു സംബന്ധിച്ച കേസിന്റെ വാദം ആന്റിഗ്വയില്‍ തുടരുകയാണ്.
കഴിഞ്ഞ വര്‍ഷമാണ് മെഹുല്‍ ചോക്‌സി ആന്റിഗ്വയിലെയും ബാര്‍ബുഡയിലെയും പൗരത്വം എടുത്തത്. ഇരട്ട പൗരത്വം അനുവദിക്കാനാവില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം മെഹുല്‍ ചോക്‌സിയെ അറിയിച്ചിരുന്നു. പഞ്ചാബ് നാഷനല്‍ ബാങ്കില്‍നിന്ന് 13,000 കോടിയുടെ തട്ടിപ്പുനടത്തിയതിനാണു മെഹുല്‍ ചോക്‌സിക്കും നീരവ് മോദിക്കുമെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി), സിബിഐ ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ അന്വേഷണം തുടങ്ങിയത്.