Sorry, you need to enable JavaScript to visit this website.

ജീവിതം ദുരിതത്തില്‍, എംപാനലുകാര്‍ വീണ്ടും സമരപാതയില്‍

തിരുവനന്തപുരം- കെ.എസ്.ആര്‍.ടി.സിയില്‍നിന്ന് പിരിച്ചുവിട്ട എംപാനല്‍ ജീവനക്കാര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം തുടങ്ങി. കുടുംബത്തോടൊപ്പമാണ് പലരും സമരത്തിനെത്തിയത്. ജോലി നഷ്ടപ്പെട്ടതിന്റെ കദനകഥകളാണ് ജീവനക്കാര്‍ക്ക് പറയാനുള്ളത്.

എന്നാല്‍ കോടതി വിധി നിലനില്‍ക്കുന്നതിനാല്‍ ഒന്നും ചെയ്യാനാവില്ലെന്നാണ് കെ.എസ്.ആര്‍.ടി.സി അധികൃതരുടെ ഭാഷ്യം. പിന്‍വാതില്‍ നിയമനങ്ങള്‍ സാധ്യമല്ല. നിയമപരമായേ കാര്യങ്ങള്‍ ചെയ്യാനാവു എന്നും അവര്‍ പറയുന്നു.
അതേസമയം, പിരിച്ചുവിട്ട കണ്ടക്ടര്‍മാരുടെ ജീവിതം ദയനീയമാണ്. പലരും കുടുംബത്തിന്റെ ഏകാശ്രയമാണ്. ജോലി നഷ്ടപ്പെട്ടതോടെ കുടുംബങ്ങള്‍ തന്നെയാണ് പ്രതിസന്ധിയിലാകുന്നത്.

വര്‍ഷങ്ങള്‍ ജോലി ചെയ്ത പലരേയും പല വകുപ്പുകളിലും സ്ഥിരപ്പെടുത്തിയ ചരിത്രമുണ്ടെന്നും അതിനാല്‍ തങ്ങളേയും സ്ഥിരപ്പെടുത്തണമെന്നുമാണ് അവരുടെ ആവശ്യം. സ്ഥിരമാകും എന്ന പ്രതീക്ഷകൊണ്ടാണ് വര്‍ഷങ്ങള്‍ ശമ്പളം മാത്രം വാങ്ങി മറ്റൊരു ആനുകൂല്യവുമില്ലാതെ ജോലി ചെയ്തത്. സര്‍ക്കാര്‍ മനുഷ്യത്വം കാണിക്കണമെന്നും അവര്‍ പറയുന്നു.
പഠിക്കുന്ന മക്കളും രോഗികളായ മാതാപിതാക്കളുമുള്ളവരാണ് പലരും. ഞങ്ങള്‍ ഇനി എന്തു ചെയ്യും. പ്രായപരിധി കഴിഞ്ഞതിനാല്‍ ഇനിയൊരു ജോലിക്ക് അപേക്ഷിക്കാന്‍ പോലും സാധ്യമല്ല. -ഒരു ജീവനക്കാരി പറഞ്ഞു.
സര്‍വീസിനിടെ ബസില്‍ വീണ് നട്ടെല്ലിന് പരിക്കേറ്റ താന്‍ ചികിത്സക്ക് പോലും വകയില്ലാതെ അലയുകയാണെന്ന് മറ്റൊരു ജീവനക്കാരി പറഞ്ഞു. സര്‍ക്കാര്‍ കാരുണ്യം കാണിക്കണം.

അതേസമയം, തങ്ങളും നിസ്സഹായരാണെന്ന മട്ടില്‍ കൈമലര്‍ത്തുകയാണ് കെ.എസ്.ആര്‍.ടി.സി. നിയമനങ്ങള്‍ പി.എസ്.സി വഴി മാത്രമെന്ന കോടതി വിധിയുള്ളതിനാല്‍ ഒന്നും ചെയ്യാനാവില്ലെന്നാണ് അവരുടെ പ്രതികരണം. ഇന്ന് റിസര്‍വ് കണ്ടക്ടര്‍മാരുടെ കേസില്‍ കോടതി വിശദമായ വാദം കേള്‍ക്കുന്നുണ്ട്.

സമരം ശക്തമാക്കാനാണ് എംപാനലുകാരുടെ തീരുമാനം. രാഷ്ട്രീയ പാര്‍ട്ടികളൊന്നും പിന്തുണയുമായി വരാത്തത് സമരരംഗത്ത് ഇവര്‍ ഒറ്റപ്പെട്ടുപോകുന്നതിനു ഇടയാക്കിയേക്കും. രാഷ്ട്രീയ സമ്മര്‍ദങ്ങളില്ലാതെ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഒന്നും ചെയ്യാനും സാധ്യതയില്ല.
 

Latest News