ഭോപ്പാല്‍- മധ്യപ്രദേശിലെ ബല്‍വാഡിയില്‍ ബി.ജെ.പി നേതാവ് മനോജ് താക്കറെയെ കൃഷിയിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്‍ഡോറില്‍നിന്ന് 160 കി.മീ അകലെയാണ് ബല്‍വാഡി. പുലര്‍ച്ചെ നടക്കാനിറങ്ങിയ മനോജ് താക്കറെയുടെ മൃതദേഹം വര്‍ള പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പെടുന്ന പാടത്താണ് കണ്ടെത്തിയത്. സംഭവസ്ഥലത്ത് രക്തക്കറയുള്ള കല്ല് കണ്ടെത്തി. ഈ കല്ല് കൊണ്ടാണ് കൊല നടത്തിയതെന്ന് കരുതുന്നതായും അന്വേഷണം ആരഭിച്ചതായും ബല്‍വാഡി എ.എസ്.പി പറഞ്ഞു.
മധ്യപ്രദേശില്‍ ഒരാഴ്ചക്കിടെ കൊല്ലപ്പെടുന്ന രണ്ടാമത്തെ ബി.ജെ.പി നേതാവ് മനോജ് താക്കറെ. ഈ മാസം 17-ന് മണ്ടാസൂറില്‍ പ്രഹ്ലാദ് ബന്ധ്‌വാര്‍ കൊല്ലപ്പെട്ടിരുന്നു.
കൊലപാതകത്തില്‍ ഗൂഢാലോചനയുണ്ടെന്നും സി.ബി.ഐ അന്വേഷിക്കണമെന്നും ബി.ജെ.പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ശിവരാജ് സിംഗ് ചൗഹാന്‍ ആവശ്യപ്പെട്ടു. കുറഞ്ഞ സമയം കൊണ്ടുതന്നെ സംസ്ഥാനത്തെ ക്രമസമാധാനം പാടേ തകര്‍ന്നിരിക്കയാണെന്ന് അദ്ദേഹം ആരോപിച്ചു.