ന്യൂദൽഹി- രാമക്ഷേത്ര നിർമാണത്തിൽ അനിശ്ചിതത്വം തുടരുമ്പോൾ കോൺഗ്രസിന്
പുതിയ വാഗ്ദാനവുമായി വിശ്വ ഹിന്ദു പരിഷത്. വിഎച്ച്പി എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് അലോക് കുമാറാണ് വാഗ്ദാനവുമായി വന്നത്.
"കോൺഗ്രസ് ഞങ്ങൾക്കു മുന്നിൽ എല്ലാ വാതിലുകളും അടച്ചിട്ടിരിക്കുകയാണ്. അവരുടെ വാതിലുകൾ തുറക്കുകയാണെങ്കിൽ ഞങ്ങൾ അവർക്കാനുകൂലമായി ചിന്തിക്കും. രാമക്ഷേത്രം പ്രകടന പട്ടികയിൽ ഉൾപ്പെടുത്തിയാൽ കോണ്ഗ്രെസ്സിനെ പിന്തുണക്കുന്നതിനെ കുറിച്ച് ചിന്തിക്കും," അലോക് കുമാർ പറഞ്ഞു.
കുംഭ മേളക്കിടയിൽ പത്ര ലേഖകരോട് സംസാരിക്കവെയാണ് അലോക് കുമാർ ഇക്കാര്യം പറഞ്ഞത്.
രാമക്ഷേത്രമല്ല, തൊഴിലില്ലായ്മയും വികസനവുമാണ് കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് അജണ്ട എന്ന് പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി നേരത്തെ പറഞ്ഞിരുന്നു.
രാമ ക്ഷേത്ര സംബന്ധിച്ചുള്ള ബിജെപി നിലപാടിൽ വിഎച്ച്പി അടക്കമുള്ള തീവ്ര ഹിന്ദു സംഘടനകൾക്ക് കടുത്ത അതൃപ്തിയുണ്ട്. വിഷയത്തിൽ കേന്ദ്ര സർക്കാരിനു മേൽ സമ്മർദം ചെലുത്താനാണ് വിഎച്ച്പിയുടെ തീരുമാനം. ഇതിനായി ജനുവരി 31 ന് സംഘടന പ്രത്യേക പരിപാടിയും ആസൂത്രണം ചെയ്തിട്ടുണ്ട്.
ബിജെപി ദേശീയ നിർവാഹക സമിതി യോഗത്തിൽ അധ്യക്ഷൻ രാമക്ഷേത്ര നിർമാണം പാർട്ടിയുടെ അജണ്ട ആണെന്ന് പറഞ്ഞിരുന്നു.
പക്ഷെ, ഇതിന് വിരുദ്ധമാണ് പ്രധാനമന്ത്രിയുടെയും എൻഡിഎ നേതൃത്വത്തിന്റെയും നിലപാട്. കേസ് കോടതിയുടെ പരിഗണനയിലാണെന്നും കേസ് തീരുന്ന വരെ സർക്കാരിന്റെ ഇടപെടൽ ഉണ്ടാവില്ല എന്നുമായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞത്. പ്രത്യേക വിജ്ഞാപനം ഇറക്കി ക്ഷേത്രം നിർമിക്കണമെന്ന് തീവ്ര ഹിന്ദു സംഘടനകൾ കേന്ദ്ര സർക്കാരിനോട് തുടർച്ചയായി ആവശ്യപ്പെട്ടു കൊണ്ടിരിക്കുമ്പോഴാണ് പ്രാധാനമന്ത്രിയുടെ പ്രസ്താവന വന്നത്. രാമക്ഷേത്ര നിർമ്മാണം എൻഡിഎയുടെ അജണ്ട അല്ലെന്ന് ജനതാ ദൾ യുണൈറ്റഡ് നേതാവ് നിതീഷ് കുമാറും പറഞ്ഞിരുന്നു. 2025 ൽ ക്ഷേത്രം നിർമിച്ചാൽ മതി എന്നാണ് ആർഎസ്എസ് നേതൃത്വത്തിന്റെ ഏറ്റവും പുതിയ നിലപാട്.