ന്യൂദല്‍ഹി- കൊല്‍ക്കത്തയില്‍ നടന്ന യുനൈറ്റഡ് ഇന്ത്യ റാലിയിലും തെരഞ്ഞടെപ്പില്‍ വോട്ടിംഗ് മെഷീന്‍ ഉപയോഗത്തിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ തിരിമറികള്‍ അന്വേഷിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ നാലംഗ സംഘത്തെ ചുമതലപ്പെടുത്താന്‍ തീരുമാനിച്ചു.
നാലംഗ കമ്മിറ്റി വിഷയത്തെക്കുറിച്ച് പഠിക്കുകയും തെരഞ്ഞെടുപ്പ് സംബന്ധമായ ആവശ്യമായ പരിഷ്‌കരണങ്ങള്‍ വരുത്താന്‍ ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുകയും ചെയ്യും. 'വോട്ടിംഗ് മെഷീന്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്നും എത്തരത്തിലാണ് അവ ദുരുപയോഗം ചെയ്യപ്പെടുന്നതെന്നും സംഘം പഠിക്കും. തിരിമറികളും ദുരുപയോഗങ്ങളും നിര്‍ത്താനുളള നിര്‍ദേശങ്ങള്‍ കമ്മീഷന് സമര്‍പ്പിക്കുകയും ചെയ്യും,' തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമതാ ബാനര്‍ജി പറഞ്ഞു.
ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുളളയടക്കം ഗുരുതരമായ ആരോപണങ്ങളാണ് വോട്ടിംഗ് മെഷീന്‍ തിരിമറിയെക്കുറിച്ച് ഉന്നയിച്ചത്. വോട്ടിംഗ് മെഷീന്‍ ഒരു ഭീകരനാണെന്നാണ് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് പറഞ്ഞത്.
വിമര്‍ശനങ്ങള്‍ രൂക്ഷമായതിനെത്തുടര്‍ന്ന് മറുപടിയുമായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോര രംഗത്തെത്തിയിരുന്നു. വോട്ടിംഗ് മെഷീനെ ഫുട്ബാള്‍ പോലെ തട്ടിക്കളിക്കരുതെന്ന് അഭ്യര്‍ത്ഥിച്ച സുനില്‍ അറോറ ആശങ്കകള്‍ക്ക് ഇടയില്ലാത്ത വിധം സുരക്ഷിതമാണ് മെഷീനെന്ന് പറഞ്ഞു.