മായാവതിയെ അപമാനിച്ച് ബിജെപി എംഎല്‍എ

ലഖ്‌നൗ- മുന്‍ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയും ബിഎസ്പി പ്രസിഡന്റുമായ മായാവതിയെ അപമാനിച്ച് ഉത്തര്‍ പ്രദേശ് ബിജെപി എംഎല്‍എ. അധികാരം കിട്ടാന്‍ വേണ്ടി മാനം വില്‍ക്കുന്നയാളാണ് മായാവതി എന്നാണ് ബിജെപി എംഎല്‍എ സാധന സിംഗ് പറഞ്ഞത്. 
ഉത്തര്‍ പ്രദേശില്‍ എസ്പി-ബിഎസ്പി സഖ്യത്തിന്റെ നേതൃത്വത്തില്‍ മഹാസഖ്യം വന്നത് ബിജെപിയെ ചൊടിപ്പിച്ചിരുന്നു. 'മായാവതിക്ക് സ്വന്തത്തോട് ബഹുമാനമില്ല. നേരത്തെ, അവര്‍ പീഢിപ്പിക്കപ്പെട്ടിരുന്നു. ചരിത്രത്തില്‍, താന്‍ പീഢിപ്പിക്കപ്പെട്ടപ്പോള്‍ ദ്രൗപതി പ്രതികാരം ചെയ്യാന്‍ ശപഥം ചെയ്തിരുന്നു. പക്ഷെ, ഈ സ്ത്രീക്ക് എല്ലാം നഷ്ടപ്പെട്ടു. എന്നിട്ടും അധികാരത്തിന് വേണ്ടി മാനം വില്‍ക്കുന്നു,' സാധന സിംഗ് പറഞ്ഞു.  
1995 ല്‍ മായാവതിയെ സമാജ്‌വാദി പാര്‍ട്ടി പ്രവര്‍ത്തകര്‍ അക്രമിച്ചിരുന്നു. ലഖ്‌നൗ ഗസ്റ്റ് ഹൗസില്‍ വെച്ചായിരുന്നു മായാവതി അക്രമത്തിന്നിരയായത്. ഇരു പാര്‍ട്ടി നേതൃത്വത്തിനുമിടയിലുളള ശത്രുത ലോക് സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മഹാസഖ്യം വന്നതോടെയാണ് ഇല്ലാതാവുന്നത്. 
ബിജെപി നേതാവിന്റെ പ്രസ്താവനക്കെതിരെ ശക്തമായ പ്രതികരണങ്ങളുമായി ബിഎസ്പി നേതൃത്വം രംഗത്തെത്തി. എസ്പി-ബിഎസ്പി സഖ്യം രൂപീകരിക്കപ്പെട്ടതിലുളള ബിജെപിയുടെ നൈരാശ്യമാണ് പ്രസ്താവനയിലൂടെ പുറത്തു വന്നതെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സതീഷ് മിശ്ര പറഞ്ഞു.  
 

Latest News