ന്യുദല്‍ഹി- എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമില്ലാത്ത പാസ്‌പോര്‍ട്ടുമായി വിദേശ രാജ്യങ്ങളിലേക്ക് തൊഴില്‍ തേടി പോകുന്ന ഇന്ത്യക്കാര്‍ നിര്‍ബന്ധമായും ഇമിഗ്രേഷന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന നിബന്ധന വിവാദമായതോടെ രണ്ടു മാസം മുമ്പ് പിന്‍വലിച്ച കേന്ദ്ര സര്‍ക്കാര്‍ ഇതിനായി പുതിയ നിയമം കൊണ്ടു വരുന്നു. തൊഴിലിനും വിദ്യാഭ്യാസത്തിനുമായി വിദേശത്തേക്ക് പോകുന്ന എല്ലാ ഇന്ത്യക്കാരും നിര്‍ബന്ധമായും അവരുടെ വിവരങ്ങള്‍ നല്‍കി പ്രത്യേകം രജിസ്റ്റര്‍ ചെയ്യണമെന്ന് അനുശാസിക്കുന്ന കുടിയേറ്റ ബില്‍ കരട് തയ്യാറാക്കിയ സര്‍ക്കാര്‍ പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായം തേടിയിരിക്കുകയാണ്. വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച 51 പേജുളള ഈ കരടു ബില്ലില്‍ അഭിപ്രായങ്ങള്‍ അറിയിക്കേണ്ട അവസാന ദിവസം ഇന്നാണ്.
പ്രവാസി രജിസ്‌ട്രേഷന്‍ നടത്തുന്നതില്‍ വീഴ്ച വരുത്തുന്നവര്‍ക്ക് 10,000 രൂപയില്‍ കുറയാത്ത പിഴയാണ് ഈ ബില്ലില്‍ ശുപാര്‍ശ ചെയ്യുന്നത്. പാസ്‌പോര്‍ട്ട് റദ്ദാക്കല്‍, പിന്‍വലിക്കല്‍ തുടങ്ങിയ കടുത്ത നടപടികളും ബില്ലിലുണ്ട്. പൊതുജനങ്ങളുടെ അഭിപ്രായങ്ങള്‍ പരിഗണിച്ച ശേഷം പാര്‍ലമെന്റ് അംഗീകരിച്ചാലെ ഇതു നിയമമാകൂ. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ ഇതു അവതരിപ്പിച്ചേക്കും. ലോക്‌സഭയില്‍ സര്‍ക്കാരിന് അനായാസം ഇതു പാസാക്കിയെടുക്കാനാകും. പ്രതിപക്ഷ വിയോജിച്ചില്ലെങ്കില്‍ രാജ്യസഭയില്‍ പാസാക്കിയെടുക്കാനും സര്‍ക്കാരിനു പ്രയാസമുണ്ടാകില്ല. ഈ കടമ്പയും കടന്നാല്‍ രാഷ്ട്രപതി ഒപ്പു വയ്ക്കുന്നതോടെ ഈ ബില്‍ നിയമമായി പ്രാബല്യത്തില്‍ വരും.
നേരത്തെ ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടെ 18 രാജ്യങ്ങളിലേക്കു പോകുന്ന പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയതിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. തുടര്‍ന്ന് നവംബറില്‍ സര്‍ക്കാര്‍ ഈ നിബന്ധന ഒഴിവാക്കി. ഇത് നിയമത്തിലൂടെ വീണ്ടും നിര്‍ബന്ധമാക്കാനാണ് ഇപ്പോഴത്തെ നീക്കം. ചില മാറ്റങ്ങളോടെയാണ് പുതിയ നിയമം കൊണ്ടു വരുന്നത്.
പുതിയ കുടിയേറ്റ ബില്‍ പറയുന്നതെന്ത്?
നേരത്തെ എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമില്ലാത്ത പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് മാത്രമാണ് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയിരുന്നതെങ്കില്‍ പുതിയ നിയമപ്രകാരം എല്ലാ വിഭാഗം പ്രവാസികള്‍ക്കും ഇതു നിര്‍ബന്ധമാണ്. വീഴ്ച വരുത്തുന്നവര്‍ക്ക് കടുത്ത പിഴയും ബില്‍ നിര്‍ദേശിക്കുന്നു. മൂന്ന് വര്‍ഷത്തില്‍ കുറയാത്ത കാലം വിദേശത്ത് തങ്ങുന്ന ഇന്ത്യക്കാര്‍ക്കാണ് ഈ രജിസ്‌ട്രേഷന്‍ നിയമം മൂലം നിര്‍ബന്ധമാക്കുന്നത്. ഇണകളും കുട്ടികളും ഉള്‍പ്പെടുന്ന ആശ്രിതരേയും രജിസ്‌ട്രേഷനില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 1983-ലെ കുടിയേറ്റ നിയമത്തിനു പകരമായാണ് പുതിയ കുടിയേറ്റ നിയമം കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വരുന്നത്. പ്രവാസി ഇന്ത്യക്കാരുടെ ക്ഷേമവും സുരക്ഷയും ഉറപ്പു വരുത്താനാണിത്.
കുടിയേറ്റക്കാരുടെ സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്താന്‍ എമിഗ്രേഷന്‍ മാനേജ്‌മെന്റ് അതോറിറ്റി സ്ഥാപിക്കണമെന്നാണ് ബില്ലിലെ ഒരു ശുപാര്‍ശ. എമിഗ്രേഷനുമായി ബന്ധപ്പെട്ട ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കായി ബ്യുറോ ഓഫ് എമിഗ്രേഷന്‍ അഡ്മിനിസ്‌ട്രേഷനും ബ്യൂറോ ഓഫ് എമിഗ്രേഷന്‍ പോളിസി ആന്റ് പ്ലാനിംഗ് എന്നിവ സ്ഥാപിക്കണമെന്നും ബില്ലില്‍ പറയുന്നു. പുതിയ സംവിധാനങ്ങള്‍ ഉണ്ടാക്കുന്നതിനു പകരം നിലവിലുള്ള അടിസ്ഥാനസൗകര്യങ്ങളും വിഭവങ്ങളും പുനര്‍ക്രമീകരിച്ച് പരമാവധി ഉപയോഗപ്പെടുത്തുന്നതായിരിക്കും ഈ പുതിയ കുടിയേറ്റകാര്യ സംവിധാനങ്ങളെന്നും ബില്‍ പറയുന്നു.