Sorry, you need to enable JavaScript to visit this website.

സംസ്‌കൃതിയുടെ കൊടുക്കൽ വാങ്ങലുകൾക്ക് വേദിയായി മൊറോക്കോയിൽ മർകസ് സെമിനാർ

മൊറോക്കോയിലെ മറാക്കിഷിൽ മർകസ് സംഘടിപ്പിച്ച അന്താരാഷ്ട്ര സെമിനാറിൽ കാന്തപുരം എ.പി.അബൂബക്കർ മുസ്‌ലിയാർ മുഖ്യ പ്രഭാഷണം നടത്തുന്നു.

മറാക്കിഷ്- ഇൻഡോ-മൊറോക്കൻ സാംസ്‌കാരിക കൈമാറ്റങ്ങളുടെ ചരിത്രവും വർത്തമാനവും വിഷയമാക്കി മർകസിന്റെ നേതൃത്വത്തിൽ മൊറോക്കോയിലെ മറാക്കിഷിൽ നടന്ന അന്താരാഷ്ട്ര സെമിനാർ ശ്രദ്ധേയമായി. മൊറോക്കോ, യു.എ.ഇ, ഇന്ത്യ എന്നീ മൂന്നു രാജ്യങ്ങളിൽ നിന്നുള്ള അക്കാദമിക പണ്ഡിതരുടെ നേതൃത്വത്തിലാണ് സെമിനാർ നടന്നത്.
യു.എ.ഇ പ്രസിഡന്റ് ഖലീഫ ബിൻ സായിദ് അൽ നഹ്‌യാന്റെ പ്രത്യേക ഉപദേഷ്ടാവും പ്രമുഖ അറബ് എഴുത്തുകാരനുമായ ഡോ.മാന സഈദ് അൽ ഉതൈബ സെമിനാർ ഉദ്ഘാടനം ചെയ്തു. നൂറ്റാണ്ടുകൾക്കു മുമ്പ് മൊറോക്കോക്കാരനായ ഇബ്‌നു ബത്തൂത്ത നടത്തിയ ലോകയാത്രകളും അവയെ വിശദമായി കുറിച്ചിട്ട രചനകളും ആഗോള ചരിത്രത്തെയും സംസ്‌കാരത്തെയും ആഴത്തിൽ സ്വാധീനിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തെ കുറിച്ച് ഇബ്നു ബത്തൂത്ത നൽകിയ വിവരണങ്ങൾ ഇസ്ലാം ബഹുസ്വരതയോടും, അറേബ്യൻ മാതൃകയെ പൂർണമായും ഉൾക്കൊണ്ടും ആയിരുന്നു ആരംഭം മുതലേ കേരളത്തിൽ നിലനിന്നിരുന്നതെന്നതിനെ സാക്ഷ്യപ്പെടുത്തുന്നു എന്നും അദ്ദേഹം പറഞ്ഞു.
മൊറോക്കൻ രാജാവിന് കീഴിലെ റോയൽ അക്കാദമിയിൽ അംഗവുമാണ് ഡോ.മാന സഈദ് അൽ ഉതൈബ. ആഗോള തലത്തിൽ സമാധാനം ഉറപ്പുവരുത്തുന്നതിനും ഇൻഡോ-അറബ് ബന്ധം സജീവമാക്കുന്നതിനും നൽകിയ സംഭാവനകൾക്ക് ദക്തൂറ ഫഖ്രിയ്യ എന്ന പദവി നൽകി മർകസ് ചാൻസലർ കാന്തപുരം എ.പി.അബൂബക്കർ മുസ്ലിയാർ ഡോ.മാന സഈദ് അൽ ഉതൈബയെ ആദരിച്ചു. ഇന്ത്യയിലെ പ്രശസ്തമായ അക്കാദമിക സ്ഥാപനമായ മർകസ് നൽകുന്ന ഈ ഉപഹാരം മൊറോക്കോയിൽ നിന്ന് സ്വീകരിക്കാൻ സാധിച്ചതിൽ വലിയ ചാരിതാർഥ്യം ഉണ്ടെന്നു അദ്ദേഹം പറഞ്ഞു. ഇന്ത്യയെ അറബ് ലോകവുമായും മുസ്ലിം ഭരണകൂടം നിലനിൽക്കുന്ന രാജ്യങ്ങളുമായും ബന്ധിപ്പിക്കുന്നതിൽ കാന്തപുരം എ.പി.അബൂബക്കർ മുസ്ലിയാർക്ക് ഉന്നതമായ പങ്ക് നിർവഹിക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ മുഖ്യ പ്രഭാഷണം നടത്തി. 

 

Latest News