Sorry, you need to enable JavaScript to visit this website.

അഫ്ഗാന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഹിക്മത്യാറും; ഗനിക്ക് തലവേദന

കാബൂള്‍- അഫ്ഗാന്‍ പോരാട്ടത്തില്‍ മുന്‍നിരയിലുണ്ടായിരുന്ന ഗുല്‍ബുദ്ദീന്‍ ഹിക്മത്യാര്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു. നിലവിലെ പ്രസിഡന്റ് അഷ്‌റഫ് ഗനിക്ക് വന്‍ തലവേദനയായാണ് ഇത് വിലയിരുത്തപ്പെടുന്നത്. താലിബാന്‍ അധികാരത്തില്‍ വന്ന ശേഷം ഹിക്മത്യാറെ രാജ്യത്ത് നിന്ന് പുറത്താക്കിയിരുന്നു. 2016-ലാണ് രാജ്യത്തേക്ക് തിരിച്ചെത്തിയത്. ജൂലൈയില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ഹിസ്‌ബെ ഇസ്‌ലാമി പാര്‍ട്ടിയുടെ പ്രതിനിധിയായാണ് ഹിക്മത്യാര്‍ മത്സരിക്കുക.
2003-ല്‍ ഹിക്മത്യാറെ അമേരിക്കന്‍ ആഭ്യന്തര മന്ത്രാലയം ഭീകരവിരുദ്ധ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. പിന്നീട് ഹിക്മത്യാറുമായി അഫ്ഗാന്‍ പ്രസിഡന്റ് ഗനി സമാധാന കരാറില്‍ ഒപ്പുവെച്ചു. ഈ തീരുമാനത്തെ അമേരിക്ക സ്വാഗതം ചെയ്തിരുന്നു. 2016-ല്‍ ഹിക്മത്യാറെ അഫ്ഗാന്‍ സര്‍ക്കാര്‍ കുറ്റവിമുക്തനാക്കി. എന്നാല്‍ ഗനി സര്‍ക്കാറിനെതിരായ വിമര്‍ശം ഹിക്മത്യാര്‍ കടുപ്പിക്കുകയായിരുന്നു.
രാജ്യത്ത് സമാധാനം പുന:സ്ഥാപിക്കുന്നതില്‍ ഗനി സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നാരോപിച്ചുകൊണ്ടാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന ഹിക്മത്യാറിന്റെ പ്രഖ്യാപനം. ഭൂരിഭാഗം ജനങ്ങളുടെ പിന്തുണയുള്ള ജനാധിപത്യ സര്‍ക്കാറാണ് രാജ്യത്ത് ആവശ്യമെന്നും സമാധാനം പുന:സ്ഥാപിക്കാന്‍ ഇത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത ജൂലൈയില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ കടുത്ത സുരക്ഷാ ഭീഷണിയാണ് രാജ്യം നേരിടുന്നത്. തെരഞ്ഞെടുപ്പ് അട്ടിമറിക്കുമെന്ന് താലിബാന്‍ ഭീഷണി മുഴക്കിയിട്ടുണ്ട്. 2014-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ വ്യാപകമായ കൃത്രിമം നടത്തിയാണ് ഗനി വിജയിച്ചത് എന്ന് ആരോപണം ഉയര്‍ന്നിരുന്നു.

 

Latest News