കൊല്‍ക്കത്ത- മോഡി സര്‍ക്കാരിന്റെ കാലാവധി കഴിഞ്ഞെന്നും പ്രതിപക്ഷം പുതിയ ഭാരതം പണിയുമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി. 'ഇരുപത്തിമൂന്ന് പാര്‍ട്ടികള്‍ ഈ റാലിയില്‍ പങ്കെടുത്തിട്ടുണ്ട്. മോഡി സര്‍ക്കാരിന്റെ കാലം കഴിഞ്ഞു പോയി,' മമത പറഞ്ഞു. ലക്ഷക്കണക്കിന് തൃണമൂല്‍ പ്രവര്‍ത്തകരാണ് മഹാറാലിയില്‍ പങ്കെടുത്തത്. രാജ്‌നാഥ് സിംഗ്, സുഷമ സ്വരാജ്, നിതിന്‍ ഗഡ്കരി പോലുളള നേതാക്കന്‍മാര്‍ ബിജെപിയില്‍ അവഗണിക്കപ്പെടുകയാണെന്ന് മമത പറഞ്ഞു. താന്‍ പ്രധാനമന്ത്രി ആവാന്‍ ആഗ്രഹിക്കുന്നില്ലെന്നും ബിജെപിയെ അധികാരത്തില്‍ നിന്ന് ഇറക്കുകയാണ് ലക്ഷ്യമെന്നും മമത പറഞ്ഞു.
കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ റാലിയില്‍ പങ്കെടുത്തു. ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി, രാഷ്ട്രീയ ജനതാ ദള്‍, ജനതാ ദള്‍ സെക്കുലര്‍, ആം ആദ്മി പാര്‍ട്ടി, സമാജ്‌വാദി പാര്‍ട്ടി,ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച, രാഷ്ട്രീയ ലോക്ദള്‍, നാഷണല്‍ കോണ്‍ഫറന്‍സ്, തുടങ്ങിയ പാർട്ടികളുടെ നേതാക്കന്മാരും റാലിയില്‍ പങ്കെടുത്തു.
എച്ച് ഡി ദേവ ഗൗഡ, കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാര സ്വാമി, ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ചയുടെ ബാബുലാല്‍ മറാണ്ടി, മുന്‍ കേന്ദ്ര മന്ത്രി യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി, അജിത് സിംഗ്, ബിജെപി എംപി ശത്രുഖ്‌നന്‍ സിന്‍ഹ, എന്‍സിപി നേതാവ് ശരദ് പവാര്‍, ആര്‍ജെഡി നേതാവ് തേജസ്വി യാദവ്, പട്ടേല്‍ സമര നേതാവ് ഹര്‍ദിക് പട്ടേല്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ബിജെപിക്കെതിരെ ശക്തമായ ഫെഡറല്‍ സഖ്യം കൊണ്ടു വരാനാണ് മമതയുടെ ശ്രമം. വിവിധ സംസ്ഥാന മുഖ്യമന്ത്രിമാര്‍ നേരത്തെത്തന്നെ മമതയെ കണ്ട് ചര്‍ച്ച നടത്തിയിട്ടുണ്ട്.