Sorry, you need to enable JavaScript to visit this website.

കനയ്യ കുമാറിനെതിരെ കുറ്റപത്രം; ദൽഹി പോലീസിന് കോടതിയുടെ രൂക്ഷവിമർശനം

ന്യൂദൽഹി- ദൽഹി ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ രാജ്യവിരുദ്ധ മുദ്രാവാക്യം മുഴക്കി എന്നാരോപിച്ച് മുൻ വിദ്യാർഥി യൂണിയൻ പ്രസിഡന്റ് കനയ്യ കുമാർ ഉൾപ്പടെ പത്തുപേർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയുള്ള ദൽഹി പോലീസിന്റെ കുറ്റപത്രത്തിനെതിരെ ദൽഹി കോടതിയുടെ രൂക്ഷ വിമർശനം. ദൽഹി ഗവൺമെന്റിന്റെ നിയമാനുമതിയില്ലാതെ കുറ്റപത്രം സമർപ്പിച്ചതിനാണ് ഹൈക്കോടതി പോലീസിനെ രൂക്ഷമായി വിമർശിച്ചത്. കുറ്റപത്രം സ്വീകരിക്കാന്‍ കോടതി തയ്യാറായില്ല. ദൽഹി ഗവൺമെന്റിൽനിന്ന് പത്തുദിവസത്തിനകം നിയമാനുമതി ലഭിക്കുമെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ തിങ്കളാഴ്ചയാണ്  പോലീസ് സ്‌പെഷ്യൽ സെൽ പട്യാല ഹൗസ് കോടതിയിൽ 1200 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്.
    കനയ്യ കുമാറിന് പുറമേ വിദ്യാർഥി യൂണിയൻ നേതാക്കളായിരുന്ന ഉമർ ഖാലിദ്, അനിർബൻ ഭട്ടാചാര്യ, അഖ്വീബ് ഹുസൈൻ, മുജീബ് ഹുസൈൻ, മുനീബ് ഹുസൈൻ, ഉമർ ഗുൽ, ജമ്മു കാഷ്മീർ സ്വദേശികളായ റയീസ് റസൂൽ, ബഷാറത് അലി, ഖാലിദ് ബഷീർ ഭട്ട് എന്നിവർക്കെതിരേയാണ് കുറ്റപത്രം നൽകിയിരിക്കുന്നത്. മുപ്പതിയഞ്ചു പ്രതികളുള്ള കേസിൽ സിപിഐ നേതാക്കളായ ഡി. രാജയുടെയും ആനി രാജയുടെയും മകൾ അപരാജിത രാജയുടെ മകൾ അപരാജിത രാജയും എഐഎസ്എ നേതാവ് ഷെഹ്‌ല റാഷിദും പ്രതികളാണ്. 
കനയ്യ കുമാർ ഉൾപ്പടെ ആദ്യ പത്തു പേരാണ് പ്രധാന പ്രതിപ്പട്ടികയിൽ ഉള്ളത്. അപരാജിതയുടെയും ഷെഹ്‌ലയുടെയും പേരുകൾ കുറ്റപത്രത്തിലെ 12-ാം നമ്പർ കോളത്തിലാണുള്ളത്. കാമ്പസിനുള്ളിൽ നടന്ന പരിപാടിയിൽ ഇവർ പങ്കെടുത്തിരുന്നു എന്നും എന്നാൽ, ഇവർക്കെതിരേ മതിയായ തെളിവുകളില്ലെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്. ഇവർക്കെതിരേ നേരിട്ടു തെളിവുകളൊന്നുമില്ലെന്നും ചോദ്യം ചെയ്യാനായി വിളിപ്പിച്ചേക്കാമെന്നുമാണ് ഡൽഹി പോലീസ് പറയുന്നത്. സംഭവം നടന്നു മൂന്നു വർഷത്തിന് ശേഷമാണ് ഡൽഹി പോലീസ് കുറ്റപത്രം സമർപ്പിക്കുന്നത്. വീഡിയോ ദൃശ്യങ്ങളും, ദൃക്‌സാക്ഷി മൊഴികളും പോലീസ് സമർപ്പിച്ചിട്ടുണ്ട്. മെട്രോപോളിറ്റൻ മജിസ്‌ട്രേറ്റ് സുമിത് ആനന്ദ് കേസ് ഇന്നു പരിഗണിക്കുന്നതിനായി മാറ്റി വെച്ചു. 1200 പേജുള്ള കുറ്റപത്രം പ്രത്യേകം പൂട്ടിയ ട്രങ്ക് പെട്ടിയിലാക്കിയാണ് ഡൽഹി പോലീസ് പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കാനെത്തിച്ചത്. 
    ഡൽഹി പോലീസിനോടും മോദിയോടും നന്ദിയുണ്ടെന്നായിരുന്നു കനയ്യ കുമാറിന്റെ പ്രതികരണം. മൂന്നു വർഷങ്ങൾക്ക് ശേഷം കുറ്റപത്രം സമർപ്പിക്കുന്നത് തെരഞ്ഞെടുപ്പിനു മുൻപായി സംഭവത്തെ രാഷ്ട്രീയവത്കരിക്കുന്നു എന്നതിന്റെ തെളിവാണ്. എന്റെ രാജ്യത്തെ കോടതിയിൽ എനിക്കു വിശ്വാസമുണ്ടെന്നും കനയ്യ കുമാർ പറഞ്ഞു.
    കുറ്റപത്രത്തിലെ ആരോപണങ്ങൾ നിഷേധിച്ച ഉമർ ഖാലിദ് സർക്കാർ തെരഞ്ഞെടുപ്പു മുന്നിൽ കണ്ട് തങ്ങളുടെ പരാജയങ്ങളെ മറച്ചു വെക്കാൻ ശ്രദ്ധി തിരിച്ചു വിടാൻ നടത്തുന്ന ശ്രമമാണിതെന്ന് ആരോപിച്ചു. ആരോപണങ്ങൾക്കെതിരേ പോരാടി തങ്ങളുടെ നിരപരാധിത്വം തെളിയിക്കുമെന്നും ഉമർ ഖാലിദ് പറഞ്ഞു. 
    എഐഎസ്എഫിന്റെ വിദ്യാർഥികൾക്ക് രാജ്യദ്രോഹികളാകാൻ കഴിയില്ലെന്നും കേസ് രാഷ്ട്രീയ പ്രേരിതമായി കെട്ടിച്ചമച്ചതാണെന്നും ഡി. രാജ പറഞ്ഞു. ആരോപണങ്ങളെല്ലാം തന്നെ രാഷ്ട്രീയ പ്രേരിതമാണ്. രാജ്യത്തിനെതിരേ എതെങ്കിലും തരത്തിൽ പ്രവർത്തിച്ചു എന്ന് എഐഎസ്എഫിനെതിരേ ആർക്കും ആരോപിക്കാൻ കഴിയില്ല. ഇവിടെ തെളിയിക്കാനായി ഒന്നും തന്നെയില്ല. തങ്ങളുടെ കുട്ടികൾക്ക് രാജ്യവിരുദ്ധ പ്രവർത്തങ്ങളിൽ ഏർപ്പെടാൻ കഴിയില്ല. സർക്കാർ അവരുടെ മേൽ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരിക്കുകയയാണ്. കേസിനെതിരേ ശക്തമായി പോരാടുമെന്നും ഡി. രാജ പറഞ്ഞു.
     സർവകലാശാല കാമ്പസിൽ നടന്ന രാജ്യവിരുദ്ധ പരിപാടിയെക്കുറിച്ച് അറിഞ്ഞിരുന്നിട്ടും അന്നു വിദ്യാർഥി യൂണിയൻ പ്രസിഡന്റായിരുന്ന കനയ്യ കുമാർ തടഞ്ഞില്ലെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. ഉമർ ഖാലിദും അനിർബനും പുറത്തു നിന്ന് ആളുകളെയെത്തിച്ചു പരിപാടി സംഘടിപ്പിക്കുന്ന കാര്യം കനയ്യ കുമാറിന് അറിയാമായിരുന്നു എന്നും പറയുന്നു. രാജ്യദ്രോഹക്കുറ്റം, കലാപമുണ്ടാക്കൽ, നിയമാനുസൃതമല്ലാത്ത യോഗം ചേരൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരേ ചുമത്തിയിരിക്കുന്നത്.
    അഫ്‌സൽ ഗുരുവിനെ തൂക്കിലേറ്റിയതിനെതിരേ 2016 ഫെബ്രുവരി ഒമ്പതിന് കനയ്യ കുമാറിന്റെ നേതൃത്വത്തിൽ ജെഎൻഎയുവിൽ നടന്ന പരിപാടി അനുമതിയില്ലെന്ന കാരണത്താൽ പോലീസ് തടഞ്ഞു. അപ്പോൾ കനയ്യ കുമാർ ഉൾപ്പടെയുള്ളവർ വ ന്ന സുരക്ഷ ഉദ്യോഗസ്ഥരോടു തട്ടിക്കയറുകയും സംഘം ചേർന്നു മുദ്രാവാക്യം മുഴക്കുകയായിരുന്നു എന്നും കുറ്റപത്രത്തിൽ പറയുന്നു. 
    ഡൽഹി പോലീസ് തയാറാക്കിയ കുറ്റപത്രത്തിൽ കനയ്യ കുമാറും കൂട്ടാളികളും കടുത്ത രാജ്യവിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കിയെന്നാണ് ആരോപിക്കുന്നത്. ദൈവത്തിന്റെ നാമത്തിൽ ഇന്ത്യയെ കീറി മുറിക്കും. കാഷ്മീരിന് സ്വാതന്ത്ര്യം ലഭിക്കും വരെ പോരാട്ടം തുടരും എന്നൊക്കെ വിദ്യാർഥികൾ മുദ്രാവാക്യം മുഴക്കിയെന്നാണ് പോലീസ് കുറ്റപത്രത്തിൽ എഴുതിച്ചേർത്തിരിക്കുന്നത്. കനയ്യ കുമാർ ഉൾപ്പടെയുള്ള വിദ്യാർഥികളെ അറസ്റ്റ് ചെയ്തപ്പോൾ ഡൽഹി പോലീസ് സംഘടിപ്പിച്ച വീഡിയോ ദൃശ്യങ്ങൾ ഉൾപ്പടെയുള്ള തെളിവുകൾ കെട്ടിച്ചമതാണെന്നു നേരത്തേ തന്നെ ആരോപണം ഉയർന്നിരുന്നു. 


 

Latest News