താനെ- മഹാരാഷ്ട്രയില്‍ പണത്തിനുവേണ്ടി തട്ടിക്കൊണ്ടുപോയ പത്ത് വയസ്സുകാരനെ പോലീസ് സുരക്ഷിതമായി രക്ഷപ്പെടുത്തി. സംഭവത്തില്‍ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. താനെയില്‍ വീടിനുടുത്ത് വെച്ച് കഴിഞ്ഞ ഞായറാഴ്ചയാണ് ക്രിഷ് ജെയ്‌സ്വാറിനെ കാണാതായത്. പോലീസ് കേസ് ഫയല്‍ ചെയ്ത് അന്വേഷിക്കുന്നതിനിടെ, മൂന്ന് ലക്ഷം രൂപ നല്‍കിയാല്‍ കുട്ടിയെ വിട്ടുതരാമെന്ന് അപഹര്‍ത്താക്കള്‍ ഫോണ്‍ ചെയ്ത വിവരം കുട്ടിയുടെ പിതാവ് യോഗേന്ദ്രകുമാര്‍ പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ അവിനാഷ് അംബൂറിനെ അറിയിക്കുകയായിരുന്നു.
പ്രദേശത്ത് ടെലിവിഷന്‍ റിപ്പയര്‍ ചെയ്യുന്ന കല്‍പനാഥ് ചൗഹാന്‍ എന്നായളെ മൂന്ന് ലക്ഷം രൂപ നല്‍കി ദാദര്‍ റെയില്‍വെ സ്റ്റേഷനു സമീപം എത്തിക്കാനാണ് അപഹര്‍ത്താക്കള്‍ ടെലിഫോണില്‍ ആവശ്യപ്പെട്ടിരുന്നത്. തുടര്‍ന്ന് സിവിലിയന്‍ സന്നദ്ധ പ്രവര്‍ത്തകരെ കൂടി ഉള്‍പ്പെടുത്തി പോലീസ് പ്രത്യേക സംഘം രൂപീകരിച്ചു. പോലീസിന്റെ നിര്‍ദേശ പ്രകാരം ചൗഹാന്റെ കൈയില്‍ പണം നല്‍കി റെയില്‍വേ സ്റ്റേഷനിലേക്ക് അയച്ചു. ഓട്ടോറിക്ഷയില്‍ റെയില്‍വേ സ്‌റ്റേഷനിലേക്ക് പുറപ്പെട്ട ചൗഹാനെ പോലീസുകാര്‍ സാധാരണ വേഷത്തില്‍ ഓട്ടോകളിലും ജീപ്പുകളിലും പിന്തുടര്‍ന്നു.
ഞങ്ങള്‍ സംശയിച്ചതു പോലെ തന്നെയാണ് സംഭവിച്ചത്. ചൗഹാന്‍ റെയില്‍വേ സ്‌റ്റേഷനിലേക്ക് പോകാതെ ഭീവണ്ടിയിലേക്കാണ് പോയത്. കുട്ടിയുടെ പിതാവിനെ കൊണ്ട് ചൗഹാനെ വിളിപ്പിച്ചു.താന്‍ ദാദറിലേക്ക് പോയിക്കൊണ്ടിരിക്കെയാണെന്നാണ് ചൗഹാന്‍ മറുപടി നല്‍കിയത്. ഭീവണ്ടിയിലെ നര്‍പോളിയില്‍ ഏകതാ നഗറിലെത്തിയ ചൗഹാന്‍ ഒരു വീട്ടിലേക്കാണ് കയറി പോയത്- ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു.
പിന്തുടര്‍ന്നിരുന്ന പോലീസുകര്‍ വീട്ടിനകത്ത് കയറിയപ്പോള്‍ കുട്ടി സുരക്ഷിതനായി ഇരിപ്പുണ്ടായിരുന്നു. ചൗഹാനു പുറമെ, ഇയാളുടെ സഹോദരന്‍ സിക്കന്ദറാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്ത് പോലീസ് സ്‌റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി.
ചൗഹാനാണ് മുഴുവന്‍ പദ്ധതിയും തയാറാക്കിയതെന്നും കുട്ടിക്ക് പരിക്കൊന്നും ഏല്‍പിച്ചിരുന്നില്ലെന്നും പോലിസ് പറഞ്ഞു. സംഭവത്തില്‍ വേറെ ആര്‍ക്കെങ്കിലും പങ്കുണ്ടോ എന്നന്വേഷിച്ചുവരികയാണ് പോലീസ്.