ജിദ്ദ- കേരളം അനുഭവിച്ച പ്രളയം ജീവകാരുണ്യ രംഗത്ത് അകമഴിഞ്ഞ് സംഭാവന നല്‍കാന്‍ മലയാളികളെ പ്രേരിപ്പിച്ചതായി സമൂഹമാധ്യമങ്ങളിലൂടെ സേവന രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഫിറോസ് കുന്നംപറമ്പില്‍ പറഞ്ഞു. ജിദ്ദയില്‍ എടത്തനാട്ടുകരക്കാരുടെ കൂട്ടായ്മയായ ജീവ നല്‍കിയ സ്വീകരണത്തില്‍ ജീവകാരുണ്യ രംഗത്തെ അനുഭവങ്ങള്‍ അദ്ദേഹം പങ്കുവെച്ചു. റെക്കോര്‍ഡ് ജനക്കൂട്ടമാണ് ഫിറോസിനെ കാണാനെത്തിയത്.
കിടപ്പാടമില്ലാതെയും രോഗം മൂലവും ദുരിതമനുഭവിക്കുന്ന നിരവധി പേരുടെ കഥകള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുകൊണ്ടുവന്ന് മണിക്കൂറുകള്‍ കൊണ്ട് ലക്ഷങ്ങള്‍ സ്വരൂപിച്ച് സഹായിക്കാന്‍ സാധിച്ച ഫിറോസ് എവിടെയുമുള്ള നന്മ മനസ്സുകളുടെ താരമാണ്.
താന്‍ കാണിച്ച വഴിയിലൂടെ ധാരാളം പേര്‍ ഇന്ന് ഇതേ സേവനം ചെയ്യുന്നുണ്ടെന്നും എല്ലാവരും ചാരിറ്റിയില്‍ ശ്രദ്ധിച്ചുതുടങ്ങിയെന്നതാണ് കേരളത്തിലെ മാറ്റമെന്നും അദ്ദേഹം പറഞ്ഞു. ഉണ്ടാക്കി വെച്ചതൈാക്കെ പ്രളയത്തില്‍ ഒലിച്ചു പോയപ്പോഴാണ് പലര്‍ക്കും തിരിച്ചറിവുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരു മൊബൈല്‍ ഫോണുമായി വന്ന് ജനമനസ്സുകള്‍ കീഴടക്കിയ ഫിറോസിന് ജിദ്ദയില്‍ ഉജ്വല വരവേല്‍പാണ് ലഭിച്ചത്. കഴിഞ്ഞ ദിവസം മക്കയിലെത്തി ഉംറ നിര്‍വഹിച്ച അദ്ദേഹം തന്നെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും നന്ദി പറഞ്ഞു.