Sorry, you need to enable JavaScript to visit this website.

കര്‍ണാടകയില്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ റിസോര്‍ട്ടിലേക്കു മാറ്റി; കോടികള്‍ എറിഞ്ഞ് ചാക്കിട്ടുപിടിക്കാന്‍ ബിജെപി

ബംഗളുരു- കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള അണിയറ നീക്കങ്ങള്‍ ബിജെപി സജീവമാക്കിയതോടെ കോണ്‍ഗ്രസ് എംഎല്‍എമാരെ ഒന്നടങ്കം റിസോര്‍ട്ടിലേക്കു മാറ്റി. ബിജെപിയും കോണ്‍ഗ്രസും പരസ്പരം എംഎല്‍എമാരെ ചാക്കിട്ടുപിടിക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നുവെന്ന ആക്ഷേപത്തിനിടെയാണ് പുതിയ നീക്കം. നൂറിലേറെ ബിജെപി എംഎല്‍എമാരെ ദല്‍ഹിക്കടുത്ത ഗുഡ്ഗാവിലെ റിസോര്‍ട്ടിലേക്കു നേരത്തെ മാറ്റിയിരുന്നു. ഇതിനു പിന്നാലെയാണ് കോണ്‍ഗ്രസ് വെള്ളിയാഴ്ച തങ്ങളുടെ എംഎല്‍എമാരെ റിസോര്‍ട്ടിലേക്കു മാറ്റിയത്. അതിനിടെ ബിജെപി അധ്യക്ഷന്‍ ബി.എസ് യെദ്ദ്യൂരപ്പ ഗുഡ്ഗാവിലുള്ള എംഎല്‍മാരെ തിരിച്ചു വിളിച്ചിട്ടുണ്ട്. 

ഏഴു മാസം മുമ്പ് തെരഞ്ഞെടുപ്പു ഫലം തൂക്കുസഭയായതോടെ ഉടലെടുത്തതിനു സമാന സാഹചര്യങ്ങളാണ് ഇപ്പോള്‍ കര്‍ണാടകയിലേത്. അന്ന് കോണ്‍ഗ്രസ് എംഎല്‍എമാരെ പാര്‍പ്പിച്ച ഈഗ്ള്‍ടണ്‍ റിസോര്‍ട്ടിലേക്കാണ് ഇത്തവണം ഇവരെ മാറ്റിയിരിക്കുന്നത്. നേരത്തെ ആറു കോണ്‍ഗ്രസ് എംഎല്‍എമാരെ 'കാണാതായിയരുന്നു.' ഇവരെ ബിജെപി ചാക്കിട്ടുപിടിച്ചുവെന്ന അഭ്യൂഹങ്ങള്‍ക്കിടെ കഴിഞ്ഞ ദിവസങ്ങളില്‍ ഇവര്‍ തിരിച്ചെത്തിയത് കോണ്‍ഗ്രസിന് ആശ്വാസമായിരുന്നു. കോണ്‍ഗ്രസിന്റെ 76 എംഎല്‍എമാരെയാണ് റിസോര്‍ട്ടിലേക്ക് മാറ്റിയിരിക്കുന്നത്. ഇവരെ ബിജെപിയില്‍ നിന്നും രക്ഷിക്കാനാണ് റിസോര്‍ട്ടിലേക്കു മാറ്റുന്നതെന്ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായി സിദ്ധാരാമയ്യ പറഞ്ഞു.

പ്രധാനമനന്ത്രി നരേന്ദ്ര മോഡിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായുമാണ് ബിജെപിയുടെ ഈ നീക്കങ്ങള്‍ക്കു പിന്നിലെന്നും കോടികള്‍ ഇറക്കിയാണ് ഇവര്‍ എംഎല്‍എമാരെ ചാക്കിട്ടു പിടിക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. മൂന്ന് മാസത്തിനു ശേഷം നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കര്‍ണാകയില്‍ ബിജെപിയെ അധികാരത്തിലെത്തിക്കാനാണ് ഈ നീക്കം. 

അതേസമയം ഇപ്പോഴും തിരിച്ചു വരാത്ത മൂന്ന് എല്‍എല്‍എമാര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും കോണ്‍ഗ്രസ് സൂചന നല്‍കുന്നു. ഉമേഷ് ജാദവ്, മന്ത്രിസഭയില്‍ നിന്നും പുറത്താക്കപ്പെട്ട രമേശ് ജാര്‍കിഹോളി, മഹേഷ് കുമാത്തല്ലി എന്നിവര്‍ ഇപ്പോഴും മുംബൈയിലാണെന്നാണ് റിപോര്‍ട്ടുകള്‍. ആരോഗ്യ പ്രശ്‌നങ്ങളുള്ളതിനാല്‍ യാത്ര ചെയ്യാനാവില്ലെന്ന് ഉമേഷ് അറിയിച്ചിട്ടുണ്ടെന്ന് കോണ്‍ഗ്രസ് പറഞ്ഞു. തിരിച്ചുവരാത്ത എംഎല്‍എമാര്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കുമെന്നും ഇക്കാര്യം ഹൈക്കമാന്‍ഡുമായി ചര്‍ച്ച ചെയ്യുമെന്നും സിദ്ധാരാമയ്യ പറഞ്ഞു.

Latest News