കാസർകോട്- 'മരുന്ന് കഴിച്ചു തുടങ്ങുക. അസുഖം പൂർണമായും ഭേദപ്പെടുത്തി തരും' എന്ന ആത്മവിശ്വാസത്തോടെയുള്ള ഉറപ്പ് നൽകിയാണ് കാസർകോട് പരപ്പയിലെ പ്രശസ്തനായ മാധവൻ വൈദ്യർ പി.ഡി.പി ചെയർമാൻ അബ്ദുൽ നാസർ മഅ്ദനിയുടെ ഫ്‌ളാറ്റിൽ നിന്ന് നാട്ടിലേക്കു മടങ്ങിയത്. അബ്ദുൽ നാസർ മഅ്ദനിയുടെ അഭ്യർഥന മാനിച്ചാണ് അസുഖം ഭേദമാക്കാനുള്ള ദൗത്യം ഏറ്റെടുത്ത മലയോരത്തെ പാരമ്പര്യ ചികിത്സകൻ മാധവൻ വൈദ്യർ ബംഗളൂരുവിലെ അദ്ദേഹത്തിന്റെ താമസ സ്ഥലത്ത് എത്തിയത്. പി.ഡി.പി സംസ്ഥാന സെക്രട്ടറി ബഷീർ കുഞ്ചത്തൂർ, സി.പി.എം ഏരിയ കമ്മിറ്റി അംഗം ബാനം ജയകൃഷ്ണൻ എന്നിവരുടെ കൂടെ വ്യാഴാഴ്ച വൈകുന്നേരം ആണ് മാധവൻ വൈദ്യർ ബംഗളൂരുവിൽ എത്തിയത്. കുറച്ചു ദിവസമായി മഅ്ദനിക്ക് ഷുഗറും ക്രയാറ്റിനും കൂടുകയും കിഡ്‌നിയുടെ അസ്വസ്ഥത വർധിക്കുകയും ചെയ്തിരുന്നു. നീണ്ട ജയിൽവാസം കാരണം ആയുർവേദവും യുനാനിയും അലോപ്പതിയും ചികിത്സ നടത്തിയിട്ടും അസുഖം കുറഞ്ഞില്ല. ഒരുവിധം നിയന്ത്രിച്ചു വന്നിരുന്നു എന്നല്ലാതെ കിഡ്‌നിയുടെ അസുഖം ഭേദമാകുമെന്ന പ്രതീക്ഷ അസ്തമിച്ചതോടെയാണ് മഅ്ദനി മാധവൻ വൈദ്യരുടെ സഹായം തേടിയത്. ഇദ്ദേഹത്തിന്റെ ചികിത്സാ രീതി അറിഞ്ഞ മഅ്ദനി ബഷീറിനെ വൈദ്യരുടെ അടുത്തേക്ക് അയക്കുകയായിരുന്നു സി.പി.എം നേതാവ് കെ.പി സതീഷ് ചന്ദ്രന്റെ സഹായത്തോടെ ബന്ധപ്പെട്ടപ്പോൾ വൈദ്യർ പൂർണ മനസോടെ ചികിത്സ നടത്താൻ സമ്മതം അറിയിക്കുകയായിരുന്നു. അതിന് ശേഷം മഅ്ദനി ഫോണിലൂടെ വൈദ്യരെ ബന്ധപ്പെട്ടു രോഗ വിവരം അറിയിച്ചു. ഇതോടെ നേരിട്ട് കണ്ടു തന്നെ ചികിത്സ തുടങ്ങണമെന്ന് വൈദ്യർ അറിയിക്കുകയായിരുന്നു. അതനുസരിച്ചാണ് സഹായി രാഘവന്റെ കൂടെ ബംഗളൂരുവിലേക്ക് തിരിച്ചത്. മഅ്ദനിക്ക് നൽകാൻ മരുന്നും അദ്ദേഹം കരുതിയിരുന്നു. പരിശോധിച്ച ശേഷം വൈദ്യർ നൽകിയ മരുന്ന് കഴിച്ചു തുടങ്ങിയപ്പോൾ തന്നെ ആശ്വാസം തോന്നുന്നതായി മഅ്ദനി പറഞ്ഞു. വൈദ്യരുടെ വാക്കുകളും പകുതി വേദന കുറച്ചു. സന്തോഷത്തോടെയാണ് വൈദ്യരെ അദ്ദേഹം യാത്രയാക്കിയത്. വീണ്ടും കുറച്ചു മരുന്നുകൾ ഞായറാഴ്ച കൊടുത്തയക്കാം എന്ന ഉറപ്പ് നൽകി മടങ്ങിയ മാധവൻ വൈദ്യർ ഇന്നലെ രാവിലെയാണ് പരപ്പയിൽ തിരിച്ചെത്തിയത്.