Sorry, you need to enable JavaScript to visit this website.

കോൺഗ്രസ് അധികാരത്തിലെത്തിയാൽ പ്രവാസികളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കും -എം.കെ.രാഘവൻ 

എം.കെ രാഘവൻ എം.പി റിയാദിൽ വാർത്താ സമ്മേളനത്തിൽ.

റിയാദ്- കോൺഗ്രസ് അധികാരത്തിലെത്തിയാൽ പ്രവാസികളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കുന്നതിനുള്ള പദ്ധതികൾ നടപ്പാക്കുമെന്ന് കോൺഗ്രസ് നേതാവ് എം.കെ രാഘവൻ എം.പി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഒരുക്കത്തിന് മുന്നോടിയായി പ്രവാസി പ്രശ്‌നങ്ങൾ പഠിക്കുന്നതിനുള്ള ഗൾഫ് പര്യടനത്തിന്റെ ഭാഗമായാണ് അദ്ദേഹം റിയാദിലെത്തിയത്. പ്രവാസികളുടെ പ്രശ്‌നങ്ങളിൽ എൻ.ഡി.എ സർക്കാർ വേണ്ടത്ര താൽപര്യം കാണിക്കുന്നില്ലെന്നും അതിന്റെ ഭാഗമായാണ് പ്രവാസി വകുപ്പ് ഇല്ലാതാക്കിയതെന്നും അദ്ദേഹം ആരോപിച്ചു. ഇതോടെ പ്രവാസി വിഷയങ്ങൾ ഉന്നയിക്കാൻ ഇടമില്ലാതായി. 
പ്രവാസികളുടെ മൃതദേഹം തൂക്കി നോക്കിയും വൻ നിരക്ക് ഈടാക്കിയുമാണ് വിമാനക്കമ്പനികൾ നാട്ടിലെത്തിക്കുന്നത്. ഇത് അവരോടുള്ള അവഗണനയാണ്. യു.പി.എ സർക്കാർ അധികാരത്തിലെത്തിയാൽ സൗജന്യമായി മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നീക്കങ്ങൾ നടത്തും. ഈ വിഷയം പ്രകടനപത്രികയിലും ഉൾപ്പെടുത്തും. ചില രാജ്യങ്ങൾ പൗരന്മാരുടെ മൃതദേഹം സൗജന്യമായി കൊണ്ടുപോകുന്നുണ്ട്. ഇന്ത്യക്ക് ഈ മാതൃക സ്വീകരിക്കാവുന്നതാണ്.
ഇന്ത്യൻ എംബസി വെൽെഫയർ ഫണ്ട് ഫലപ്രദമായ രീതിയിൽ ഉപയോഗിക്കുന്നില്ലെന്ന ആക്ഷേപം വ്യാപകമാണ്. ശിക്ഷാ കാലാവധി തീർന്നതിന് ശേഷം നിരവധി ഇന്ത്യക്കാർ സൗദി ജയിലുകളിൽ കഴിയുന്നുണ്ട്. അവർക്ക് കൃത്യമായ നിയമ സംരക്ഷണം ഉറപ്പാക്കാൻ എംബസിയുടെ ഭാഗത്ത് നിന്ന് കൃത്യമായ ഇടപെടലുകൾ ഉണ്ടാകുന്നില്ല. പ്രവാസികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് എംബസികളിൽ ലീഗൽ സെൽ രൂപീകരിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്.
ഗൾഫ് രാജ്യങ്ങളിലേക്ക് വിവിധ വിമാനങ്ങളിൽ വ്യത്യസ്ത നിരക്കുകളാണിപ്പോൾ ഈടാക്കുന്നത്. വിമാന നിരക്ക് ഏകീകരിക്കുന്നതിന് പ്രത്യേക റഗുലേറ്ററി അതോറിറ്റി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് താൻ പാർലമെന്റിൽ സ്വകാര്യ ബിൽ അവതരിപ്പിച്ചിരുന്നു. ഹയർ സെക്കണ്ടറി വിദ്യാഭ്യാസത്തിനപ്പുറത്ത് സൗദി അറേബ്യയിൽ ഇന്ത്യൻ വിദ്യാർഥികൾക്ക് അവസരങ്ങളില്ല. ഇന്ത്യ-സൗദി സർക്കാരുകൾ ഇത് സംബന്ധിച്ച് പ്രത്യേക കരാറുകൾ ഉണ്ടാക്കേണ്ടതുണ്ട്. പാർലമെന്റിൽ ഇത് സംബന്ധിച്ച് ആവശ്യമുന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. 
ശബരിമല വിഷയത്തിൽ കോടതിയെ യാഥാർഥ്യം ബോധ്യപ്പെടുത്തുന്നതിൽ സർക്കാർ പരാജയപ്പെട്ടു. ഓരോ ക്ഷേത്രത്തിനും ഓരോ ആചാരങ്ങളാണ്. സംസ്ഥാന സർക്കാറിന്റെ പിടിവാശി അനവസരത്തിലുള്ളതാണ്. വിശ്വാസികളെ വെല്ലുവിളിക്കുകയാണ് സർക്കാർ ചെയ്തത്.
പൊതുമേഖലയിലുള്ള കോഴിക്കോട് വിമാനത്താവളത്തെ തകർക്കാൻ നീക്കം നടക്കുന്നുണ്ടെന്നും വിവിധ മേഖലയിൽ നിന്ന് അതിന് പിന്തുണ ലഭിക്കുന്നുണ്ടെന്നും അവയെ ശക്തമായി പ്രതിരോധിക്കുമെന്നും എം.പി പറഞ്ഞു.
കെ.പി.സി.സി സെക്രട്ടറി അഡ്വ.പ്രവീൺ, കെ.പി.സി.സി മെമ്പർ അഡ്വ.നിയാസ്, ഒ.ഐ.സി.സി നാഷണൽ കമ്മിറ്റി പ്രസിഡന്റ് നജീബ്, ശഫീഖ് കിനാലൂർ, നവാസ് വെള്ളിമാട്കുന്ന് എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു. 

Latest News