ന്യൂദൽഹി- കോൺഗ്രസിന്റെ വരുമാനത്തിൽ കഴിഞ്ഞ വർഷം വൻ ഇടിവ്. തെരഞ്ഞെടുപ്പു കമ്മീഷന് നൽകിയ വാർഷിക ഓഡിറ്റ് റിപ്പോർട്ട് അനുസരിച്ച് കോൺഗ്രസിന്റെ 2017-8 വർഷത്തെ വരുമാനം 119 കോടി രൂപയാണ്. മുൻ വർഷം ലഭിച്ചതിനേക്കാൾ 12 ശതമാനം കുറവും കഴിഞ്ഞ പതിനൊന്നു വർഷത്തെ ഏറ്റവും കുറഞ്ഞ വരുമാനവും ആണിത്. ഈ വർഷത്തെ ചെലവാകട്ടെ 197 കോടി രൂപയാണ്. 2016-17 വർഷത്തിൽ കോൺഗ്രസിന്റെ വരുമാനം 225 കോടി രൂപ ആയിരുന്നപ്പോൾ ബിജെപിക്ക് ലഭിച്ചത് 1,027 കോടി രൂപയാണ്. 2001-02 വർഷത്തിൽ ബിജെപിയേക്കാൾ കൂടുതലായിരുന്നു കോൺഗ്രസിന് സംഭാവന ലഭിച്ചിരുന്നത്. എന്നാൽ, 2012-13 വർഷത്തിന് ശേഷം ബിജെപി അധികാത്തിൽ വന്നതോടെ കോൺഗ്രസിന്റെ വരുമാനം കുത്തനെ ഇടിയുകയായിരുന്നു. 2017-18 വർഷത്തെ കോൺഗ്രസിന്റെ വരുമാനമായ 119 കോടി രൂപയിൽ അഞ്ചു കോടി രൂപ തെരഞ്ഞെടുപ്പു ബോണ്ടുകൾ വഴി ലഭിച്ചതാണ്. തെരഞ്ഞെടുപ്പു ബോണ്ടുകൾ വഴി ഇക്കാലയളവിൽ ബിജെപിക്ക് ലഭിച്ചത് 210 കോടി രൂപയാണ്. മറ്റു രാഷ്ട്രീയ പാർട്ടികൾക്ക് ആർക്കും തന്നെ തെരഞ്ഞെടുപ്പു ബോണ്ടുകളിലൂെട പണം ലഭിച്ചിട്ടുമില്ല.