ന്യൂദല്‍ഹി- പുതുവത്സരം പിറന്ന് മൂന്നാഴ്ച പിന്നിടാനാവുന്നതേയുള്ളു. രാജസ്ഥാനില്‍ ഈ വര്‍ഷം ഇതേ വരെ നാല്‍പത് പേര്‍ പന്നിപ്പനി ബാധിച്ച് മരിച്ചുവെന്നാണ് ഔദ്യോഗിക കേന്ദ്രങ്ങള്‍ സ്ഥിരീകരിച്ചത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിദേശ വിനോദ സഞ്ചാരികള്‍ എത്തുന്ന പ്രദേശം കൂടിയാണിത്. ദല്‍ഹി-ജയ്പൂര്‍-ആഗ്ര നഗരങ്ങള്‍ കേന്ദ്രീകരിച്ചുള്ള പാക്കേജുകള്‍ ടൂറിസ്റ്റുകള്‍ക്ക് ഏറെ താല്‍പര്യമുള്ളതാണ്. ആയിരം പേര്‍ക്കെങ്കിലും എച്ച്1എന്‍1 ബാധയുണ്ടെന്നാണ് ആരോഗ്യ വിഭാഗം നല്‍കുന്ന കണക്ക്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന എച്ച്1എന്‍ വൈറസ് കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ 1100 ജീവിതങ്ങളാണ് തട്ടിയെടുത്തത്. ദേശീയ തലത്തില്‍ 15,000 പേര്‍ക്കാണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. തണുപ്പു കാലം ആരംഭിച്ചതോടെയാണ് ദല്‍ഹി, രാജസ്ഥാന്‍ പ്രദേശങ്ങളില്‍ വീണ്ടും പന്നിപ്പനി ബാധ ആശങ്കയുണര്‍ത്തുന്നത്. മുന്‍കൂര്‍ അനുവാദമില്ലാതെ രാജസ്ഥാനിലെ ഡോക്ടര്‍മാര്‍ അവധിയെടുക്കരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. രോഗബാധിതരെ കണ്ടെത്തി ബോധവല്‍ക്കരണം നല്‍കാന്‍ ഗൃഹസന്ദര്‍ശനങ്ങള്‍ സംഘടിപ്പിക്കാനും രാജസ്ഥാന്‍ ആരോഗ്യ വകുപ്പ് ഉദ്ദേശിക്കുന്നുണ്ട്. രാജസ്ഥാനിലെ ജോദ്പൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ മരണം ഈ വര്‍ഷം തുടങ്ങിയ ശേഷം റിപ്പോര്‍ട്ട് ചെയ്തത്. 225 പേര്‍ രോഗബാധയുണ്ടെന്ന് കണ്ടെത്തിയ ജില്ലയില്‍ 16 പേര്‍ ഇതിനകം മരിച്ചു. വ്യാഴാഴ്ചയാണ് ഏറ്റവും ഒടുവിലെ മരണം റിപ്പോര്‍ട്ട് ചെയ്തത്. ബി.ജെ.പി പ്രസിഡന്റ് അമിത് ഷായെ രോഗബാധയെ തുടര്‍ന്ന് ഈ ആഴ്ച ദല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചുരുന്നു.