ബംഗളൂരു- കേന്ദ്ര സർക്കാരിന്റെ ലോക്‌സഭാ തെരഞ്ഞെടുപ്പ് അടവുകളെ രൂക്ഷമായി വിമർശിച്ച് നടനും സംവിധായകനുമായ പ്രകാശ്‌രാജ് രംഗത്തെത്തി. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ബി.ജെ.പിയുടെ പ്രധാന ആയുധമാണ് രാമക്ഷേത്ര നിർമാണം. ദൽഹിയിലും ലഖ്‌നൗവിലുമുള്ള ശീതീകരിച്ച മുറികളിലാണ് രാമക്ഷേത്ര നിർമ്മാണത്തെ കുറിച്ചുള്ള ചർച്ചകൾ നടക്കുന്നത്. എന്നാൽ അയോധ്യയിലെ തെരുവുകളിൽ ജനജീവിതം എങ്ങനെയാണെന്ന് അറിയാൻ മാധ്യമ പ്രവർത്തകർ അയോധ്യയിലേക്ക് വരണമെന്നും അദ്ദേഹം വെല്ലുവിളിച്ചു. ഈ രാമരാജ്യമാണോ അവർ കൊണ്ട്‌വരാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. അടുത്തിടെയാണ് തന്റെ രാഷ്ട്രീയ പ്രവേശം നടൻ പ്രകാശ്‌രാജ് പ്രഖ്യാപിച്ചത്. ബംഗളൂരുവിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായിട്ടാണ് അദ്ദേഹം മത്സരിക്കുന്നതെന്ന കാര്യവും വ്യക്തമാക്കിയിരുന്നു. കേന്ദ്ര സർക്കാരിന്റെ പല നടപടികളെയും ശക്തമായ ഭാഷയിലാണ് അദ്ദേഹം വിമർശിച്ചിട്ടുള്ളത്.