ന്യൂദല്‍ഹി- 2019 ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തീയതികള്‍ മാര്‍ച്ച് ആദ്യ വാരം പ്രഖ്യാപിച്ചേക്കും. തെരഞ്ഞെടുപ്പ് തീയതി, തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങുന്ന ദിവസം, ഫലമറിയുന്ന ദിവസം എല്ലാം മാര്‍ച്ച് ആദ്യ വാരത്തോടെ പ്രഖ്യാപിക്കുമെന്ന് ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിവിധ ഘട്ടങ്ങളിലായാവും തെരഞ്ഞെടുപ്പ് നടക്കുക.
ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം ആന്ധ്രപ്രദേശ്, ഒഡീഷ, സിക്കിം, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പുകൾ നടക്കാനും സാധ്യതയുണ്ട്. ജമ്മു കശ്മീരിലെ നിയമസഭാ തെരഞ്ഞെടുപ്പ് ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് തന്നെ നടക്കും. സുരക്ഷാ സംവിധാനങ്ങൾ, സുരക്ഷാ ഉദ്യോഗസ്ഥർ തുടങ്ങിയവയുടെ ലഭ്യത അനുസരിച്ചായിരിക്കും തെരഞ്ഞെടുപ്പ് നടക്കുകയെന്നും റിപ്പോർട്ടുകൾ ഉണ്ട്.