ലഖ്‌നൗ-ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ ആചാര വെടിവെപ്പില്‍ രണ്ട് സ്ത്രീകള്‍ കൊല്ലപ്പെട്ടു. മൊറാദാബാദിനടുത്തുളള മുകുത്പുര ഗ്രാമത്തിലാണ് സംഭവം. 43 വയസ്സായ റുസും 50 വയസ്സായ കുസും എന്നിവരാണ് മരിച്ചത്. രണ്ടുപേരും അപകട സ്ഥലത്തു തന്നെ മരിച്ചുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
വ്യാഴാഴ്ച്ച അര്‍ദ്ധ രാത്രിയോടെയായിരുന്നു സംഭവം. കല്യാണച്ചടങ്ങുകളുടെ ഭാഗമായി നടന്ന പരിപാടികള്‍ക്കിടയിലാണ് വെടിവെപ്പ് നടന്നത്. സ്ത്രീകളെ മനപ്പൂര്‍വ്വം കൊലപ്പെടുത്തിയതാണോ എന്ന് പൊലീസ് സംശയിക്കുന്നു. മുധാപാണ്ഡെ പൊലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇത്തരം വെടിവെപ്പില്‍ അപകടങ്ങളുണ്ടാവാറുണ്ടെങ്കിലും ആറു പേര്‍ക്ക് അപകടം പറ്റുന്നത് ആദ്യമായാണെന്ന് പൊലീസ് പറഞ്ഞു. സമാനമായ സംഭവത്തില്‍ കഴിഞ്ഞ ദിവസം ദല്‍ഹിയിലെ ഒരു വിവാഹച്ചടങ്ങിനിടെ വധു കൊല്ലപ്പെട്ടിരുന്നു.