പട്‌ന- ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ കൂടുമാറ്റവും തുടങ്ങുന്നു. ബിഹാറില്‍ നിന്നുളള മുന്‍ ബിജെപി എം പി ഉദയ് സിംഗാണ് പാര്‍ട്ടി ഭാരവാഹിത്വം രാജിവെച്ച് ഇന്ന് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ബിജെപി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് അടിമപ്പെട്ടു എന്നാരോപിച്ചാണ് ഉദയ് സിംഗിന്റെ രാജി. നിതീഷ് കുമാറുമായി അധികാരം പങ്കിടുന്നതില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അതൃപ്തി ഉണ്ടെന്ന് മുന്‍ എംപി പറഞ്ഞു. മുന്‍ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തകരുടെ അതൃപ്തി എന്നും അദ്ദേഹം പറഞ്ഞു.
'നിതീഷിന്റെ പാര്‍ട്ടിക്ക് വളരെ പെട്ടെന്നാണ് ജനസമ്മതി നഷ്ടപ്പെടുന്നത്. അദ്ദേഹത്തിന്റെ പാര്‍ട്ടിയോടൊപ്പം ചേരുന്നതോടെ ബിജെപിയും പ്രതിസന്ധിയിലാവും,' ഉദയ് സിംഗ് പറഞ്ഞു.
ഭാവി രാഷ്ട്രീയ പരിപാടികളെക്കുറിച്ച് ഒന്നും പറഞ്ഞില്ലെങ്കിലും മഹാസഖ്യത്തിന്റെ ടിക്കറ്റില്‍ സംസ്ഥാനത്ത് നിന്ന് മല്‍സരിക്കുന്നതിനെക്കുറിച്ച് അദ്ദേഹം സൂചന നല്‍കി.
കോണ്‍ഗ്രസ് അധ്യക്ഷനെ പുകഴ്ത്തിയ ഉദയ് സിംഗ് രാഹുല്‍ ഗാന്ധി കൂടുതല്‍ ജനപ്രിയനാവുകയാണെന്ന് പറഞ്ഞു. 'ഞാന്‍ ഒരിക്കലും കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന മുദ്രാവാക്യത്തെ അനുകൂലിച്ചിട്ടില്ല. പ്രതിപക്ഷം ഇല്ലാതായാല്‍ ജനാധിപത്യം നിലനില്‍ക്കുകയില്ല. ഭരണം ഏകാധിപത്യമായി മാറും,' അദ്ദേഹം പറഞ്ഞു.
ബിഹാറില്‍ ബിജെപിയും ജനതാദള്‍ യുനൈറ്റഡും ലോക് ജനശക്തി പാര്‍ട്ടിയും ഒന്നിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. കോണ്‍ഗ്രസും രാഷ്ട്രീയ ജനതാ ദളും മറ്റ് ചെറു കക്ഷികളും കൂടിയാവും ലോക സഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുക.