ഷൊര്‍ണൂരില്‍ നിന്ന് അങ്ങാടിപ്പുറം വഴി നിലമ്പൂരിലേക്ക് തേക്ക് കാടുകള്‍ക്കിടയിലൂടെയുള്ള യാത്ര ഒരു പ്രത്യേക അനുഭൂതിയാണ് പകരുന്നത്. ഒറ്റ കുഴപ്പമേയുള്ളു. ആദ്യമൊക്കെ കല്‍ക്കരി വണ്ടിയായിരുന്നു. പിന്നീട് പരിഷ്‌കരിച്ച് ഡീസല്‍ ട്രെയിനായി. അപ്പോഴും സ്പീഡ് കാര്യമായി കൂടിയില്ല. ഒരു വര്‍ഷത്തിനകം ഈ പാത വൈദ്യുതീകരിക്കുകയാണ് റെയില്‍വേ. കുതിക്കുന്ന വൈദ്യുതി തീവണ്ടികളായി നിലമ്പൂര്‍ റൂട്ടിലെ ട്രെയിനുകള്‍ മാറും.
ദക്ഷിണ റെയില്‍വേക്കു കീഴിലെ എട്ടു സെക്ഷനുകളിലായുള്ള 1,100 കീലോമീറ്റര്‍ പാത വൈദ്യുതീകരിക്കാനാണ് അനുമതി. സെന്‍ട്രല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് റെയില്‍വേ ഇലക്ട്രിഫിക്കേഷനാണു നിര്‍മാണ ചുമതല. കേരളത്തില്‍ ഷൊര്‍ണൂര്‍–നിലമ്പൂര്‍ (66 കി.മി) കൊല്ലം–പുനലൂര്‍(44 കി.മി) എന്നീ പാതകള്‍ വൈദ്യുതീകരിക്കും.
തിരുച്ചിറപ്പള്ളി–മാനാമധുര–വിരുദുനഗര്‍ (217 കി.മി), സേലം–വിരുദാചലം–കടലൂര്‍ പോര്‍ട്ട് (196 കി.മി), വിരുദുനഗര്‍–തെങ്കാശി (122 കി.മി), ചെങ്കോട്ട–തെങ്കാശി–തിരുനെല്‍വേലി–തിരുച്ചെന്തൂര്‍ (141 കി.മി), മധുര–മാനാമധുര–രാമേശ്വരം (161 കി.മി), പൊള്ളാച്ചി–പോത്തനൂര്‍ (40 കി.മി) എന്നിവയാണു മറ്റു പാതകള്‍.
വൈദ്യുതീകരണം പൂര്‍ത്തിയായാല്‍ പ്രവര്‍ത്തന ചെലവ് 15 ശതമാനവും, യാത്രാ സമയം 30 മിനിറ്റും കുറയുമെന്നാണു ദക്ഷിണ റെയില്‍വേ അവകാശപ്പെടുന്നത്. നിര്‍മാണം മാസങ്ങള്‍ക്കുള്ളില്‍ തുടങ്ങുമെന്നാണു സൂചന.