ന്യൂദല്‍ഹി- ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മകന്‍ വിവേക് ഡോവല്‍ ഡയറക്ടറായ കമ്പനിയുടെ അനധികൃത ഇടപാട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്ത്. ഇന്ത്യയില്‍ നോട്ട് നിരോധം പ്രഖ്യാപിച്ച ശേഷം വിവേക് ഡയറക്ടറായ കമ്പനിയില്‍ 8300 കോടി രൂപയുടെ വിദേശനിക്ഷേപമാണ് വന്നു ചേര്‍ന്നത്. നോട്ട് നിരോധം പ്രഖ്യാപിച്ച് 13 ദിവസത്തിനിടെ ബ്രിട്ടീഷ് അധീനതയിലുള്ള കെയ്‌മെന്‍ ദ്വീപില്‍ നിലവില്‍വന്ന കമ്പനിയുടെ പേരിലാണ് ഇത്രയും വലിയ തുകയുടെ നിക്ഷേപമെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നികുതിവെട്ടിപ്പുകാര്‍ പണം നിക്ഷേപിക്കുന്ന സ്ഥലമാണ് കരീബിയന്‍ കടലിലെ കെയ്‌മെന്‍ ദ്വീപ്. പ്രധാനമന്ത്രി നരേന്ദ്ര മോഡി നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ച് 13 ദിവസത്തിനുശേഷമാണ് ജി.എന്‍.വൈ. ഏഷ്യ എന്ന പേരില്‍ ഇവിടെ കമ്പനി രൂപവത്കരിച്ചത്. നാലാം മാസം മുതല്‍ ഈ കമ്പനിയില്‍നിന്ന് ഇന്ത്യയിലേക്ക് വിദേശനിക്ഷേപം വന്നു തുടങ്ങി. 2017 ഏപ്രില്‍ മുതല്‍ 2018 മാര്‍ച്ച് വരെയുള്ള കാലയളവില്‍ നേരിട്ടുള്ള വിദേശനിക്ഷേപമായി ദ്വീപില്‍നിന്നെത്തിയത് 8300 കോടി രൂപയാണെന്ന് റിസര്‍വ് ബാങ്ക് രേഖകള്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ 17 വര്‍ഷത്തിനിടയില്‍ വിദേശനിക്ഷേപമായി വന്ന അത്രയും തുക ഒരു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെത്തിയതെങ്ങനെയെന്ന് ജയറാം രമേഷ് ചോദിച്ചു. വിവേക് ഡോവവിലിനു പുറമെ ഡോണ്‍ ഡബ്ല്യു. ഇബാങ്ക്‌സ് എന്നയാളാണ് രണ്ടാമത്തെ ഡയറക്ടര്‍. ഇതാരാണെന്നു വ്യക്തമാക്കണമെന്നും ഇയാളുടെപേര് നികുതിവെട്ടിപ്പുകാരെ കുറിച്ചുള്ള പാനമ രേഖകളിലുമുണ്ടെന്നും ജയറാം രമേഷ് പറഞ്ഞു.
ഡോവലിന്റെ മറ്റൊരു മകന്‍ ശൗര്യയുടെ പേരില്‍ സിയൂസ് എന്ന പേരില്‍ കമ്പനിയുണ്ടെന്നും കോണ്‍ഗ്രസ് ആരോപിച്ചു. ജി.എന്‍.വൈ. ഏഷ്യയും സിയൂസും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോയെന്നു സര്‍ക്കാര്‍ വിശദീകരിക്കണം. നികുതി വെട്ടിപ്പുകാരുടെ നിക്ഷേപത്തിനു കുപ്രസിദ്ധമായ സ്ഥലത്തുനിന്ന് ഇത്രയും വലിയതുക ഇന്ത്യയില്‍ വിദേശനിക്ഷേപമായി വന്നത് സംശയകരമാണ്. കള്ളപ്പണം തടയാനെന്ന പേരില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച നോട്ട് നിരോധനത്തിനുപിന്നില്‍ കള്ളത്തരമുണ്ടോയെന്ന് ജയറാം രമേഷ് ചോദിച്ചു.
വിദേശത്തുള്ള ഇന്ത്യക്കാരുടെ കള്ളപ്പണത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ബി.ജെ.പി. രൂപവത്കരിച്ച സമിതിയില്‍ ഡോവലുമുണ്ടായിരുന്നുവെന്നും രാജ്യം ഭരിക്കുന്ന ത്രിമൂര്‍ത്തികളില്‍ ഒരാളാണ് ഡോവലെന്നും ജയറാം രമേഷ് പറഞ്ഞു.