ന്യുദല്‍ഹി- ശനിയാഴ്ച പശ്ചിമ ബംഗാളില്‍ നടക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ റാലിയിൽ പങ്കെടുക്കുമെന്ന് ബിജെപി എം പി ശത്രുഘ്‌നൻ സിൻഹ ആവർത്തിച്ചു. 'പാർട്ടിക്ക് രണ്ട് എം പിമാർ മാത്രം ഉള്ളപ്പോൾ പാർട്ടിയിൽ ചേർന്ന ആളാണ് താനെന്നും തന്റെ പാർട്ടിയോടുള്ള കൂറ് ആരും ചോദ്യം ചെയ്യേണ്ട' എന്നായിരുന്നു ബിജെപി എംപിയുടെ മറുപടി.
തനിക്ക് പുറമെ ആർ എസ് എസ്സിന്റെയും ബിജെപിയുടെയും നേതാക്കൾ റാലിയിൽ പങ്കെടുക്കുമെന്ന് സിൻഹ പറഞ്ഞു. മമത ബാനർജിയെ കുറിച്ചുള്ള ചോദ്യത്തിന് അവർ ദേശീയ നേതാവ് ആണെന്നായിരുന്നു ബോളിവുഡ് താരത്തിന്റെ മറുപടി. മമത പ്രധാനമന്ത്രി ആവുമോ എന്ന് ചോദിച്ചപ്പോൾ അത് ജനങ്ങളാണ് തീരുമാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ശത്രുഘ്‌നൻ സിൻഹക്ക് പുറമെ മുൻ ബിജെപി കേന്ദ്രമന്ത്രിമാരായ അരുൺ ഷൂരിയും യശ്വന്ത് സിൻഹയും റാലിയിൽ പങ്കെടുക്കും.
റാലി ബിജെപി വിരുദ്ധരുടെ ശക്തിപ്രകടനമാവുമെന്ന് സൂചനകള്‍. കോണ്‍ഗ്രസിനു പുറമേ, ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി, സമാജ് വാദി പാര്‍ട്ടി, രാഷ്ട്രീയ ജനതാ ദള്‍, ജനതാ ദള്‍ സെക്കുലര്‍, ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച, രാഷ്ട്രീയ ലോക്ദള്‍, നാഷണല്‍ കോണ്‍ഫറന്‍സ്, ദ്രാവിഡ മുന്നേറ്റ കഴകം, ആം ആദ്മി പാര്‍ട്ടി തുടങ്ങിയവ റാലിയില്‍ പങ്കെടുക്കും.
കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെക്ക് പുറമെ, എച്ച് ഡി ദേവ ഗൗഡ, കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാര സ്വാമി, ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ചയുടെ ബാബുലാല്‍ മറാണ്ടി, മുന്‍ കേന്ദ്ര മന്ത്രി യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി, അജിത് സിംഗ്, മുന്‍ കശ്മീര്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുളള, ഡിഎംകെ പ്രസിഡന്റ് എംകെ സ്റ്റാലിന്‍, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, എന്‍സിപി നേതാവ് ശരദ് പവാര്‍, യുപി മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ്, ആര്‍ജെഡി നേതാവ് തേജസ്വി യാദവ്, പട്ടേല്‍ സമര നേതാവ് ഹര്‍ദിക് പട്ടേല്‍ തുടങ്ങിയവര്‍ റാലിയില്‍ പങ്കെടുക്കും.
നേരത്തെ, കര്‍ണാടക മന്ത്രി സഭാ അധികാരമേല്‍ക്കുന്ന ചങ്ങില്‍ വിവിധ ബിജെപി വിരുദ്ധ പാര്‍ട്ടികളുടെ നേതാക്കള്‍ പങ്കെടുത്തിരുന്നു.
അതിനിടെ, ബിജു ജനതാ ദള്‍, തെലങ്കാന രാഷ്ട്ര സമിതി തുടങ്ങിയവയുടെ നേതാക്കള്‍ പങ്കെടുക്കുന്ന കാര്യത്തില്‍ ഇത് വരെ തീരുമാനം വന്നിട്ടില്ല.
ബിജെപിക്കെതിരെ ശക്തമായ ഫെഡറല്‍ സഖ്യം കൊണ്ടു വരാനാണ് മമതയുടെ ശ്രമം. വിവിധ സംസ്ഥാന മുഖ്യമന്ത്രിമാര്‍ നേരത്തെത്തന്നെ മമതയെ കണ്ട് ചര്‍ച്ച നടത്തിയിട്ടുണ്ട്.